നാടകകൃത്തും നോവലിസ്‌റ്റും സാംസ്കാരിക പ്രവർത്തകനുമായ കെ.ജെ. ബേബി (കനവ് ബേബി– 70) അന്തരിച്ചു.




കൽപറ്റ: നാടകകൃത്തും നോവലിസ്‌റ്റും സാംസ്കാരിക പ്രവർത്തകനുമായ കെ.ജെ. ബേബി (കനവ് ബേബി– 70) അന്തരിച്ചു. 


ഇന്നു രാവിലെയാണ് അദ്ദേഹത്തെ നടവയലിലെ വീടിനോടു ചേർന്നുള്ള കളരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോൺ എബ്രഹാം സംവിധാനം ചെയ്യാൻ തിരക്കഥ പൂർത്തിയാക്കിയ കയ്യൂർ എന്ന സിനിമയിലെ നായകരിൽ ഒരാൾ ബേബിയായിരുന്നു . ചിത്രം പൂർത്തിയായില്ല . 


1994 ൽ ആദിവാസി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി വയനാട്ടിലെ ചിങ്ങോട് സ്ഥാപിച്ച കനവ് എന്ന സമാന്തര വിദ്യാലയമാണ് കെ ജെ ബേബിയേയും ജീവിത പങ്കാളിയായ ഷേർളിയേയും ദേശീയ തലത്തിൽ ശ്രദ്ധേയമാക്കുന്നത്  . കാടിന്റെ മക്കൾക്ക് ക്ലാസുമുറികളിലെ അടിച്ചേൽപ്പിച്ച അച്ചടക്കമല്ല വേണ്ടത് എന്ന ബോധ്യമാണ് കനവെന്ന ബദൽ വിദ്യാഭ്യാസ പ്രസ്ഥാനം രൂപവൽക്കരിക്കാൻ കാരണമായത് . തങ്ങളുടെ സംസ്കാരത്തിന്റെ വൈവിധ്യങ്ങളെ മനസ്സിലാക്കാനും സാംസ്‌കാരികമായ അധിനിവേശങ്ങളെ തടയാൻ ആദിവാസികളെ പ്രാപ്തരാക്കാനും ഈ ആശയത്തിലൂടെ കെ ജെ ബേബി ലക്ഷ്യം വെച്ചിരുന്നു. ഗുരുകല സമ്പ്രദായമെന്ന ആശയമാണ് കനവ് മുന്നോട്ട് വെച്ചിരുന്നത്. ഗോത്രവിഭാഗങ്ങളുടെ തനതായ പാട്ടുകൾ, നാടോടിക്കലകൾ, നൃത്തരൂപങ്ങൾ, ചിത്രകല, കൃഷി, ആയുധനകലകൾ തുടങ്ങിയവയുടെ പരിശീലനത്തിലൂടെ ബദൽ പഠനരീതിയാണ് കനവ് വിഭാവനം ചെയ്തത് .


സിനിമയെ ഏറെ ഇഷ്ടപ്പെട്ട ബേബി ലോക ക്‌ളാസിക്‌ സിനിമകൾ കനവിലെ കുട്ടികൾക്ക് വേണ്ടി പ്രദർശിപ്പിക്കുകയും ഇന്ത്യയിലെ പ്രശസ്തരായ ചലച്ചിത്ര പ്രവർത്തകരെ കൊണ്ടുവന്ന് ചർച്ചകൾ സംഘടിപ്പിക്കുകയും ചെറുചിത്രങ്ങൾ ഒരുക്കാൻ  കുട്ടികളെ പ്രേരിപ്പിക്കുകയും ചെയ്തു . സംവിധായിക ലീല സന്തോഷ് അടക്കം ധാരാളം പ്രതിഭകൾ കനവിന്റെ സംഭാവനകളാണ് . കേരളത്തിൽ ആദ്യമായി സ്കൂൾ വിദ്യാഭ്യാസത്തിൽ സിനിമ ഉൾപ്പെടുത്തിയത് കെ ജെ ബേബിയുടെ കനവ്‌ ആണ് . 


