ഓർമ്മച്ചെപ്പിലെ " ജാലകം " .
ഓർമ്മച്ചെപ്പിലെ " ജാലകം " .
1987 മേയ് 28- കൃത്യമായി പറഞ്ഞാൽ
ഇന്നേക്ക് 33 വർഷം മുൻപ് അന്നാണ് മലയാളി നെഞ്ചേറ്റിയ " ജാലകം " എന്ന ചലച്ചിത്രം അഭ്രപാളിയിലെത്തിയത്.
നല്ല കാമ്പുള്ള കഥയും,ഒഴുക്കുള്ള തിരക്കഥയും,ഇമ്പമാർന്ന ഗാനങ്ങളും കൊണ്ട്പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ ചിത്രമാണ് " ജാലകം " .
മലയാള സിനിമയുടെ 'സുകൃതം',
ഹരികുമാർ എന്ന സംവിധായകൻ്റെ
സംവിധാനമികവിൽ മലയാളിക്ക് ലഭിച്ച ഒരു അതുല്യ കലാ സൃഷ്ടി.
ആമ്പൽപ്പൂവ്, സ്നേഹപൂർവ്വം മീര,
ഒരു സ്വകാര്യം, അയനം,പുലിവരുന്നേ പുലി എന്നീ ചിത്രങ്ങൾക്ക് ശേഷമാണ്
ഹരികുമാർ സാർ " ജാലകം " സംവിധാനം ചെയ്തത്.
അദ്ദേഹത്തിൻ്റെ ആറാമത് ചിത്രം.
കഴിഞ്ഞ അഞ്ച് ചിത്രങ്ങളിലൂടെ
മികച്ച സംവിധായകൻ എന്ന
പേര് നേടിയെടുത്ത അദ്ദേഹം
ജാലകത്തിലൂടെ പുതിയൊരു തിരക്കഥാകൃത്തിനെ മലയാളത്തിന് സമ്മാനിച്ചു.മറ്റാരുമല്ല,
കേരളക്കരയുടെ പ്രിയ കവി ബാലൻ ചുള്ളിക്കാട് .ചുള്ളിക്കാടിൻ്റെ ആദ്യ തിരക്കഥ ' ജാലകം' ആണ്.
പിൽക്കാലത്ത്പേരുകേട്ട ഛായാഗ്രാഹകനായി മാറിയ
കെ.ജി.ജയൻ ആദ്യമായി ക്യാമറ ചലിപ്പിച്ച ചിത്രവും ' ജാലകം' തന്നെ.
തൻ്റെ സിനിമയിലെ ഗാനങ്ങളുടെ
നിലവാരത്തിൽ എന്നും ശ്രദ്ധ പുലർത്തുന്ന ഹരികുമാർ സാർ
ജാലകത്തിലും വിട്ടുവീഴ്ച്ച ചെയ്തില്ല.
പ്രശസ്ത കവി ഒ.എൻ.വി. എഴുതി
എം.ജി.രാധാകൃഷ്ണൻ ഈണമിട്ട
രണ്ട് ഗാനങ്ങളായിരുന്നു
ജാലകത്തിൽ ഉണ്ടായിരുന്നത്.
ഒന്ന് യേശുദാസിൻ്റെ
ആലാപനത്തിലും, മറ്റൊന്ന് കെ.എസ്.ചിത്രയുടെ
ആലാപനത്തിലും ഹിറ്റായി മാറി.
ഒരു ദലം മാത്രം എന്ന ഗാനം
യേശുദാസ് ആലപിച്ചപ്പോൾ,
ഉണ്ണീയുറങ്ങാരാരിരോ
എന്ന ഗാനമാണ്ചിത്ര ആലപിച്ചത്.
മുപ്പത്തിമൂന്ന് വർഷങ്ങൾ
പിന്നിടുമ്പോഴും,ഇന്നും തലമുറ വ്യത്യാസമില്ലാതെമലയാളിയുടെ ചുണ്ടിൽ ഈ ഗാനങ്ങൾ തങ്ങിനിൽക്കുന്നു.
അന്നും ഇന്നും മലയാള സിനിമ
പ്രേക്ഷകരെ എല്ലാം കൊണ്ടും തൃപ്തിപ്പെടുത്തുന്ന ഒരു ചലച്ചിത്ര സൃഷ്ടിയാണ് " ജാലകം " .
അഭിനേതാക്കളെ
തെരഞ്ഞെടുക്കുന്നതിലും,
അവരെ കഥാപാത്രങ്ങളായി
രൂപപ്പെടുത്തുന്നതിലും
സംവിധായകൻ കാണിച്ച മികവ്
ചിത്രത്തിൻ്റെ എടുത്തു പറയത്തക്ക
പ്രത്യേകതകളിൽ ഒന്നാണ്.
അശോകൻ, മുരളി, എം.ജി.സോമൻ, ശ്രീനാഥ്, ബാബു നമ്പൂതിരി, ജഗതി, ഇന്നസെൻ്റ്,ജഗദീഷ്, ടി.പി.മാധവൻ,
സുകുമാരി, ശ്രീവിദ്യ,
കെ.പി.എ.സി.ലളിത, പാർവ്വതി
എന്നിവരുടെ മികച്ച അഭിനയം
ചിത്രത്തിന് മുതൽക്കൂട്ടായി.
അമ്മു ആർട്ട്സിൻ്റെ ബാനറിൽ
എം.ചന്ദ്രിക നിർമ്മിച്ച ജാലകത്തിൻ്റെ എഡിറ്റർ ജി.മുരളി ആയിരുന്നു.
ജാലകത്തിന് ശേഷം ഊഴം,
എഴുന്നള്ളത്ത്, സുകൃതം,
ഉദ്യാനപാലകൻ,സ്വയംവരപ്പന്തൽ,
പുലർവെട്ടം, പറഞ്ഞുതീരാത്ത വിശേഷങ്ങൾ, സദ്ഗമയ, കാറ്റും മഴയും, ക്ലിൻറ് എന്നീ ചിത്രങ്ങളും,
ലോക്ക് ഡൗണിന് തൊട്ടു മുൻപ്
ചിത്രീകരണം പൂർത്തിയായ
'ജ്വാലാമുഖി' എന്ന ചിത്രവും
ഹരികുമാർ എന്ന സംവിധായകൻ്റെ പ്രതിഭയിൽ ഒരുങ്ങി.
ദേശീയവും അന്തർദ്ദേശീയവുമായ
നിരവധി അവാർഡുകളും
വാങ്ങിക്കൂട്ടി.ഇപ്പോൾ എം. മുകുന്ദൻ്റെ തിരക്കഥയിൽ സുരാജിനെ നായകനാക്കി 'ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ' എന്ന ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്
അദ്ദേഹം.
എന്നിരിക്കിലും മലയാളിയുടെ മനസ്സിൽ ജാലകം എന്ന സിനിമയ്ക്കും,
അതിലെ പാട്ടുകൾക്കും
ഒരു പ്രത്യേക സ്ഥാനം തന്നെ ഉണ്ട്.
മുപ്പത്തിമൂന്ന് വർഷങ്ങൾ പിന്നിടുമ്പോഴും സിനിമ ആസ്വാദകരുടെ ഓർമ്മച്ചെപ്പിൻ്റെ ജാലകം തുറന്നാൽ അന്നും ഇന്നും എന്നും അവിടെ ഒരു
മനോഹര ചിത്രമായി
'ജാലകം' ഉണ്ടാകും.
ഷാജി പട്ടിക്കര.
( പ്രൊഡക്ഷൻ കൺട്രോളർ)
No comments: