പൊതുസമൂഹത്തിന്റെ നന്മയ്ക്കായി പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകാം : ഷീലു ഏബ്രഹാം.
വളരെ പെട്ടെന്നാണ് എല്ലാം സംഭവിക്കുന്നത്. വിളിക്കാത്ത അതിഥിയെ പോലെ നമ്മുടെ മുന്നിലേക്ക് കോവിഡ് 19 കടന്നുവന്നു. നമ്മുടെ ദിവസവുമുള്ള ശീലങ്ങളും ജീവിതചര്യകളുമെല്ലാം തകിടം മറിഞ്ഞു. നമുക്ക് ചുറ്റും ഉണ്ടായമാറ്റങ്ങൾ നിസാരമല്ല. വളരെ പെട്ടെന്ന് തന്നെ മാറ്റങ്ങൾക്കനുസരിച്ച് ജീവിതത്തെ മാറ്റിയെടുക്കാൻ നമുക്ക് എല്ലാവർക്കും ഒരു പരിധിവരെ കഴിഞ്ഞു.
എന്നെ സംബന്ധിച്ചിടത്തോളം വീട്ടിൽ അടുക്കളയും കുടുബവുമെക്കായായി പെട്ടെന്ന് സജീവമായി. തിരക്കിനിടയിൽ വീട്ടിൽ ചെയ്യാൻ മറന്നുപോയ പലകാര്യങ്ങളും ഈ രണ്ട് മാസം കൊണ്ട് ചെയ്യാൻ കഴിഞ്ഞു.
പുതിയ പാചക പരീക്ഷണങ്ങൾ , ഗാർഡനിംഗ് ,നായ്ക്കുട്ടി വളർത്തൽ അങ്ങനെ പല കാര്യങ്ങളും കൊണ്ട് ഈ കോറോണ കാലം മുന്നോട്ട് നീങ്ങി. അമ്മയെ കാണാൻ വീട്ടിൽ പോകാൻ അവസരം കിട്ടിയപ്പോൾ പേരയ്ക്കാ പറിച്ചെടുക്കാൻ തോട്ടിയുമായി പഴയകാലത്തെപ്പോലെ ഇറങ്ങി. മാത്രവുമല്ല ഇക്കാലയളവിലായിരുന്നു അമ്മയുടെ ജന്മദിനവും.
മറ്റൊരു പ്രധാനകാര്യം എന്റെ പേരിൽ യൂട്യൂബ് ചാനൽ ആരംഭിച്ചു. കപ്പ ( മരച്ചീനി ) നടീൽ ആയിരുന്നു ആദ്യ എപ്പിസോഡ് . നമ്മുടെ ഗ്രാമവും നഗരവും ഇപ്പോൾ
കാർഷികവിളകളുടെ പ്രധാന്യം കണക്കിലെടുത്ത് നീങ്ങുമ്പോൾ അത് നല്ല കാര്യമായി എനിക്കും തോന്നി .യൂട്യൂബ് ചാനലിന്റെ പ്രവർത്തനങ്ങൾ സജീവമാണ്.ഇതൊക്കെയാണെങ്കിലും വീട്ടിലെ കാര്യങ്ങൾക്ക് ഒരു മുടക്കവുമില്ലാതെയാണ് എല്ലാം കാര്യങ്ങളും നടക്കുന്നത്.
നമ്മുടെ സിനിമരംഗം വളരെ പ്രതിസന്ധി നേരിടുന്ന കാലമാണിത്. ഈ രംഗത്ത് ജോലിയെടുക്കുന്ന നൂറ് കണക്കിന് സുഹൃത്തുക്കൾക്ക് നിത്യവൃത്തിയ്ക്ക് വകയില്ലാതെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് നമുക്ക് ചുറ്റും കാണുന്നത്. തീയേറ്ററുകൾ എന്ന് തുറക്കുമെന്ന് പറയാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
മഹാമാരിയായ കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ട അവസ്ഥയാണിപ്പോഴുള്ളത്. മാസ്ക് ധരിക്കുക, സാനിറ്റെസർ ഉപയോഗിക്കുക, സാമൂഹ്യ അകലം പാലിക്കുക, പൊതു നിരത്തുകളിൽ തുപ്പാതിരിക്കുക തുടങ്ങിയ കാര്യങ്ങളിൽ കടുത്ത ജാഗ്രത വേണ്ട സമയമാണ് .മാത്രവുമല്ല വ്യക്തിശുചിത്വം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കുടുതൽ ശ്രദ്ധ നമുക്ക് എല്ലാവർക്കും അനിവാര്യമാണ്.
പൊതുസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ നമുക്ക് ഓരോ വ്യക്തികൾക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാമെന്ന് ഈയവസരത്തിൽ പ്രതിജ്ഞയെടുത്ത് മുന്നോട്ടുനീങ്ങാം .
ഷീലു ഏബ്രഹാം .
( നടി)
No comments: