ചേച്ചി, നന്ദി ആ നല്ല ഓർമ്മകൾക്ക്, സൗഹൃദങ്ങൾക്ക്. വിട പറയാൻ വാക്കുകളില്ല! എന്നാലും നീ എന്നെ.. ആ വാക്കുകൾ മതി എനിക്ക്. ആദരാഞ്ജലികൾ! : സെന്നി വർഗ്ഗീസ് .
പോയസ് ഗാർഡനിലെ ജയലളിതയുടെ വസതിയായ വേദ നിലയത്തിനോട് ചേർന്ന ജയ ടി വി ഓഫീസിൽ നിന്നും മൗണ്ട് റോഡിലെ ഡി എം എസ് എന്ന സ്ഥലത്തേക്കുള്ള പതിവ് യാത്രയിലാണ് ശിവശങ്കർ റോഡ് ശ്രദ്ധിക്കുന്നത്.
പിന്നീട് ഈ റോഡിന് അരികിലെ വീട്ടിലാണ് ആദ്യമായി കവിയൂർ പൊന്നമ്മ ചേച്ചിയെ ഞാൻ കാണുന്നത്. 20 കൊല്ലം മുൻപുള്ള കഥയാണ്. കേരള കൗമുദിയുടെ വെള്ളിനക്ഷത്രം സിനിമ വാരികയുടെ ഓണ പതിപ്പിലേക്കുള്ള മാറ്ററിനാണ് ആദ്യം എത്തുന്നത്.
ഞായറാഴ്ച. സമയം വൈകുന്നേരം. ടി വി യിൽ അന്ന് തനിയാവർത്തനം എന്ന സിനിമയാണ് സംപ്രേക്ഷണം. സംസാരിക്കുന്നതിനിടെ സിനിമയുടെ ക്ലൈമാക്സ് എത്തുന്നു. എന്റെ ശ്രദ്ധ മമ്മൂട്ടിയുടെ മകൻ കഥാപാത്രത്തിന് അമ്മ വേഷം ചെയ്യുന്ന കവിയൂർ പൊന്നമ്മ ഭക്ഷണം നൽകുന്ന സീനാണ്. ആ നിമിഷങ്ങൾ ഉണർത്തുന്ന വിഹ്വലതയിലായിരിക്കും ഏതൊരു പ്രേക്ഷകനും. എനിക്കും അങ്ങനെ തന്നെയായിരുന്നു . എന്നെ അമ്പരപ്പിച്ച് ആ സിനിമ ശ്രദ്ധിക്കാതെ ആ സമയം ടി വി യിലേക്ക് നോക്കുക പോലും ചെയ്യാതെ ചേച്ചി ഒരു മൂളിപ്പാട്ട് പാടി വീടിന് അകത്തേക്ക് പോയി. എനിക്ക് അതൊരു കൗതുകമായി തോന്നി. ഇപ്പോഴും അത് അങ്ങനെ തന്നെ . മറ്റൊരു സിനിമാക്കാരനും ഇങ്ങനെ തന്റെ കഥാപാത്രത്തെ അവഗണിക്കുന്നത് ഞാൻ കണ്ടിട്ടില്ല.
അകത്തേക്ക് പോയ ചേച്ചി പിന്നെ ഭക്ഷണവുമായി വന്നു. ജീവിതത്തിൽ അതൊരു നല്ല സൗഹൃദത്തിന്റെ തുടക്കമായിരുന്നു.
ചേച്ചി കുട്ടിക്കാലം ചിലവഴിച്ച പല പ്രദേശങ്ങളും എനിക്ക് ചെറിയ പരിചയമുള്ളവയായിരുന്നു. പൊൻകുന്നത്ത് നിന്നും കോട്ടയത്തേക്ക് വരുന്ന (കെ കെ റോഡ് ) വഴിയിൽ ഇറക്കം ഇറങ്ങി വരുമ്പോൾ വലതു ഭാഗത്ത് ഒരു കുരിശ്തൊട്ടിയുണ്ട്. അതിന് എതിർഭാഗത്ത് കാണുന്ന വീട്ടിലാണ് അവർ മാതാ പിതാക്കൾക്കൊപ്പം കുട്ടിക്കാലം ചിലവഴിച്ചത്. ഇപ്പോൾ ആ വീട് പുതുക്കി പണിതിരിക്കുന്നു. ചേച്ചിക്ക് അത് വാടക വീടായിരുന്നു. ഞാൻ പിന്നീട് 2 തവണ ആ വീട്ടിൽ പോയി. ആദ്യം ചേച്ചിയുടെ നിർദ്ദേശ പ്രകാരം. കവിയൂർ പൊന്നമ്മ ചേച്ചി ഇവിടെ താമസിച്ചിരുന്നു എന്ന് ചെന്ന് പറഞ്ഞപ്പോൾ ആ വീട്ടുകാർക്ക് അക്കാര്യം അറിവുള്ളതാണ്. രണ്ടാമത്തെ തവണ ചേച്ചിക്ക് ഒപ്പമായിരുന്നു സന്ദർശനം.
