തമിഴ്‌നാട്ടിലും ബ്ലോക്ക്ബസ്റ്റർ വിജയമാഘോഷിച്ച് ലക്കി ഭാസ്കർ; അപൂർവ നേട്ടവുമായി ദുൽഖർ സൽമാൻ.



തമിഴ്‌നാട്ടിലും ബ്ലോക്ക്ബസ്റ്റർ വിജയമാഘോഷിച്ച് ലക്കി ഭാസ്കർ; അപൂർവ നേട്ടവുമായി ദുൽഖർ സൽമാൻ.


ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ആഗോള തലത്തിൽ 110 കോടിയും കടന്നു പ്രദർശനം തുടരുകയാണ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം വമ്പൻ വിജയമാണ് നേടിയത്. കേരളത്തിൽ 20 കോടി ഗ്രോസ് നേടിയ ചിത്രം തമിഴ്‌നാട്ടിലും ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടുന്നത്. റിലീസ് ചെയ്ത് ഇരുപത്തിയഞ്ചോളം ദിവസങ്ങൾ പിന്നിട്ടിട്ടും തമിഴ്‌നാട്ടിൽ മികച്ച പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. തമിഴ് നാട്ടിൽ നിന്നും 15 കോടിക്ക് മുകളിലാണ് ചിത്രം നേടിയ ഗ്രോസ്. സോളോ ഹീറോ ആയി ഒരു അന്യ ഭാഷാ ചിത്രത്തിലൂടെ തമിഴ്‌നാട്ടിൽ ആദ്യമായി 15  കോടി ഗ്രോസ് നേടുന്ന മലയാള താരമായി ഇതോടെ ദുൽഖർ മാറി. അവിടെ അന്യ ഭാഷാ ചിത്രത്തിലൂടെ ആദ്യമായി 10 കോടി ഗ്രോസ് നേടിയ മലയാള താരവും ദുൽഖർ ആയിരുന്നു. 


നാലാം വാരത്തിലും മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് കേരളം, തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ ലഭിക്കുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ ചിത്രം അദ്ദേഹത്തിന്റെ ആദ്യ നൂറ് കോടി ചിത്രവുമാണ്. ബോക്സ് ഓഫീസ് പ്രകടനത്തിന് പുറമെ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായുള്ള തന്റെ ഗംഭീര പ്രകടനം കൊണ്ടും ദുൽഖർ സൽമാൻ പ്രേക്ഷക- നിരൂപക പ്രശംസ നേടി. ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രം, 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്‌ചാത്തലത്തിലാണ് കഥ പറയുന്നത്. 


വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചത്. അവതരണം ശ്രീകര സ്റ്റുഡിയോസ്.

No comments:

Powered by Blogger.