മോഹൻലാലിന് ഇന്ന് അറുപത് : ജനിച്ച ഇലന്തൂരും പിന്നെ അയിരൂരും : ഹരി ഇലന്തൂർ .

മോഹൻലാലിന് ഇന്ന് അറുപത് : ജനിച്ച ഇലന്തൂരും പിന്നെ അയിരൂരും.
....................................................................

ഇലന്തൂർ പരിയാരം മണപ്പാടത്ത് വീട്ടിൽ പാർവത്യാരായിരുന്ന രാമൻ നായരുടേയും ഗൗരിക്കുട്ടിയമ്മയുടെയും മൂത്തമകനാണ് വിശ്വനാഥൻ നായർ.ഇളയ മകൻ ഗോപിനാഥൻ നായർ.വിശ്വനാഥൻ നായർക്ക് സെക്രട്ടറിയേറ്റിൽ ജോലി കിട്ടിയപ്പോൾ തന്നെ കല്യാണാലോചനകളും തുടങ്ങി. വിശ്വനാഥൻ നായരുടെ അച്ഛൻ രാമൻ നായരും കൂട്ടുകാരൻ പാർവത്യകാർ കല്ലിൽ കൃ ഷ്ണപിള്ളയും കൂടി തിരുവനന്തപുരത്തു പോയി ഒരു പെണ്ണിനെ കണ്ട് മടങ്ങി വീട്ടിലെത്തിയപ്പോഴാണ് പുന്നക്കൽ വീട്ടിലെ ശാന്തകുമാരിയുടെ കാര്യം വിശ്വനാഥൻ നായർ തന്നെ നേരിട്ട്അഛനോട് പറഞ്ഞത്.  പ്രതാപത്തിൻ്റെ കാലത്ത് ശാന്തകുമാരിയെ ആനയുള്ള വീട്ടിലെ കെട്ടിക്കൂ എന്ന് നിശ്ചയിച്ചിരുന്ന പുന്നക്കൽ വീട്ടിലേക്ക് കല്യാണ ദൗത്യവുമായി കല്ലിൽ കൃഷ്ണപിള്ള എത്തി. കല്യാണം
നിശ്ചയിച്ചു.അങ്ങനെ പുന്നക്കൽ വീട്ടിൽ ഗൗരികുട്ടിയമ്മയുടേയും ഡെപ്യൂട്ടി തഹസീൽദാരായിരുന്ന പത്മനാഭപിള്ളയുടെയും മകൾ ശാന്തകുമാരിയെ വിശ്വനാഥൻ നായർ വിവാഹം കഴിച്ചു.

പിന്നീട് താമസം തിരുവനന്തപുരത്ത് .ചേട്ടൻ പ്യാരിലാലിൻ്റെയും മോഹൻലാലിനെയും പ്രസവിക്കാൻ ശാന്തകുമാരി എത്തിയത് ഇലന്തൂർ പുന്നക്കൽ തറവാട്ടിൽ .എന്നും ഒട്ടേറെ പേർക്ക് ഇലയിട്ട് ചോറുവിളമ്പിയിരുന്ന ഏറെ പരിചാരകരുണ്ടായിരുന്നതറവാട്. മലയാളി യുടെ സ്വന്തം മോഹൻലാൽ ജനിച്ചയിടം. ഇലന്തൂർ പഞ്ചായത്ത് മുൻ പ്രസിഡൻറായിരുന്ന പുന്നക്കൽ പി.എസ്.ശ്രീധരൻ പിള്ളയുടെ സഹോദരി ഗൗരിക്കുട്ടിയമ്മയുടെ മകൾ ശാന്തകുമാരിയാണ് മോഹൻലാലിൻ്റെ അമ്മ.

മോഹൻലാലിൻ്റെ അമ്മയുടെ വീട് ഇലന്തൂർ പുന്നയ്ക്കലാണങ്കിൽ അച്ഛൻ്റെ വീടിന്ഒരു മൈൽ ദൂരം മാത്രമായിരുന്നു അകലം.
ശാന്തകുമാരി വളർന്നത് ഇലന്തൂരിലും പിന്നെ പത്തനംതിട്ടയിലെ അഛൻ വീട്ടിലുമായിരുന്നു.( ഇന്ന് KSRTC ക്ക് മുന്നിൽ പാർഥസാരഥി റസിഡൻസ് ഇരിക്കുന്ന സ്ഥലം)
 
മോഹൻലാലിൻ്റെ ജനനം ഇലന്തൂരിലാണങ്കിലും ബാല്യകൗമാരങ്ങൾ തിരുവനന്തപുരത്തായിരുന്നു. അവധിക്കും വിശേഷാൽ ചടങ്ങുകളിലും പങ്കെടുക്കാൻ മാത്രമായിരുന്നു പിന്നീട് ജൻമനാട്ടിലേക്കുള്ള യാത്ര.

 രണ്ട് വർഷം മുമ്പ്കാവിലെ പൂജകളിൽ പങ്കെടുക്കാൻ മോഹൻലാൽ എത്തായിരുന്നു. ഒപ്പം മോഹൻലാലിൻ്റെ മറ്റൊരു അമ്മാവൻ തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജ് റിട്ട: പ്രിൻസിപ്പൽ പി.എസ്  ഭാസ്കരൻ പിള്ളയുടെ മകൻ ഉണ്ണികൃഷ്ണനും ഉണ്ടായിരുന്നു. ആ ഉണ്ണികൃഷ്ണനാണ് സാക്ഷാൽ സിനിമാ സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ

ഇന്ന് കുടുംബത്തിലെ അടുത്ത തലമുറയിലെ ആരും തറവാട്ടിൽ താമസമില്ല. വല്യഅമ്മാവൻ ശ്രീധരൻപിള്ളയുടെ മകൾ മാവേലിക്കരയിൽ താമസിക്കുന്ന ശീലേഖ വീട് നോക്കാനും മറ്റുമായി ഇടക്കിടെ കുടുംബത്തിലെത്തും ശ്രീലേഖയുടെ സഹോദരി ശ്രീലതയും കുടുംബത്തിലെത്താറുണ്ട്.