എന്റെ ആദ്യ സിനിമയുടെ ലൊക്കേഷനിൽ പൊൻകുന്നവും ഉൾപ്പെട്ടിരുന്നു. ദൈവ സഹായം ഹോട്ടലിൽ അവർ അച്ഛനൊപ്പം സ്ഥിരം എത്തുമായിരുന്നു. ആ ഹോട്ടലിന് മുകളിൽ പ്രവർത്തിക്കുന്ന സ്വർണാഭരണ ശാലയിൽ ഞങ്ങൾ ഷൂട്ട് ചെയ്തിരുന്നു. ഞാൻ അപ്പോൾ മനസിൽ ചേച്ചിയെ ഒപ്പം കൂട്ടി.
അച്ഛൻ ആയിരുന്നു അവരുടെ ബലം. കുട്ടിക്കാലത്ത്, നാലോ അഞ്ചോ വയസുള്ളപ്പോൾ അച്ഛന്റെ തോളിലേറി പോകുമ്പോഴാണ് ആദ്യമായി അവർ ഹാർമോണിയം വായന കേൾക്കുന്നത്. മകളുടെനിർബന്ധംസഹിക്കാനാകാതെ അച്ഛൻ പൊന്നമ്മയെയും കൂട്ടി ആ ശബ്ദം കേൾക്കുന്ന വീട്ടിലേക്ക് ചെന്നു. അതൊരു നാടക ക്യാമ്പ് ആയിരുന്നു. തന്നെ കലയുടെ ലോകത്തേക്ക് കൂട്ടിയത് ആ ഹാർമോണിയത്തിൽ നിന്നും ഉയർന്ന സംഗീതമാണെന്ന് അവർ പിന്നീട് എത്രയോ തവണ പറഞ്ഞിരിക്കുന്നു..
ഞങ്ങളുടെ കൂടിക്കാഴ്ചകൾ പതിവായപ്പോഴാണ് അവർ തന്റെ ജീവിത കഥകൾ പറയാൻ തുടങ്ങിയത്. ഒരിക്കൽ വെള്ളിനക്ഷത്രം എഡിറ്റർ പ്രസാദ് ലക്ഷ്‌മണോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് അവരുടെ ജീവിത കഥ പ്രസിദ്ധീകരിക്കാമെന്ന ആലോചന തുടങ്ങിയത്. അവർ സമ്മതിക്കുമോ എന്ന് സംശയം ഉണ്ടായിരുന്നു. കരുതിയത് പോലെ ആദ്യം അവർക്ക് സമ്മതമായിരുന്നില്ല. പിന്നെ നിർബന്ധത്തിന് വഴങ്ങി. അത് വാരികയിൽ പ്രസിദ്ധീകരിച്ചു.
ചെന്നൈയിലെ ശിവശങ്കർ റോഡിനു അരികിലെ വാടക വീട്ടിൽ ഇരുന്ന് അവർ താൻ കടന്ന് പോയ പാതകളെ കുറിച്ച് പറയാൻ തുടങ്ങി. ആദ്യം പാട്ട് പഠിക്കാൻ പോയത്, നൃത്ത പഠനം. തുടർന്ന് നാടകത്തിൽ, പിന്നെ സിനിമയിൽ. പൊന്നമ്മയുടെ കരുത്തിൽ കുടുംബം ദാരിദ്ര്യത്തിൽ നിന്ന്, സാമ്പത്തിക പരാധീനതയിൽ നിന്ന് രക്ഷപ്പെടുമെന്ന് കരുതു മ്പോഴാണ് നിർമ്മാതാവായ മണി സ്വാമിയുമായുള്ള വിവാഹം. പിന്നീട് മകൾ ബിന്ദുവിന്റെ ജനനം, വിവാഹ ജീവിതത്തിലെ അസ്വസ്ഥതകൾ . ജീവിതത്തിൽ അവർ നേരിട്ട ഭീകര അവസ്ഥകൾക്ക് സമാനമായ കാര്യങ്ങൾ ഞാൻ മറ്റൊരാളിൽ കേട്ടിട്ടില്ല. കണ്ടിട്ടില്ല. ജീവിതത്തിൽ ഓരോ ദിനവും പ്രതിസന്ധികളും പ്രശ്നങ്ങളുമായിരുന്നു. ഒരു സ്ത്രീ നേരിടേണ്ടി വരുന്ന ജീവിതാവസ്ഥകൾ അവരാണ് എനിക്ക് കാട്ടിത്തന്നത്.
പക്ഷേ അതിനേക്കാളേറെയൊക്കെ ചേച്ചിയെ തകർത്തത് കൊച്ചു മകൻ ശിവ ശങ്കരന്റെ വിടവാങ്ങലാണ്. അപ്രതീക്ഷിതമായിരുന്നു ആ മരണം.
