നായകൻമാർ മാത്രമല്ല വില്ലൻമാർ കൂടി നിറഞ്ഞതാണ് ഈനാട് : കണ്ണൻ താമരക്കുളം .
ഈ ലോക്ക്ഡൗണില്‍ എന്നേക്കാളേറെ സന്തോഷം വീട്ടുകാര്‍ക്കാകും. കാരണം നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്രയധികം ദിവസം വീട്ടിലിരിക്കുന്നത് ആദ്യമായിട്ടാണ്. സാധാരണ വന്നാലും ഒന്നോ രണ്ടോ ദിവസം നില്‍ക്കും. പിന്നെ തിരക്കുകളിലേക്കുള്ള ഓട്ടമായിരിക്കും. ഇപ്പോഴാണ് വീടും പരിസരവുമെല്ലാം ശരിക്കും കാണുന്നത്. കാരണം എന്‍റെ വീടിന് ചുറ്റും ഇത്രയധികം ഫലവൃക്ഷങ്ങളൊക്കെയുണ്ടെന്ന് ഞാന്‍ കാണുന്നത് ഇപ്പോഴാണ്.
എന്നാല്‍ ചില കാര്യങ്ങളില്‍ ആശങ്ക വിട്ടുമാറാതെ നില്‍ക്കുകയാണ്. രാജ്യമൊന്നാകെ കോവിഡ് 19 എന്ന മഹാവിപത്ത് പടര്‍ന്നു കൊണ്ടിരിക്കുകയാണ്. രണ്ട് വയസുപ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ പടുവൃദ്ധരായ ആളുകള്‍ക്ക് വരെ അസുഖം ബാധിച്ച് കഷ്ടപ്പെടുകയാണ്. പുതിയ കണക്കു പ്രകാരം നാൽപത്തിഏഴ് ലക്ഷത്തിലധികം ആളുകള്‍ക്കാണ് ലോകമൊട്ടാക്കെ കോവിഡ് സ്ഥിരീകരിച്ചിക്കുന്നത്. ലോകത്തിന്‍റെ തന്നെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന തരത്തില്‍ മാറുകയാണ് കോവിഡ് 19. നമ്മുടെ നാടിന്‍റെ സമ്പത്ത് വ്യവസ്ഥയും എല്ലാം തകര്‍ന്നു കൊണ്ടിരിക്കുകയാണ്.
താമരക്കുളത്തെ ഹെല്‍ത്ത് ഇന്‍സ്പെകര്‍ വള്ളിക്കുന്നം ശ്രീകുമാര്‍ മ്യൂസിക്ക് ഡയറക്ടറാണ്. എന്‍റെ സുഹൃത്തും കൂടിയാണ് അദ്ദേഹം. അദ്ദേഹം എന്നെ കാണാന്‍ വന്നിരുന്നു. ഒരു ഈണം തന്നിട്ട് അത് വച്ചൊരു പാട്ട് എഴുതാന്‍ പറഞ്ഞു. അത് എഴുതി. അതിന്‍റെ ട്രാക്ക് പാടിച്ചു വച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ കഴിഞ്ഞ ശേഷം അതിന്‍റെ ബാക്കി കാര്യങ്ങള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഉള്ളിന്റെ ഉള്ളിലുള്ള ചെറിയ വാസനകളൊക്കെ പുറത്തു കൊണ്ടുവരാനുള്ള സമയം കിട്ടി.