ഇലന്തൂരlൽ മോഹൻലാൽ പിറന്നെങ്കിലുംമോഹൻലാലിൻ്റെ ബാല്യസ്മരണകൾ നിലനിൽക്കുന്നത് ഏറെയും അയിരൂർ ഗ്രാമത്തിലാണ്.  മോഹൻലാൽ നീന്തു പഠിച്ചത് പമ്പയാറ്റിലാണ്

.അയിരൂർ മൂക്കന്നൂരിൽ അപ്പച്ചിയുടെ വീട്ടിലായിരുന്നു ബാല്യകൗമാരങ്ങളിലെ അവധിക്കാലം. മോഹൻലാലിൻ്റെ അച്ഛൻ
വിശ്വനാഥൻ നായരുടെ സഹോദരി ഭാർഗവിയമ്മയുടെ വീടാണ് അയിരൂരിലുള്ളത്. 
അവധി എന്നാൽ ഓണാവധിക്കാണ് കൂടുതലും ഇവിടെ എത്താറുണ്ടായിരുന്നത്.തിരുവോണത്തോണിയ്ക്ക് ഒപ്പവും ആറൻമുള വള്ളംകളിയും ഒക്കെയായി അങ്ങ് കൂടും. ചേട്ടൻ പ്യാരിലാലും അപ്പച്ചിയുടെ മകൻ ജഗൻ മോഹൻ ദാസും പിന്നെ നാട്ടുകൂട്ടത്തിലെ ശശിധരനും, രവിയും പൊടിയൻ പിള്ളയുമൊക്കെയായി അടിച്ചു പൊളിച്ച് ഒരു അവധിക്കാലം.അവസാനം മാരാമൺ മൗണ്ട് തീയറ്ററിൽ ഒരു സിനിമയും കണ്ടാണ് അയിരൂരിലേക്ക് മടങ്ങുക.
പമ്പ മോഹൻലാലിന് ഒരു വികാരമാണ് അന്നും ഇന്നും. അതു കൊണ്ടാവാം 2018ലെ പ്രളയത്തിൽ അയിരൂർ മുങ്ങിയപ്പോൾ മോഹൻലാലിൻ്റെ വിളിയെത്തിയത്.പിന്നാലെ റിലീഫിനായി സാധനങ്ങളും എത്തിച്ചു. ബാല്യകാലത്ത് കളിക്കൂട്ടുകാരായിരുന്ന പലരേയും ഇന്നും മോഹൻലാൽ തിരക്കാറുണ്ടന്ന് ജഗൻ മോഹൻ ദാസ് പറഞ്ഞു.

ഇന്നലെ രാവിലെ വിളിച്ചിരുന്നു. പിറന്നാൾ ആശംസ നേരാൻ. അപ്പോഴും നാട്ടുകാര്യങ്ങൾ ആരാഞ്ഞതായി ജഗൻ പറഞ്ഞു. മോഹൻലാലിനേക്കാൾ മൂപ്പുണ്ടെങ്കിലും ജഗൻമോഹനമായി  മോഹൻലാലിന് ഏറെ അടുപ്പം ഉണ്ട്. ജഗൻ മോഹൻ എം.ജി കോളേജിൽ ഡിഗ്രിക്ക് പഠിച്ചത് മോഹൻലാലിൻ്റെ വീട്ടിൽ നിന്നായിരുന്നു. പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അസി.കമ്മീഷണറായി ജോലി നോക്കുമ്പോഴും താമസം അമ്മാവൻ്റെ വീട്ടിൽ തന്നെ.

ജ്യോതിഷം വശമായിരുന്ന
ജഗൻമോഹൻ്റെ അഛൻ രാഘവൻ നായരാണ് മോഹൻലാലിൻ്റെ ജാതകം കുറിച്ചത്. ആ കുറിപ്പ് യാഥാർഥ്യമായത് വർത്തമാനകാല യാഥാർഥ്യവും .
മോഹൻലാലിൻ്റെ അച്ഛൻ വിശ്വനാഥൻ നായർ വിരമിക്കുമ്പോൾ ലോ സെക്രട്ടറിയായിരുന്നു. അമ്മശാന്തകുമാരി വാർധക്യ അസ്വ സ്ഥകളിൽ കഴിയുന്നു.മോഹൻലാൽ ഭാര്യ സുചിത്ര ,മക്കളായ പ്രണവ്, വിസ്മയ എന്നിവർ ചെന്നൈയിലാണ് .

നടനവൈഭവമായ മോഹൻലാൽ എന്ന രേവതി നക്ഷത്രജാതൻ അറുപതിലേക്ക് എത്തുമ്പോൾ ജൻമം നൽകിയ ഗ്രാമത്തിൽ നിന്നു ഒരു പിറന്നാൾ ആശംസകൾ നേരട്ടെ.


ഹരി ഇലന്തൂർ .
( പത്രപ്രവർത്തകൻ ) 

1 comment:

Powered by Blogger.