കുട്ടിക്കാലത്ത് സ്കൂളിൽ നിന്നും മടങ്ങുമ്പോൾ മരങ്ങളോടും ചെടികളോടും കൂട്ടു കൂടിയിരുന്നു അവർ. വീട്ടിൽ എത്താൻ വൈകുമ്പോൾ അമ്മയുടെ ശകാരം. അവിടെയും താങ്ങും തണലുമായത് അച്ഛൻ ആയിരുന്നു. മകളുടെ വാശിയിൽ മാത്രം നടന്ന വിവാഹത്തെ തുടർന്ന് ആ അച്ഛൻ മാനസികമായും ശാരീരികമായും തളർന്നു . ജീവിതത്തിന്റെ അവസാന നാളുകളിലും ചേച്ചിയെ അച്ഛന്റെ ഓർമ്മകൾ വേട്ടയാടി.
ഒരു ദിവസം വൈകുന്നേരം ഏറെ വൈകി ചേച്ചി പുറത്തേക്ക് പോകുമ്പോൾ കാറിൽ എന്നെയും കയറ്റി. അന്ന് സുഹൃത്തുക്കൾ ക്കൊപ്പമാണ് എന്റെ വാസം. സൂര്യ ടി വി യിലെ എന്റെ സഹ പ്രവർത്തകർ സനിൽ എബ്രഹാം, ശ്രീകുമാർ, ജോർജ് ജോസഫ്, മനോജ് മാത്യു, മനോജ് ഭാരതി സിനിമ സംവിധായകൻ രാജേഷ് കെ എബ്രഹാം തുടങ്ങിയവരാണ് ഒപ്പം. യാത്ര തുടങ്ങിയപ്പോഴാണ്
ഞാൻ താമസിക്കുന്ന വീട് കൂടി കാണാൻ എന്ന പേരിൽ പുറപ്പെട്ടതാണെന്ന് മനസിലായത്. എനിക്ക് തീരെ താല്പര്യം തോന്നിയില്ല. കാരണം താഴത്തെ നിലയിൽ വീടിന്റെ ഉടമ വൽസേട്ടൻ കുടുംബം അദ്ദേഹത്തിന്റെ മാതാ പിതാക്കൾ തുടങ്ങിയവർ ഉണ്ടാകും. പിന്നെ സമീപ വാസികൾ. എന്ത് പറഞ്ഞു ന്യായീകരിക്കും എന്നായിരുന്നു എന്റെ ചിന്ത. സന്ദർശനത്തിൽ എനിക്ക് തീരെ താല്പര്യമില്ല എന്ന് ചേച്ചിക്ക് മനസിലായി. ലിറ്റിൽ മൗണ്ട് ശ്രീനഗർ കോളനിയോട് ചേർന്ന് ഞാൻ താമസിക്കുന്ന മൂന്നാം സ്ട്രീറ്റ്ന് അരികിൽ കാർ നിർത്തി. അവർ എന്നോട് പൊയ്ക്കൊള്ളാൻ പറഞ്ഞു. ഞാൻ അവിടെ ഇറങ്ങി. അവർ തിരികെ പോയി. പിന്നീട് പലപ്പോഴും അവർ കളിയാക്കി പറയും.. എന്നാലും നീ എന്നെ ….
സമീപ കാലത്ത് ചേച്ചിയെ സുഹൃത്ത് രാജേഷ് കണ്ടപ്പോൾ വെള്ളി നക്ഷത്രത്തിൽ പ്രസിദ്ധീകരിച്ച ഓർമ്മകൾ ഓർമ്മപ്പെടുത്തി. രാജേഷിൽ നിന്ന് എന്റെ നമ്പർ വാങ്ങി ചേച്ചി അപ്പോൾ തന്നെ വിളിച്ചു. ഞങ്ങളിൽ ചിലർ ജീവിച്ചിരിപ്പുണ്ട് കേട്ടോ എന്ന് പറഞ്ഞു. മറുപടി പറയാൻ ഒന്നുമില്ല. ഒരിക്കലെങ്കിലും വിളിക്കാൻ തോന്നിയില്ല അല്ലേ എന്നവർ ചോദിച്ചപ്പോൾ ഞാൻ ഇളിഭ്യനായി നിന്നു. കാൾ അവസാനിപ്പിക്കുമ്പോൾ ചേച്ചി പറഞ്ഞു. എന്നാലും നീ എന്നെ ..
അവർ അത് മറന്നിട്ടില്ല.
ആ സംഭാഷണത്തിലും
ശിവശങ്കർ റോഡിന്റെ കാര്യം ചേച്ചി പറഞ്ഞു. ശിവശങ്കർ എന്ന കൊച്ചു മകന്റെ അരികിലേക്ക് ഇപ്പോൾ ചേച്ചിയും.
ചേച്ചി, നന്ദി ആ നല്ല ഓർമ്മകൾക്ക്, സൗഹൃദങ്ങൾക്ക്. വിട പറയാൻ വാക്കുകളില്ല! എന്നാലും നീ എന്നെ.. ആ വാക്കുകൾ മതി എനിക്ക്. ആദരാഞ്ജലികൾ!
പ്രിയപ്പെട്ട സെന്നി വർഗ്ഗീസിൻ്റെ facebook post .
No comments: