ജി. പ്രജേഷ് സെന്നിൻ്റെ " ഹൗഡിനി " തുടങ്ങി.


 



ജി. പ്രജേഷ് സെന്നിൻ്റെ " ഹൗഡിനി " തുടങ്ങി. 




മലയാളി പ്രേക്ഷകന് എന്നം നെഞ്ചോടു ചേർത്തു വയ്ക്കുവാൻ ഒരു പിടി ചിത്രങ്ങൾ സംവിധാനം ചെയ്ത ജി. പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ  ഹൗഡിനി കോഴിക്കോട്ടാരംഭിച്ചു. 


ക്യാപ്റ്റൻ ,ബള്ളം, മേരി ആവാസ് സുനോ എന്നീ ചിത്രങ്ങളാണ് പ്രജേഷ് സെന്നിൻ്റെ ചിത്രങ്ങൾ .ശ്രീകൃഷ്ണ ജയന്തി ദിനമായ സെപ്റ്റംബർ ആറ് ബുധനാഴ്ച ജാഫർ ഖാൻ കോളനിയിലെ ലയൺസ് ക്ലബ്ബ് ഹാളിലായിരുന്നു തുടക്കം.



ഗുരുസ്മരണയിൽതുടക്കം. 


പ്രജേഷ് സെന്നിൻ്റെ ഗുരുനാഥനായ അനശ്വരനായ സംവിധായകൻ സിദ്ദിഖിൻ്റെ അനുസ്മരണത്തിലാണ് ചിത്രീകരണത്തിനു തുടക്കമായത്. ഫുട്ബോൾ പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അനശ്വരനായ വി.പി.സത്യന്റെ ഭാര്യ അനിത സത്യൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.ബിജിത്ത് ബാല ഫസ്റ്റ് ക്ലാപ്പും നൽകി.


ബോളിവുഡ് സംവിധായകൻ ആനന്ദ് എൽ .റായിയുടെ നിർമ്മാണക്കമ്പനിയായ കളർയെല്ലോ പ്രൊഡക്ഷൻസും കർമ്മ മീഡിയാ ആൻ്റ് എൻ്റർടൈൻമെൻ്റ്സിനൊപ്പം ഷൈലേഷ്.ആർ.സിങ്ങും പ്രജേഷ് സെൻ മൂവിക്ലബ്ബും സഹകരിച്ചാണ് ഈ ചിത്രം ഒരുക്കുന്നത്.


പ്രജേഷ് സെന്നിൻ്റെ കഴിഞ്ഞ മൂന്നു ചിത്രങ്ങളിലേയും നായകൻ ജയസുര്യയായിരുന്നുവെങ്കിൽ ഈ ചിത്രത്തിൽ ആസിഫ് അലിയാണ് നായകനാകുന്നത്.മാജിക്കാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം.



ഒരു ചെറുപ്പക്കാരൻ്റെ ജീവിതത്തിൽ മാജിക്ക് ഉണ്ടാക്കുന്ന സ്വാധീനവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും സംഘർഷങ്ങളുമാണ്‌ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മജീഷ്യൻ അനന്തൻ എന്ന കഥാപാത്രത്തെ ആസിഫ് അലി ഭദ്രമാക്കുന്നു .തമിഴിലേയും, മലയാളത്തിലേയും പ്രമുഖ താരങ്ങൾ ഈ ചിത്രത്തിലുണ്ട്. ഗുരു സോമസുന്ദരം, ജഗദീഷ്, ശ്രീകാന്ത് മുരളി' തുടങ്ങിയവർ അക്കൂട്ടത്തിലെ പ്രധാനികളാണ്. തെരഞ്ഞെടുത്ത ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.


ബിജിപാലിന്റേതാണ് സംഗീതം

നൗഷാദ് ഷെരിഫ് ഛായാഗ്ദഹണം നിർവ്വഹിക്കുന്നു .എഡിറ്റിംഗ്  ബിജിത്ത് ബാല,കലാസംവിധാനം  ത്യാഗു തവനൂർ,മേക്കപ്പ്  അബ്ദുൾ റഷീദ്, കോസ്റ്റ്യും ഡിസൈൻ  ആഫ്രിൻ കല്ലാൻ ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ  ഗിരീഷ് മാരാർ,ടൈറ്റിൽ ഡിസൈൻ  ആനന്ദ് രാജേന്ദ്രൻ , നിശ്ചല ഛായാഗ്രഹണം  ലിബിസൺ ഗോപി ,ഡിസൈൻ താമിർ ഓക്കെ, പബ്ലിസിറ്റി ഡിസൈൻ - ബ്രാൻ്റ് പിക്സ്പ്രൊഡക്ഷൻ മാനേജർ - ശ്രീജേഷ് ചിറ്റാഴ ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്  മനോജ്.എൻ, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട് .


കോഴിക്കോട്, മുംബൈ, രാജസ്ഥാൻ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.


വാഴൂർ ജോസ്.

ഫോട്ടോ - ലിബിസൺ ഗോപി.


No comments:

Powered by Blogger.