മലയാള സിനിമ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് വരുന്നത് അനുഗ്രഹം : റാഫി മതിര.

മലയാള സിനിമ ഡിജിറ്റൽ പ്ലാറ്റുഫോമിലേക്ക്  വരുന്നത് അനുഗ്രഹം.

ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ ശ്രീ. വിജയ്‌ ബാബു നിര്‍മ്മിച്ച അതിഥി റാവു ഹൈദാരിയും ജയസൂര്യയും അഭിനയിച്ച സൂഫിയും  സുജാതയും ഡിജിറ്റൽ റിലീസ് ചെയ്യുന്നു എന്നറിഞ്ഞു. കോവിവിഡ് 19- ന്‍റെ പശ്ചാത്തലത്തിൽ തിയേറ്ററുകൾ പൂട്ടിക്കിടക്കുന്നത് നിര്‍മ്മാതാക്കളെയും തിയേറ്റർ ഉടമകളെയും  ചലച്ചിത്ര താരങ്ങളെയുമടക്കം ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട ഒരുപാട്  പേരെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.ഈ കാലത്ത് സിനിമക്ക് വേണ്ടി പണം മുടക്കിയവർക്കും പ്രതിഫലം കിട്ടേണ്ടവർക്കുമൊക്കെ  ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ വഴിയുള്ള റിലീസ് ഒരനുഗ്രഹമാണ്‌ എന്നതാണ് സത്യം.

എന്നാൽ, ചിത്രം ഓൺലൈനിൽ റിലീസ് ചെയ്താൽ ജയസൂര്യയുടെ ചിത്രങ്ങൾ ഇനി ഒരിക്കലും തീയറ്ററിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്‍സ് ഫേഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ താക്കീത് നൽകി പോലും. ഇയാള്‍ക്കെന്താ ഭ്രാന്താണോ? ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ കേറി ഇടപെടുന്ന ഒരു പാഴ് ജന്മം. 2016 അവസാനത്തില്‍ ഇതുപോലെ ഇടപെടല്‍ നടത്തി ഒരു അനാവശ്യ സിനിമാ സമരം ഉണ്ടാക്കി സര്‍ക്കാരിനെയും മറ്റു സിനിമാ സംഘടനകളെയും വെല്ലുവിളിച്ചു ഒടുവില്‍ പിടിച്ചതും ഇല്ലാ കടിച്ചതും ഇല്ലാ എന്ന അവസ്ഥ വന്നു മൂലക്കിരുന്നത് അയാള്‍ക്ക്‌ ഇന്നും ഓര്‍മ്മയില്ലെന്ന് തോന്നുന്നു.
  
ചിത്രം ഓൺലൈനിൽ റിലീസ് ചെയ്യുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായി നിർമാതാവ് വിജയ് ബാബു പറഞ്ഞു. അതാണ്‌ ശരി. അതാണ്‌ വേണ്ടതും. തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചാല്‍ ഒരു പക്ഷെ ഇന്നത്തെ സാഹചര്യത്തില്‍ പടം വിജയിക്കാതെ വരുന്ന ഒരു സാഹചര്യം ഉണ്ടായാല്‍ നിര്‍മ്മാതാവിന്റെ നഷ്ടം നികത്താന്‍ ഇവര്‍ ആരെങ്കിലും മുന്നോട്ടു വരുമോ? ഒരു വിഭാഗത്തിനെങ്കിലും നഷ്ടം ഒഴിവാക്കാനായാല്‍ അതിനു അവസരം കൊടുക്കുകയാണ് വേണ്ടത്. തിയറ്ററുകളുമായുണ്ടാക്കിയ കരാർ ലംഘിച്ചാല്‍ അതിനു പരിഹാരം കണ്ടെത്തണം. അല്ലാതെ ഭീഷണിയല്ല വേണ്ടത്. 

ഈ ചിത്രം  റിലീസിന്‌ ഒരുങ്ങുമ്പോഴാണ് തിയറ്ററുകള്‍ അടച്ചത്. ഒരു സിനിമ നിര്‍മ്മിക്കുന്നതിന് കടം വാങ്ങിയും പലിശക്കെടുത്തും കെട്ട് താലി പണയം വച്ചും  ഒക്കെ കണ്ടെത്തിയ പണം ഒരു പരിധി വരെയെങ്കിലും തിരികെ കൊടുക്കാന്‍ ഉള്ള അവസരം എന്ന നിലയില്‍ ഓണ്‍‌ലൈൻ പ്ലാറ്റ്ഫോമില്‍ സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനം  എല്ലാവരും പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.
 
തിയേറ്റര്‍ തുറന്നാലും നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ പ്രവേശനമുണ്ടാകൂ. അങ്ങനെ ഒരു സാഹചര്യത്തില്‍ എത്ര മാസം പ്രദര്‍ശിപ്പിച്ചാലാണ് നിര്‍മ്മാതാവിന് തന്‍റെ മുടക്ക് മുതലെങ്കിലും തിരികെ കിട്ടുക.  മുങ്ങിച്ചാകാന്‍ പോകുന്നവന് കിട്ടുന്ന കച്ചിത്തുരുമ്പ് തന്നെയാണ് ഒ ടി ടി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം.  

ഒ.ടി.ടി ഫ്ലാറ്റ്ഫോമിൽ സിനിമകൾ റിലീസായി തുടങ്ങിയാൽ  തിയേറ്ററുകാർ എന്തുചെയ്യും എന്നൊരു ചോദ്യം കേട്ടിരുന്നു. തിയേറ്ററില്‍ പോയി സിനിമ കാണുന്നവര്‍ അവിടെ തന്നെ പോയി കാണും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനാകില്ല എന്ന് മാത്രം.   കോവിവിഡ് 19- ന്‍റെ തീവ്രത  കുറയുമ്പോള്‍ അതും സാധ്യമാകും. ചുരുക്കത്തില്‍ പ്രദര്‍ശനത്തിനു ഒരു പ്ലാറ്റ്ഫോം കൂടി തുറന്നു കിട്ടിയതില്‍ ആശ്വസിക്കുകയാണ് വേണ്ടത്. ഷുവർ ഗ്യാരന്റിയിൽ കളക്ഷൻ കിട്ടും എന്നു ബോധ്യമില്ലാത്ത ഒരു സിനിമയും  പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകാത്ത  ഇവര്‍ എന്നും സിനിമാ വ്യവാസായത്തിനു പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടേയിരിക്കും. 

സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം ഇല്ലാത്തതിനാല്‍  ആവശ്യത്തിനു തിയേറ്റര്‍ ലഭിക്കാതെ എത്രയോ ചെറിയ സിനിമകള്‍ ഇന്നും റിലീസ് ചെയ്യാനാകാതെ ഇരിക്കുന്നു എന്ന സത്യം പകല്‍ പോലെ തെളിഞ്ഞു നില്‍ക്കുമ്പോഴാണ് ഫിലിം എക്സിബിറ്റേഴ്‍സ് ഫേഡറേഷന്‍ പോലുള്ളവര്‍ ഭീഷണിയുമായി വരുന്നത് എന്നത് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. 
 
റാഫി മതിര

റാഫി മതിര facebook - ൽ പോസ്റ്റ് ചെയ്തത്. 

No comments:

Powered by Blogger.