ഉദരനിമിത്തം ബഹുകൃതവേഷം : സീന ഭാസ്കർ .

  ഉദരനിമിത്തം ബഹുകൃതവേഷം .
    ..................................................

ദില്ലിക്കലാപത്തെത്തുടർന്ന് ദുരന്തഭൂമിയായ ശിവവിഹാറിൽ മതരഹിത കമ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനം നന്നായി നടക്കുന്നതിനിടയിലാണ് കൊറോണയുടെ വേട്ട തുടങ്ങുന്നത്. അങ്ങനെ ലോകം മുഴുവൻ അവനവനിലേയ്ക്കൊതുങ്ങിയ ദിവസങ്ങളിലൂടെ ഇന്ത്യയിലെ 29 സംസ്ഥാനങ്ങളുടെയും സ്ഥിതി ദുരന്തമായി.

കൊറോണ പ്രതിരോധത്തിൽ ‌ലോകത്തിന് മാതൃകയായ കേരളം രോഗികളോടും അന്നം മുട്ടിയ മനുഷ്യരോടും മിണ്ടാപ്രാണികളോടും വരെ കരുണ കാട്ടി.  തീർത്തും വികേന്ദ്രീകൃതമായി താഴേത്തട്ടിൽ പ്രവർത്തിക്കുന്ന ആരോഗ്യസംവിധാനങ്ങളിലൂടെ രോഗപ്പകർച്ച തടഞ്ഞു. രണ്ടരലക്ഷം കിടക്കകളൊരുക്കി പ്രവാസികളെ വരവേറ്റു. അതിനിടയിലും "ഉദര നിമിത്തം ബഹുകൃത വേഷങ്ങൾ" പുകിലാടി.

അന്തർസംസ്ഥാനപ്രവാസികൾ അതിർത്തിയിൽ കാത്തുകെട്ടിക്കിടക്കാനിടയായതിനുപിന്നിൽ കൊറോണക്കാലത്തെ സർക്കാരിൻ്റെ പ്രർത്തനത്തെ തുരങ്കം വയ്ക്കാൻ കേരളം സ്വർലോകമാണന്ന തൽപ്പരകക്ഷികളുടെ  വ്യാപകമായ പ്രചാരണത്തിലൂടെ സ്വസ്ഥമായി മറ്റു സംസ്ഥാനങ്ങളിൽ ജീവിച്ചിരുന്നവരെ വലിച്ചിറക്കി പെരുവഴിയിലിറക്കി നിർത്തി.ആർക്കൊക്കെ ഇതിലൂടെ രോഗവ്യാപനമുണ്ടായിട്ടുണ്ടെന്നറിയില്ല.
വല്ലനാട്ടിലും സ്വസ്ഥമായി  കഴിഞ്ഞുപോന്നവരോടുള്ള  സാമൂഹ്യ ഉത്തരവാദിത്തംനിറവേറ്റിയതിങ്ങനെ...

തൊട്ടയലത്തും ഇത്തിരിയകലത്തെയും സ്ഥിതിയൊന്നറിഞ്ഞുവേണം ഇതിനെതിരെയുള്ള പ്രചരണത്തിന് കൊണ്ടുപിടിച്ചിറങ്ങാൻ. ഇവിടെ ദില്ലിയിൽ അടുക്കളപ്പണിയെടുത്ത് കുടുംബം പോറ്റിയ പാവങ്ങൾക്ക് പണിയില്ലാതെ തെരുവിൽ കൈക്കുഞ്ഞുങ്ങളേയുമെടുത്ത് ചെറിയ മക്കളുമായി പിച്ചതെണ്ടിത്തുടങ്ങി.  കെജ്രിവാളിന്റെ സർക്കാരിനും കേന്ദ്രത്തിലെ പുലികൾക്കും അതിലൊന്നും ചെയ്യാനുമില്ല. അല്ലെങ്കിൽ അതിനാവതില്ല.  അതിലാർക്കും പരാതിയുമില്ല.  മറ്റിടങ്ങളിൽ ജീവിയ്ക്കുന്നവരെ വിളിച്ചു വരുത്തി സംസ്ഥാനാതിർത്തിയിൽ നിർത്തി, മാന്യമായി പണിയെടുത്ത സർക്കാരിനും പൊതുജനത്തിനും തലവേദനയുണ്ടാക്കുന്നവർ കേരളത്തിലെ കാഴ്ച വിട്ട് വടക്കോട്ടേക്ക് വരൂ. 

ലോക്ഡൗണിന്റെ മറവിൽ CAA യ്ക്കെതിരെ ചെറുത്തു നിന്നവരെ UAPA ചുമത്തി ജയിലിലടക്കുന്ന ദില്ലിമോഡൽ.   ഇതിനെതിരെ ഒരു പ്രസ്താവനയിറക്കാൻ പോലും തുനിയാത്തവരാണ് ബഹുഭൂരിപക്ഷം കക്ഷികളും . 

ഇന്ന് രാവിലെ എന്റെ ഫോൺ ബെല്ലടിച്ചു. മറുതലയ്ക്കൽ ഹിന്ദിയിൽ " ഞാൻ സോണിയാണ് , ദീദി സുഖമായിരിക്കുന്നൊ? സുഖമെന്ന എന്റെ മറുപടിക്കപ്പുറത്ത് സോണിയുടെ ദുരിതം ഫോണിലൂടെ ചിതറി.  ഭക്ഷണം കഴിച്ചിട്ട് രണ്ടു മൂന്ന് നാൾ, ഇവിടേക്കാരും വരാറില്ല. എന്തെങ്കിലും ഭക്ഷണമെത്തിച്ചു തരാമൊ? ശിവവിഹാറിൽ സംഘ പരിവാർ തീയിട്ട് നശിപ്പിച്ച ഗ്രാമത്തിലെ ഒരു സ്ത്രീയുടെ അതിദാരുണമായ അപേക്ഷയാണ്. അതെങ്ങനെ നിറവേറ്റും. ശിവവിഹാറിൽ ഞങ്ങൾ കമ്മ്യൂണിറ്റി കിച്ചൺ നടത്തിയപ്പോൾ തിരുവനന്തപുരം വിമൻസ് കോളേജദ്ധ്യാപികയും സുഹൃത്തുമായ സുമ ടീച്ചർ സംഭാവന നൽകിയ 5000,  മാധ്യമം പത്രത്തിലടിച്ചുവന്ന കമ്മ്യൂണിറ്റി കിച്ചൺ വാർത്തകണ്ട് എന്റെയും ബ്രിട്ടോയുടെയും സുഹൃത്തായ, ഗൾഫിലൊരു ചെറിയ കടനടത്തുന്ന പോത്തൻകോട് സ്വദേശി ഷാജഹാൻ നൽകിയ 3000,  ഇനി കമ്മ്യൂണിറ്റി കിച്ചൺ ഫണ്ടിൽ ബാക്കിയായ  2000 രൂപ അവർക്കയച്ചുകൊടുക്കാനും നിശ്ചയിച്ചു. പട്ടിണി കിടക്കുന്ന ആയിരങ്ങളിൽ ഒരു കുടുംബത്തിന് മാത്രമാശ്വാസമായിട്ടെന്ത് കാര്യം.  

ഇന്ത്യയിലിങ്ങനെ നാൽപത് കോടിയിലധികം സോണിയമാരുണ്ട്.  ഒന്നോർത്താൽ നാടുവാഴികളെക്കാൾ ദയാദാക്ഷിണ്യം കൊറോണക്കുണ്ടെന്ന് തോന്നിപ്പോകുന്നു. കാരണം ഈ പ്രദേശങ്ങളെ ഇനിയും കൊറോണ ബാധിച്ചിട്ടില്ല.


സീന ഭാസ്കർ  , ( സാഹിത്യക്കാരി ) .

No comments:

Powered by Blogger.