സത്യൻമാഷിന് സ്മരണാഞ്ജലി .
മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാവാനുള്ള നിയോഗമായിരുന്നു സത്യൻ എന്ന പേരിനുണ്ടായിരുന്നത്. വിദ്വാൻ പരീക്ഷ പാസായി തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിൽ അധ്യാപകനായി ജീവിതമാരംഭിച്ച സത്യനേശൻ പിന്നീട് സർക്കാരുദ്യോഗസ്ഥനായി. ഒരു വർഷത്തിനു ശേഷം ആ ജോലി രാജിവെച്ച അദ്ദേഹം 1941ൽ പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോകയുദ്ധത്തിനു ശേഷം പട്ടാളത്തിൽ നിന്നും വിരമിച്ച് തിരുവിതാംകൂറിൽ തിരിച്ചെത്തി സ്റ്റേറ്റ് പോലീസിൽ ചേർന്നു. 1947-48 കാലഘട്ടത്തിൽ ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായിരുന്നു.
പോലീസിലായിരുന്ന കാലത്ത് നാടകങ്ങളിൽ അഭിനയിച്ചിരുന്നു. ആലപ്പുഴയിലുള്ള സമയത്ത് ചലച്ചിത്ര-നാടക നടനും ഗായകനും എഴുത്തുകാരനുമായിരുന്ന സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരെ പരിചയപ്പെടാനിടയായി. അദ്ദേഹമാണ് സിനിമാലോകത്തുള്ള പലരുമായി സത്യനേശനെ ബന്ധപ്പെടുത്തിക്കൊടുത്തത്. അങ്ങനെ 1951ൽ ജോലി രാജിവെച്ച് സത്യൻ എന്ന പേരു സ്വീകരിച്ച അദ്ദേഹം കൗമുദി ബാലകൃഷ്ണൻ നിർമ്മിച്ച ത്യാഗസീമ എന്ന ചിത്രത്തിൽ അഭിനയിച്ചു.
സൗന്ദര്യമോ ആകാരഗാംഭീര്യമോ ഒന്നുമില്ലാത്തയാള്‍ക്കും സിനിമാ നടനാകാമെന്ന് മലയാള സിനിമയില്‍ ആദ്യമായി തെളിയിച്ച നടനാണ് സത്യനേശന്‍നാടാരെന്ന സത്യന്‍. സൂക്ഷ്മായ ഭാവാഭിനയത്തില്‍ ഈ അനശ്വര താരത്തെ കവച്ചുവയ്ക്കാന്‍ മറ്റൊരാള്‍ മലയാളസിനിമയിലുണ്ടായിട്ടില്ല. സത്യന്‍ ഒഴിച്ചിട്ടുപോയ കസേര ഇപ്പോഴും മലയാള ചലച്ചിത്രലോകത്ത് ഒഴിഞ്ഞു കിടക്കുകയാണെന്ന് പറയുന്നതും അതിനാലാണ്. മലയാളസിനിമയിലെ ഈ പ്രതിഭാധനന്‍ മറഞ്ഞുപോയിട്ട് നാല്‍പത്തി എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. അദ്ദേഹത്തെ ഓര്‍ക്കാതെ മുന്നോട്ടു പോകാന്‍ മലയാള സിനിമയെ സ്നേഹിക്കുന്നവര്‍ക്കാര്‍ക്കും കഴിയില്ല.
ഒരു സിനിമാനടനുവേണ്ടിയിരുന്നതെന്ന് സമൂഹം കരുതിയിരുന്ന നിറമോ ഉയരമോ സൗന്ദര്യമോ ഇല്ലാതെ തന്നെ സത്യനേശന്‍ മലയാള സിനിമയെ തന്റെ വരുതിയിലാക്കി. സൗന്ദര്യമായിരുന്നില്ല സത്യന്റെ പ്രധാന ആകര്‍ഷണം. അഭിനയിക്കാനുള്ള കഴിവുകൊണ്ടുമാത്രമാണ് ഇക്കാലമത്രയും മലയാളിയുടെ ഹൃദയത്തില്‍ ഇഷ്ടമുളള ഒരിടം അദ്ദേഹം നിലനിര്‍ത്തിയത്. ഇന്നത്തെ നായക സങ്കല്പത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ രൂപവും ഭാവവുമായിരുന്നു അദ്ദേഹത്തിന്. ആസ്വാദക മനസ്സ് കീഴടക്കാൻ കലർപ്പില്ലാത്ത അഭിനയ ശൈലി മാത്രമേ വേണ്ടൂ എന്ന് അദ്ദേഹം തെളിയിച്ചു.
കൗമുദി ബാലകൃഷ്ണന്റെ ത്യാഗസീമ എന്നചിത്രത്തിലേക്കാണ് സത്യനെ അഭിനയിക്കാനായി ആദ്യം തെരഞ്ഞെടുത്തതെങ്കിലും ആത്മസഖിയാണ് ആദ്യം പുറത്തിറങ്ങിയ സത്യന്‍ ചിത്രം. 1952ലായിരുന്നു അത്. സബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരാണ് ബാലകൃഷ്ണന് സത്യനെ പരിചയപ്പെടുത്തുന്നത്. ആത്മസഖിയിലെ നായകവേഷത്തില്‍ നിന്ന് നീലക്കുയില്‍, പാലാട്ട് കോമന്‍, തച്ചോളിഒതേനന്‍, മുടിയനായപുത്രന്‍,ഭാര്യ,പഴശ്ശിരാജ, ഓടയില്‍ നിന്ന്, കാട്ടുതുളസി, യക്ഷി, അടിമകള്‍, മൂലധനം,നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒരുപെണ്ണിന്റെ കഥ, കടല്‍പ്പാലം, ചെമ്മീന്‍.....തുടങ്ങി നൂറ്റമ്പതോളം സിനിമകളില്‍ പ്രതിഭയുടെ അവിസ്മരണീയ സാന്നിധ്യമേകി സത്യന്‍ മലയാളസിനിമയില്‍ നിറഞ്ഞു നിന്നു.
ആത്മസഖി എന്ന സിനിമ ഒരു വിജയമായിരുന്നെങ്കിലും സത്യന്റെ ജീവിതത്തിലെ വഴിത്തിരിവായ ഒരു സിനിമ 1954 ൽ ഇറങ്ങിയ നീലക്കുയിൽ ആയിരുന്നു. മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി ഈ ചിത്രത്തെ കണക്കാക്കപ്പെടുന്നു. അതായിരുന്നു മലയാളത്തിൽ തന്നെ രചിക്കപ്പെട്ട ആദ്യത്തെ മലയാളം സിനിമ. ആ സിനിമ രചിച്ചത് പ്രശസ്ത കഥകാരനായ ഉറൂബ് ആയിരുന്നു. സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകൻ രാമു കാര്യാട്ട്- പി. ഭാസ്കരൻ സഖ്യം ആയിരുന്നു. പി. ഭാസ്കരൻ രചിച്ച് കെ. രാഘവൻ സംഗീതം നൽകിയ ഈ സിനിമയിലെ ഗാനങ്ങൾ വളരെ പ്രശസ്തമായി. കേന്ദ്ര സർക്കാറിന്റെ രജത കമലം അവാർഡ് ലഭിച്ച ആദ്യത്തെ മലയാളചലച്ചിത്രമായിരുന്നു നീലക്കുയിൽ. ഈ ചിത്രത്തിന്റെ വിജയം സത്യനേയും കൂടെ അഭിനയിച്ച നായിക മിസ്. കുമാരിയേയും പ്രശസ്തരാക്കി.
സത്യൻ ഒരുപാട് പ്രമുഖ സംവിധായകരുടെ പിന്നീട് അഭിനയിച്ചു. കെ.എസ്. സേതുമാധവൻ, എ. വിൻസെന്റ്, രാമു കാര്യാട്ട് എന്നിവർ അവരിൽ ചിലരാണ്. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് സത്യൻ അഭിനയിച്ച ഒരു പാട് വേഷങ്ങൾ ജനങ്ങൾക്കിടയിൽ അക്കാലത്ത് പ്രശസ്തമായി. ഓടയിൽ നിന്ന് എന്ന ചിത്രത്തിലെ പപ്പു, ദാഹം എന്ന ചിത്രത്തിലെ ജയരാജൻ, യക്ഷി എന്ന ചിത്രത്തിലെ പ്രൊ. ശ്രീനി എന്നിവ സത്യന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളാണ്. വളരെ പ്രശസ്തമായ മറ്റു ചില സത്യൻ ചിത്രങ്ങൾ സ്നേഹസീമ, നായർ പിടിച്ച പുലിവാൽ, മുടിയനായ പുത്രൻ, ഭാര്യ, ശകുന്തള, കായംകുളം കൊച്ചുണ്ണി, അടിമകൾ, കരകാണാകടൽ എന്നിവയാണ്. മലയാളത്തിലെ എക്കാലത്തേയും മികച്ച ഒരു നടനായിട്ടാണ് സത്യനെ കണക്കാക്കുന്നത്. ചെമ്മീൻ എന്ന സിനിമയിലെ വേഷം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു മികച്ച വേഷമായിരുന്നു. മലയാളത്തിൽ സത്യൻ 150ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. കൂടാതെ 2 ചിത്രങ്ങൾ തമിഴിലും അഭിനയിച്ചു.