പിന്നെ കോറോണക്കാലം ആണ് വര്‍ക്കൊന്നും നടക്കുന്നില്ല എന്നുള്ള ടെന്‍ഷനൊന്നുമില്ല. ടെക്നോളജിയൊക്കെ വളരെ വളര്‍ന്ന കാലഘട്ടമല്ലേ വീട്ടില്‍ തന്നെയിരുന്ന് ചെയ്യാവുന്ന കുറേ കാര്യങ്ങള്‍ ചെയ്യുന്നുണ്ട് . ഞങ്ങളുടെ ഭാഗ്യം കൊണ്ട് " മരട് 357 " എന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ട് തീര്‍ന്ന് ഡബ്ബിംഗ് പകുതി ആയപ്പോഴാണ് ലോക്ക്ഡൗൺ തുടങ്ങുന്നത്. ഫസ്റ്റ് ഹാഫില്‍ ഡബ്ബ് ചെയ്യാത്ത കുറച്ച് സീനുകള്‍ ഞാന്‍ തന്നെ ഡബ്ബ് ചെയ്ത് ട്രാക്ക് ചെയ്തുവച്ചിരുന്നു. അതുകൊണ്ട് തന്നെ അതുപയോഗിച്ച് എഡിറ്റര്‍ വി.റ്റി ശ്രീജിത്ത് ഫൈനല്‍ കട്ടിന്‍റെ ഒരു ഫോര്‍മാറ്റ് മെയില്‍ അയച്ചു തന്നു. അതിന് വേണ്ട കറക്ഷന്‍സ് ചെയ്യാന്‍ പറ്റി. കൂടാതെ റീറെക്കോര്‍ഡിംഗിന്‍റെ വര്‍ക്കും ഫോണിലൂടെ സംസാരിച്ച് കുറച്ചൊക്കെ ചെയ്യാന്‍ സാധിച്ചു. നേരിട്ടു ചെയ്യാന്‍ ഇനിയും ബാക്കി ഉണ്ടെങ്കിലും മരടിന്‍റെ കുറച്ച് വര്‍ക്കുകളൊക്കെ ചെയ്യാന്‍ സാധിച്ചു.
സിനിമയില്‍ ഉണ്ണി മുകുന്ദന്‍ ഒരു ഹിന്ദി പാട്ട് എഴുതുന്നുണ്ട്. ക്ലൈമാക്സിലേക്ക് ഒരു ഹിന്ദി പാട്ട് വേണമെന്ന ആശയം മനസിലുദിച്ചപ്പോഴേ അത് ഉണ്ണിയെ കൊണ്ട് പറ്റുമെന്ന ബോധ്യമുണ്ടായിരുന്നു. കാരണം അച്ചായന്‍സ് എന്ന സിനിമയിലെ ''അനുരാഗം പുതുമഴ പോലെ'' എന്ന പാട്ടെഴുതിയത് ഉണ്ണിയായിരുന്നു. ആ പാട്ടെഴുതുമ്പോളും വരികള്‍ ഹിന്ദിയില്‍ പറഞ്ഞ ശേഷം മലയാളത്തിലേക്ക് മാറ്റുകയാണ് ഉണ്ണി ചെയ്തിരുന്നത്. ഇത്തവണയും ഉണ്ണി പ്രതീക്ഷ തെറ്റിച്ചില്ല. മികച്ചൊരു പാട്ട് തന്നെയാവും ഇതും. മരടിൽ ബിജിഎംൽ വരുന്ന ചിലവരികൾ ഒക്കെ ഞാൻ തന്നെ എഴുതിയിട്ടും ഉണ്ട്. മരടിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് കൈതപ്രം തിരുമേനിയും, രാജീവ് ആലിങ്കലും, മധു വാസുദേവനും, ഏങ്ങണ്ടിയൂർ മാഷുമൊക്കെ ആണ്.
പിന്നെ ഈ സമയത്തുണ്ടായ സങ്കടപെടുത്തുന്ന ഒരു കാര്യം അമ്മ ഒന്നു വീണതാണ്. അമ്മക്ക് കാലിന്റെ ലിഗ്മെന്റ് തെറ്റി കൈവിരലിൽ ഒരു ഒടിവുമുണ്ടായി. ഞാനും അമ്മയും അച്ഛനുമാണ് വീട്ടില്‍ ഉള്ളത്. അമ്മയ്ക്ക് വയ്യാതായതോടെ എന്‍റെ പാചക പരീക്ഷണങ്ങളായിരുന്നു. വലിയ കുഴപ്പമില്ലാത്ത രീതിയില്‍ പാചകമൊക്കെ ചെയ്യാന്‍ അറിയാവുന്നത് കൊണ്ട് ആ കടമ്പയും കടന്ന് കിട്ടി.
കുറേയധികം തിരിച്ചറിവുകളുടെ കാലമായിരുന്നു ഇത്. ജീവിതത്തിലെ ചിട്ടകള്‍ക്കൊക്കെ കുറേയധികം മാറ്റം വന്ന സമയം. ഉറങ്ങുന്നതും ഉണരുന്നതുമൊക്കെ ഇതില്‍ ഉള്‍പ്പെടും. കൂടെ കുറെ സിനിമ കണ്ടു, കുറച്ചു വായിച്ചു .ഇനി ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമയുടെ സ്ക്രിപ്റ്റിൽ ദിവസവും കുറച്ചു സമയം ഇരുന്നുവർക്ക് ചെയ്യുന്നുണ്ട്. പുതിയ ഒരു വിഷ്വല്‍ ട്രീന്റ്മെന്റ് ആണ് ആഗ്രഹം.
