പായൽ കപാഡിയ ചിത്രം 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ഓൾ ഇന്ത്യ റിലീസ് നവംബറിൽ.


 

പായൽ കപാഡിയ ചിത്രം 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'  ഓൾ ഇന്ത്യ റിലീസ് നവംബറിൽ.


77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രമായ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' 2024നവംബറിൽപുറത്തിറങ്ങും .  റാണാ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയ വിതരണം ചെയ്യുന്ന ഈ ചിത്രം രാജ്യത്തുടനീളമുള്ള പ്രധാന നഗരങ്ങളിൽ പ്രദർശിപ്പിക്കും. അന്താരാഷ്ട്രചലച്ചിത്രോത്സവങ്ങളിലെ വിപുലമായ പ്രദർശനങ്ങൾക്ക് ശേഷമാണ് ചിത്രം ഓൾ ഇന്ത്യ തീയേറ്റർ റിലീസിനൊരുങ്ങുന്നത്.


കാൻ ഫിലിം ഫെസ്റ്റിവൽ മുതൽ ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ 2 ന് ഫ്രഞ്ച് തിയേറ്ററുകളിൽ അരങ്ങേറ്റം കുറിച്ച ഈ ചിത്രം അവിടെ കോണ്ടോർ ഡിസ്ട്രിബ്യൂഷൻ 185 തിയേറ്ററുകളിൽ റിലീസ് ചെയ്തു.  പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ നേടിയ ഈ ചിത്രം  ഫ്രാൻസിലെ മികച്ച ഇന്ത്യൻ ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു.


ഈ നവംബറിലെ ഇന്ത്യൻ റിലീസിനെക്കുറിച്ച് താൻ വളരെ ആവേശത്തിലാണ് എന്നും അത് കാണാൻ ധാരാളം ആളുകൾ എത്തുമെന്നാണ് താൻ  പ്രതീക്ഷിക്കുന്നതെന്നും സംവിധായിക പായൽ കപാഡിയ പറഞ്ഞു. ഏതൊരു ചലച്ചിത്ര നിർമ്മാതാവിനും ഇത് ഒരു അത്ഭുതകരമായ വികാരമാണ് എന്നും അവർ കൂട്ടിച്ചേർത്തു. വേർപിരിഞ്ഞ ഭർത്താവിൽ നിന്ന് അപ്രതീക്ഷിതമായ ഒരു സമ്മാനം ലഭിക്കുമ്പോൾ അസ്വസ്ഥയാകുന്ന നഴ്സ് പ്രഭയുടെ ജീവിതത്തെ പിന്തുടരുന്ന ചിത്രം, മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. പ്രഭയുടെ റൂംമേറ്റ് അനു, അവളുടെ കാമുകനുമായി അടുപ്പത്തിലാകാൻ നഗരത്തിൽ ഒരു സ്ഥലം കണ്ടെത്താൻ വ്യർത്ഥമായി ശ്രമിക്കുന്നു. ആശുപത്രിയിലെ പാചകക്കാരിയായ പാർവതി, പ്രഭയുടെ സുഹൃത്തും വിശ്വസ്തയുമാണ്. മൂന്ന് സ്ത്രീകളും രത്നഗിരിയിലെ ഒരു ബീച്ച് ടൌണിലേക്ക് അപ്രതീക്ഷിതമായ ഒരു യാത്ര നടത്തുന്നതും, അത് അവരുടെ ജീവിത തിരഞ്ഞെടുപ്പുകളെക്കുറിച്ച് ചിന്തിക്കാനുള്ള അവസരം അവർക്ക് നൽകുന്നതുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.


മാമിയിൽ നിന്ന് ആരംഭിച്ച് ഈ നവംബറിൽ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ഇന്ത്യൻ പ്രേക്ഷകർക്ക് മുന്നിൽ കൊണ്ടുവരുന്നതിൽ തങ്ങൾ ഏറെ ആവേശഭരിതരാണെന്ന് സ്പിരിറ്റ് മീഡിയ സ്ഥാപകൻ റാണാ ദഗ്ഗുബതി പറഞ്ഞു. അവിശ്വസനീയമായ ഈ ചിത്രവുമായുള്ള പങ്കാളിത്തം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആകർഷകവും ചലനാത്മകവുമായ കഥകൾ എല്ലായിടത്തുമുള്ള പ്രേക്ഷകർക്ക് എത്തിക്കാനുള്ള തങ്ങളുടെ  ശ്രമങ്ങളുടെ ഒരു ചുവടുവെപ്പാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


തോമസ് ഹക്കിം, ജൂലിയൻ ഗ്രാഫ് (പെറ്റിറ്റ് കായോസ്), സീക്കോ മൈത്ര (ചാക്ക് ആൻഡ് ചീസ് ഫിലിംസ്), രണബീർ ദാസ് (അനദർ ബർത്) എന്നിവർ കഴിഞ്ഞ അഞ്ച് വർഷങ്ങളായി പായൽ കപാഡിയക്കൊപ്പം സഞ്ചരിച്ചാണ് ഈ മനോഹരമായ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 


2024 നവംബറിൽ ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യാൻ തയ്യാറെടുക്കുമ്പോൾ, ജീവിതത്തിന്റെ സങ്കീർണ്ണമായ വികാരങ്ങളെക്കുറിച്ച് ചിന്തനീയമായ പ്രതിഫലനം നൽകുന്ന, ഒന്നിലധികം ഭാഷകളും വ്യക്തിഗത ചരിത്രങ്ങളും സമന്വയിപ്പിച്ചു കൊണ്ട് മനോഹരമായി രൂപകൽപ്പന ചെയ്ത ഒരു ചലച്ചിത്രാനുഭവം തന്നെ ഇന്ത്യൻ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

No comments:

Powered by Blogger.