ഏറെ ജനപ്രിയമായ നാട് എൻ വീട് .., എൻ വയനാട്  എന്ന പാ‍ട്ടുമായി കുട്ടികൾക്കൊപ്പം ബേബി നാടാകെ പാടി ആദിവാസി ജീവിതത്തെയും പ്രശ്നങ്ങളെയും ജനകീയവത്കരിച്ചു . വയനാട്ടിലെ ആദിവാസി ജീവിതത്തെ പക‍‌‍ർത്തിയ കൃതികളിൽ ഏറ്റവും സവിശേഷമായ സ്ഥാനമുണ്ട് കെ ജെ ബേബിയുടെ മാവേലി മൻറം എന്ന കൃതിക്ക്. വയനാട്ടിലെ ആദിവാസി ജീവിതം മലയാള സാഹിത്യത്തിൽ പലപ്പോഴും ഇടം നേടിയിട്ടുണ്ടെങ്കിലും സവിശേഷമായ രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടോടെ വയനാടൻ ആദിവാസി ജനതയെ സമീപിച്ച നോവലായിരുന്നു കെ ജെ ബേബിയുടെ മാവേലി മൻറം. വയനാടൻ ​ഗോത്രജനത അവരുടെ നഷ്ട സ്വ‍ർ​​ഗ്ഗത്തെക്കുറിച്ചുള്ള വിലാപമാണ് നോവൽ പ്രതിഫലിപ്പിക്കുന്നത്. ​കെ ജെ ബേബിയുടെ നാടകമായ നാടു​ഗദ്ദികയുടെ വികസിത രൂപമായും മാവേലി മന്റം വായിക്കപ്പെട്ടു. മലയാളത്തിലെ ദളിത്‌ സാഹിത്യം ചർച്ച ചെയ്യുമ്പോൾ ഏറ്റവും സവിശേഷമായി പറഞ്ഞു പോകേണ്ട കൃതിയെന്ന നിലയിലും മാവേലി മൻറം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമി അവാ‍‍‍‍‍‍ർ‌ഡും മുട്ടത്ത് വർക്കി അവാർഡും മാവേലി മൻറത്തിന് ലഭിച്ചിരുന്നു.


‘ഗുഡ്ബൈ മലബാർ’ ആണ് ബേബിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പുസ്തകം. മലബാർ മാന്വൽ രചിച്ച വില്യം ലോഗൻ്റെ ഭാര്യ അന്നയുടെ കാഴ്ചകളിലൂടെയാണ് ഈ നോവൽ സഞ്ചരിക്കുന്നത്. ലോഗന്റെ  സംഘർഷഭരിതമായ ജീവിതവും ആ കാലഘട്ടത്തിന്റെ  സാമൂഹിക സാഹചര്യങ്ങളുമാണ് നോവൽ പ്രതിപാദിക്കുന്നത്. ബ്രിട്ടീഷ് കാലത്തെ സാമൂഹിക ജീവിതവും ഒരു ജനതയിൽ അവർ തീർത്ത മതപരമായ വിള്ളലുകളും ‘ഗുഡ്ബൈ മലബാർ’ വായിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട്.


കണ്ണൂരിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27നാണ് ബേബിയുടെ ജനനം. 1973-ലാണ് കുടുംബം വയനാട്ടിലേക്ക്  കുടിയേറുന്നത് . 70കളുടെ അവസാനം കേരളം മുഴുവൻ ചർച്ച ചെയ്‌ത നാടുഗദ്ധികയെന്ന തെരുവ് നാടകവുമായി നാട് ചുറ്റിയ ബേബി നർമ്മദാ ബചാവോ സമരസമിതിയുടെ കൂടെ മഹാരാഷ്ട്രയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും  പ്രവർത്തിച്ചിട്ടുണ്ട് .


2006ൽ കനവിന്റെ  പ്രവർത്തനങ്ങളിൽ നിന്നും കെ ജെ ബേബി പിൻമാറി. അദ്ദേഹം പഠിപ്പിച്ച മുതിർന്ന വിദ്യാർത്ഥികളെ ചുമതലയേൽപ്പിച്ചായിരുന്നു പിന്മാറ്റം. 


കുടിയേറ്റ കർഷക കുടുംബത്തിൽ പിന്ന  ബേബി മണ്ണിന്റെ മനുഷ്യരുടെ ദൈന്യത ഉൾക്കൊണ്ട കലാകാരനായിരുന്നു  വ്യവസ്ഥയെ ചോദ്യം ചെയ്തും നിരാലംബരായ മനുഷ്യർക്ക് വേണ്ടി അലിവോടെ നിലകൊണ്ടും  ജീവിച്ച മനുഷ്യപ്പറ്റുള്ള ഒരു ദാർശനികനായിരുന്നു. 


ഭാര്യ : പരേതയായ ഷേർളി മേരി ജോസഫ്‌ 

മക്കൾ : ശാന്തി പ്രിയ , ഗീതി പ്രിയ



No comments:

Powered by Blogger.