സോഷ്യൽ മീഡിയ പ്ലാറ്റഫോമിന്റെ ഉപയോഗം ലോക്ഡൗണ്‍ കാലത്ത് കൂടിയിട്ടുണ്ട്.ഒരു പരിധിവരെ നല്ല കുറെ കാര്യങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്.എന്നാല്‍ ദുരുപയോഗവും വളരെ നല്ല രീതിയിൽ നടക്കുന്നുണ്ട്.തെറ്റിധാരണകളും വര്‍ഗീയതയും വിവരക്കേടുകളുമൊക്കെ വിളിച്ചുപറയുന്ന വേദികളായി മാറുന്നത് വിഷമത്തോടെ കണ്ടിട്ടുണ്ട്.
ഈ ഏരിയയിലെ നിയമങ്ങൾ മാറ്റി എഴുതി ശിക്ഷ കടുപ്പിക്കുക തന്നെ വേണം.
സഹജീവികളോട് കരുണ കാണിക്കുന്ന കുറെ നല്ല മനസുകൾ കാണാൻ ഈ ലോക്ക് ഡൌൺ കാലത്തുപറ്റി അത് വലിയ സന്തോഷം . നന്മ മരിച്ചിട്ടില്ല സഹായിക്കാനുള്ള ചുറ്റുപാടുകൾ ഉണ്ടായിട്ടും സ്വന്തം കാര്യം മാത്രം നോക്കി കൂടെ നിൽക്കുന്ന ആളുകളെ പോലും സഹായിക്കാത്ത ചില മനസുകളെയും കണ്ടു ..
നായകന്മാരും വില്ലന്മാരും ഒക്കെ നിറഞ്ഞതാണലോ ഈ ലോകം ...പിന്നെ സോഷ്യൽ മീഡിയ ട്രെൻഡിങ് ഒക്കെ കാണുമ്പോൾ ഒരു കാര്യം മനസിലായി മറ്റൊരാളെ അവരുടെ ദുഃഖത്തിലും സന്തോഷത്തിലും
കലാപ്രകടനത്തിലും ഒക്കെ കളിയാക്കുന്നതും കളിയാക്കപ്പെടുന്നതും ഒക്കെ കാണാൻ ആണ് പുതിയ തലമുറയ്ക്ക് ഹരം ഉണ്ട്. നല്ലത്
അവിഹിത ജീവിത കഥകൾ ആവേശത്തോടെ യു. ട്യൂബിൽ വിറ്റു പോകുന്നുണ്ട് കേട്ടോ .പിന്നെ ടെലിവിഷൻ ചാനലുകളിലെ സിനിമകൾക്കു ഒരു വലിയ പ്രേക്ഷക പിന്തുണ ഉണ്ടായി കുടുബത്തോടെ സിനിമ കാണാൻ തുടങ്ങി.
പട്ടാഭിരാമനൊക്കെ കണ്ടു കുറെ അധികം ആളുകൾ ഈ സമയത്തു വിളിച്ചു നല്ല അഭിപ്രായങ്ങൾ പങ്കു വെച്ചു .. സിനിമ ജീവിത ചര്യയുടെ ഭാഗമായി മാറി ഇപ്പോള്‍ അതാണ് ഓ.ടി.ടി പ്ലാറ്റുഫോമുകൾ അവരുടെ ബിസ്സ്നെസ്സ് ആക്കി മാറ്റുന്നത് .
എന്റെ ജോലിയുടെ എളുപ്പത്തിനും പിന്നെ പ്രായമായസമയത്ത് അച്ഛനമ്മമാരുടെ കൂടെ നിൽക്കുന്നതിനുവേണ്ടിയും താമസം
എറണാകുളത്തേക്കു മാറ്റുന്നതിന് വേണ്ടി ലോണൊക്കെ എടുത്ത് അവിടെ ഒരു വീട് വാങ്ങിയിരുന്നു. ഏപ്രിൽ പതിനേഴിന് കേറി താമസിക്കൽ തീരുമാനിച്ചിരുന്നതും ആണ്.അപ്പോഴാണ് അപ്രതീക്ഷിതമായി ഈ മഹാവിപത്ത് വരുന്നത്.