ദക്ഷിണേന്ത്യന്‍ ചലച്ചിത്രരംഗത്തെ ആദ്യമായി സ്വര്‍ണ്ണ മെഡല്‍ അണിയിച്ച ചെമ്മീന്‍ എന്ന ചിത്രത്തിലെ പളനിയെ മാത്രമെടുത്താല്‍മതി സത്യന്‍ എന്ന നടന്റെ അഭിനയമികവ് തിരച്ചറിയാന്‍. സത്യന്റെ മികച്ച ചിത്രങ്ങളോരോന്നും മലയാള ചലച്ചിത്രവേദിയിലെ നാഴികക്കല്ലുകളാണ്. മലയാളത്തിന് ആദ്യമായി പ്രസിഡന്റിന്റെ വെളളിമെഡല്‍ നേടിക്കൊടുത്ത നീലക്കുയില്‍ എന്ന ചിത്രത്തിലും അദ്ദേഹത്തിന്റെ പ്രതിഭ തിളങ്ങി നില്‍ക്കുന്നു.
അറുപതുപിന്നിട്ട ഓരോ മലയാളിക്കും ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ സത്യനും അദ്ദേഹത്തിന്റെ സിനിമകളും ഇന്നും സമ്മാനിക്കുന്നുണ്ട്. കാമുകനായ സത്യനെ, അച്ഛനും മകനുമായ സത്യനെ, വടക്കന്‍പാട്ടിലെ വീരനായകനായ സത്യനെ.....എത്രയെത്ര വേഷങ്ങളില്‍ മലയാളി അദ്ദേഹത്തെ ഓര്‍ത്തിരിക്കുന്നുണ്ട്. നീലക്കുയിലിലെ ശ്രീധരന്‍നായര്‍, ഓടയില്‍നിന്നിലെ പപ്പു, ചെമ്മീനിലെ പളനി, യക്ഷിയിലെ ശ്രീനി, കടല്‍പ്പാലത്തിലെ അച്ഛനും മകനും, വാഴ്‌വേമായത്തിലെ സുധി, അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍.....ഓര്‍മ്മയിലേക്ക് നിരവധി കഥാപാത്രങ്ങള്‍ കയറിവരുന്നു.
നാടകശൈലിയുടെ നിഴല്‍ സിനിമയില്‍ വീണുകിടക്കുന്ന കാലത്താണ് സത്യന്‍ ചലച്ചിത്രാഭിനയത്തിലെത്തുന്നത്. സിനിമകള്‍ പലതും നാടകത്തിന്റെ ഭാവങ്ങളാണ് പ്രകടിപ്പിക്കുക. കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ സ്വാഭാവികമായിരുന്നില്ല. പക്ഷേ, സത്യന്റെ പഴയകാല സിനിമകള്‍ ഇന്നും കാണുമ്പോള്‍ അദ്ദേഹത്തിന്റെ അഭിനയത്തിലോ സംഭാഷണ ശൈലിയിലോ നമുക്ക് അസ്വാഭാവികമായി ഒന്നും തോന്നില്ല. മറക്കാനാകാത്ത അഭിനയ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായിരുന്നു ഓരോ സത്യന്‍ ചിത്രവും. വടക്കന്‍പാട്ടിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് പ്രത്യേക പാടവമുണ്ടായിരുന്നു. ഓര്‍മ്മകളില്‍ നിന്ന് ഒരിക്കലും മരിക്കാത്ത സത്യന്‍കഥാപാത്രമാണ് തച്ചോളി ഒതേനനിലെ ഒതേനന്‍. വലിയ സംഭാഷണങ്ങള്‍ പറഞ്ഞു ഫലിപ്പിച്ച് കയ്യടി നേടുന്ന നടനായിരുന്നില്ല അദ്ദേഹം. പകരം, ഒരു ചെറിയ നോട്ടത്തില്‍, ചെറുപുഞ്ചിരിയില്‍, ഒരു മൂളലില്‍ എല്ലാ വികാരങ്ങളും പ്രതിഫലിപ്പിക്കാന്‍ സത്യനിലെ നടനു കഴിഞ്ഞു.