പക്ഷെ ഇപ്പോള്‍ എന്റെ ഈ മനോഹര ഗ്രാമം വീട്ടു പോകാൻ മനസിന് വല്ലാത്ത ഒരു മടിയും വന്നിട്ടുണ്ട് . ഇവിടെ ആയതു കൊണ്ട് മാത്രമാണ് ലോക്ക് ഡൌൺ സർവൈവേൽ സാധ്യമായത് . നിരന്തരം ചിലച്ചു കൊണ്ടിരുന്ന ഫോണിനും ഒരു റസ്റ്റ് കിട്ടിയിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും സിനിമയെ സ്നേഹിക്കുന്ന വ്യക്തി എന്ന നിലയില്‍ സിനിമ മേഖലയുടെ അവസ്ഥ ഓര്‍ക്കുമ്പോള്‍ വല്ലാത്ത ആശങ്കയാണ്. തിയറ്ററുകള്‍ എന്നു തുറക്കും. ആളുകള്‍ സിനിമ കാണാന്‍ തിയറ്ററുകളിലേക്കെത്തുന്നതെപ്പോഴാണ് എന്നൊക്കെയുള്ള കാര്യങ്ങള്‍ പലപ്പോഴും ഉറക്കം കെടുത്തുന്നുണ്ട്. ഏതൊരു ടെക്നീഷ്യനും സ്വന്തം സിനിമ തിയറ്ററിലെ സ്ക്രീനില്‍ കാണുമ്പോള്‍ ഉണ്ടാകുന്നത് ഒരു കുഞ്ഞിന് ജന്മം നല്‍കുന്നമാതാവിന്‍റെ മനസ്സോടെയാണ്. അത് ഏതൊരു ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലും എത്രയിരട്ടികാശ് തരാമെന്ന് പറഞ്ഞാലും കാണുന്നത് സങ്കടം തന്നെയാണ്. സിനിമ എന്ന കലയുടെ ആസ്വാദന സംസ്‍കാരം തന്നെ മാറി മാറിയും .
തിയേറ്റർ ലൈവ് ആയ സമയത്ത് പാരലൽ ഒ.ടി.ടി പ്ലാറ്ഫോം വളർന്ന് വന്നാൽ ഒരിക്കലും അത് തിയേറ്റർ
എക്സ് സ്‌പീരിയന്സിനെ ബാധിക്കില്ല .രണ്ടിനും അതിന്റെതായ പ്രേക്ഷകർ ഉണ്ടാവുക തന്നെ ചെയ്യും ഇപ്പോൾ അവസ്ഥ അതല്ല .
വലിയ ഇൻവെസ്റ്റ്മെന്റ് ചെയ്തിരിക്കുന്ന പ്രൊഡ്യൂസേഴ്സിനെ ഒരിക്കലും കുറ്റം പറയാനും ഒക്കില്ല ,നില നിൽപ്പാണ് അവർക്കു പ്രദാനം .ഒ.ടി.ടി പ്ലാറ്ഫോം വലിയ ഭാവിയുള്ളതാണ് , പക്ഷെ സിനിമ അതിലേക്കു മാത്രം
ഒതുക്കിപോകരുത് .
ലോക്ക്ഡൗണിന്‍റെ ആദ്യ സമയത്ത് ദിവസങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നത് പോലെയാണ് തോന്നിയത്. എന്നാലിപ്പോള്‍ വളരെ വേഗത്തിലാണ് ദിവസങ്ങള്‍ പോകുന്നത്.
ലോക്ക്ഡൗണിന്‍റെ ആദ്യ സമയത്ത് ദിവസങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നത് പോലെയാണ് തോന്നിയത്. എന്നാലിപ്പോള്‍ വളരെ വേഗത്തിലാണ് ദിവസങ്ങള്‍ പോകുന്നത്.
നോമ്പുതുടങ്ങി ഇപ്പോള്‍ അവസാനിക്കാറുമായി.വേഗത്തില്‍ തന്നെ ഈയൊരു കാലവും കടന്നു പോകട്ടെ...
നല്ലൊരു നാളേയ്ക്കായി ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം...
കണ്ണന്‍ താമരക്കുളം.
( സംവിധായകൻ )
കണ്ണന്‍ താമരക്കുളം.
( സംവിധായകൻ )
എൻ്റെ സുഹൃത്തിൻ്റെ മകനായ ഉണ്ണി മുകുന്ദന് ഇനിയും ഉയരങ്ങളിൽ എത്തിച്ചേരാൻ സാധിക്കട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. അതിന് ചാൻസ് നൽകുന്നവർക്കും നല്ലതുവരട്ടെ.
ReplyDelete