സിനിമാ നടനെന്ന തിരിച്ചറിവില്‍ ജീവിക്കുന്നതിനൊപ്പം അദ്ദേഹം ജീവിതത്തില്‍ ലളിത സ്വഭാവം പുലര്‍ത്തുകയും ചെയ്തു.
ചലച്ചിത്രമേഖലയിൽ നിറഞ്ഞുനിൽക്കേ 1970 ഫെബ്രുവരിയിൽ സത്യന് ഗുരുതരമായ രക്താർബുദം സ്ഥിരീകരിച്ചു. ഏറെ ദിവസങ്ങളായി പനിയും വിളർച്ചയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ സത്യൻ അഭിനയം തുടർന്നു. 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ രക്തം ചർദ്ദിച്ച് കുഴഞ്ഞുവീണപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥ പലർക്കും മനസ്സിലായത്. തുടർന്ന് അദ്ദേഹം സ്വയം കാറോടിച്ചുപോയി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തെ കാണാൻ വന്ന മക്കളോട് 'എനിക്കൊന്നുമില്ല. ഞാനൊന്നുറങ്ങട്ടെ' എന്ന് അദ്ദേഹം പറഞ്ഞു. ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ. ഒടുവിൽ, 1971 ജൂൺ 15-ന് പുലർച്ചെ നാലരയോടെ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. 59 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
മലയാളക്കര ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. കത്തിനിൽക്കുന്ന സമയത്ത് ഒരു മരണം അക്കാലത്ത് അപരിചിതമായിരുന്നു. മൃതദേഹം പ്രത്യേക വിമാനത്തിൽ മദ്രാസിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ചപ്പോൾ നിരവധി ആളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. തുടർന്ന് സത്യന്റെ വീട്ടിലും വി.ജെ.ടി. ഹാളിലും പൊതുദർശനത്തിനുവച്ചശേഷം പാളയം എൽ.എം.എസ്. കോമ്പൗണ്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തെ സംസ്കരിച്ചു. നൂറ്റാണ്ടുകള്‍ പിന്നിട്ടാലും സത്യന്‍ എന്ന നടനെ പ്രേക്ഷക ലോകം മറക്കുകയില്ല. അദ്ദേഹം അഭിനയിച്ച നിരവധി ചലച്ചിത്രങ്ങള്‍ നിത്യസ്മാരകങ്ങളായി നിലനില്‍ക്കും.
രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുള്ള സത്യൻ തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും തന്റെ കാലഘട്ടത്തിൽ വളരെ പ്രസിദ്ധനായിരുന്നു. 1969 ൽ അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. അതിനു ശേഷം 1971 ൽ കരകാണാക്കടൽ എന്ന ചിത്രത്തിലെ പ്രകടനത്തിനും അദ്ദേഹത്തിന് മരണാനന്തരബഹുമതിയായി സംസ്ഥാന അവാർഡ് ലഭിച്ചു. ദശാബ്ദങ്ങൾ കടന്നുപോയിട്ടും മലയാളചലച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായി സത്യൻ ഇന്നും ജീവിക്കുന്നു.
മാനുവൽ സത്യനേശൻ നാടാർ എന്ന സത്യൻ 1912 നവംബർ 9നു തിരുവിതാംകൂറിലെ തിരുമലയ്ക്കടുത്ത് അറമട എന്ന ഗ്രാമത്തിൽ ജനിച്ചു. ശ്രീമതി ജെസ്സിയായിരുന്നു സത്യന്റെ ഭാര്യ. 1946 മെയ് 3നായിരുന്നു വിവാഹം. മൂന്ന് ആണ്മക്കൾ അവർക്കുണ്ടായി - പ്രകാശ്, സതീഷ്, ജീവൻ.
No comments: