കുടുംബ കലഹവും മാനസിക സംഘർഷങ്ങളും : ടി.എ. പാലമൂട് .
കോവിഡ് 19-നെ പ്രതിരോധിക്കാൻ കൊറോണാ വൈറസിൻ്റെ സമൂഹവ്യാപനത്തെ തടയിടുന്നതിനും വേണ്ടി ഗൃഹനിയന്ത്രിത
ജീവിതത്തിലൊതുങ്ങി അല്ലെങ്കിൽ ക്വാറൻ്റൈനിൽ ജീവിക്കുന്ന കുടുംബങ്ങളിൽ കലഹങ്ങളും വീട്ടിൽ കഴിയുന്നവർ തമ്മിൽ അന്യോന്യം കലമ്പലുകളും ഉടലെടുക്കുന്നു എന്നൊരു റിപ്പോർട്ട് കാണുകയുണ്ടായി.
കുടുംബ ജീവിതങ്ങളിലുണ്ടായിരിക്കുന്ന മിക്ക അസ്വസ്ഥതകളും കൊറോണക്കാല ജീവിതം മൂലമാണ് എന്നുള്ളത് തികച്ചും അവാസ്ഥവമാണ്. കൊറോണയ്ക്കു മുമ്പും വീടുകളിൽ ചെറുതും വലുതുമായ കലഹങ്ങൾ ഉണ്ട്.ദമ്പതികൾ അന്യോന്യം പഴിച്ചു വഴക്കും വക്കാണവുമുണ്ടാക്കി ജീവിതം അസ്വാരസ്യമാക്കാറുണ്ട്. ഇനി ഒരു നിമിഷം പോലും ഒന്നിച്ചു പൊറുക്കില്ലെന്നു നിശ്ചയിച്ചു വിവാഹമോചനം വിളിച്ചുകൂവിയവരിൽ പലരും ഈ കാലഘട്ടത്തിൽ നിർബന്ധിതമായി ഒന്നിച്ചു കഴിയുന്നു.
ചിലപ്പോൾ അവരിൽ പലരും വൈകാരികമായി അകന്നു കഴിയുന്നുണ്ടാകാം.കുടുംബകലഹങ്ങൾ അന്നും ഇന്നും ഉണ്ട്.
കൊറോണാക്കാലം കഴിഞ്ഞാലും തുടരുകയും ചെയ്യും . എന്നാൽ ഈ പ്രത്യേക അവസ്ഥയിൽ അത്തരം വീട്ടുവഴക്കുകൾക്കൊരു കുറവുണ്ടെന്നാണു ഞാൻ മനസിലിക്കുന്നത്.എന്നാലും ചില അത്യാവശ്യമോ അനാവശ്യമോ ആകാവുന്ന ആഗ്രഹങ്ങളിൽ നിന്നും ദേഷ്യവും വാശിയും വരാവുന്ന സംഘട്ടനങ്ങൾ നമുക്കൊന്നു തിരയാം.
ലോക്ക്ഡൗൺ ആയതുകൊണ്ട് ഇഷ്ടകാര്യങ്ങളുടെ അഭാവം ,നിയന്ത്രണം ആണ് മിക്കവർക്കും അസ്വസ്ഥതയുണ്ടാക്കുന്നത്. മോബൈൽ ഫോണിനു സംഭവിക്കുന്ന കേടാണ് കുട്ടികൾക്കും മറ്റും കൂടുതൽ ദേഷ്യമുണ്ടാക്കുന്നത്. എപ്പോഴും മൊബൈൽ ഫോണുമായി നടക്കുന്നവർക്ക് അതില്ലാതെ സമയം തള്ളില്ല.നല്ലതും ചീത്തയുമായ, ആവശ്യവും ആവശ്യമില്ലാത്തതുമായ മൊബൈൽ ഉപയോഗം നിന്നുപോകുന്നതു സഹിക്കില്ല.
കുട്ടികൾ കൂടുതൽ കോപത്തിലാകുന്നു.ടീവീ കേടായാൽ അത്തരം താല്പര്യമുള്ളവർ ക്ഷുഭിതരാകുന്നു. എല്ലാ ദിവസങ്ങളിലും മുന്തിയ
ഹോട്ടലുകളിൽ നിത്യവും കയറുന്ന സ്വഭാവമുള്ളവരുടെ നാക്കിൽ ആധുനിക പാചകരുചി വറ്റിയപ്പോൾ പരിമിതമായ, നിയന്ത്രിതമായ ഭക്ഷണചര്യ പൊട്ടിത്തെറികളുണ്ടാക്കുന്നു.ഇപ്പോൾത്തന്നെ ഒരു കൊച്ചുകുട്ടി അച്ഛനെ കത്തി കാണിച്ച് ഇഷ്ടഭക്ഷണമായ ബർഗർ വാങ്ങിത്തരണമെന്ന് ഭീഷണിപ്പെടുത്തി നിരത്തിലിറക്കിയ സംഭവം പത്രവാർത്തകളിലൂടെ നമ്മൾ കണ്ടു. ആ പിതാവ് ഭയചകിതനായി വിയർത്തുകുളിച്ചിരുന്നു. ലോക്ക് ഡൗണിൽ ഒരു മാനസിക സംഘർഷമായിരുന്നു ആ കുട്ടിയുടെത്. എന്തും ചെയ്യാനുള്ള ക്രൂരത ആ കുട്ടിയുടെ മസ്തിഷ്കം ഉണർത്തും . കാരണം നമ്മുടെ ഇഷ്ടാനിഷ്ടങ്ങളനുസരിച്ചാണ് ബ്രയിൻ പ്രവർത്തിക്കുന്നത് നല്ലതും ചീത്തയും വേർതിരിക്കില്ല.നമ്മുടെ നിയന്ത്രണശേഷിയാണ് അതിനാധാരം.
ശാരീരികബന്ധത്തിന് അമിതമായ ആഗ്രഹം പുലർത്തുന്ന ആണും പെണ്ണും ഭീതിയോടെ അകലം പാലിക്കുന്നതുമൂലമുള്ള അസ്വസ്ഥതകൾ ദേഷ്യപ്രകടനങ്ങളിലേക്കു കടന്നുവരാം. അനിയന്ത്രിതമായ ചാപല്യങ്ങൾ അവരിലുണർന്നേക്കാം.പ്രായമുള്ളവർക്ക് മരുന്നും ഭക്ഷണവും പരിചരണവും പരിമിതമാകുമ്പോൾ അവർക്കുണ്ടാകുന്ന ദേഷ്യവും വീടിൻ്റെ നാലു ചുവരുകളിൽ മുഴങ്ങിയേക്കാം. മദ്യപാനരസത്തിനു കടിഞ്ഞാണിട്ടപ്പോൾ കുടിയൻമാർക്കുള്ള അസഹിഷ്ണത. കുടുംബത്തിലെ സമ്പദ്ഘടന ശോഷിക്കുന്നതുകൊണ്ട് സുഖസമൃദ്ധി നിയന്ത്രിക്കേണ്ടിവരുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയും നമ്മൾ കണക്കിലെടുക്കണം.ഇതുപോലെ വ്യക്തിമനസ്സിൻ്റെ സംഘർഷമാണ് കുടുംബകലഹങ്ങളേക്കാൾ നമ്മൾ കണക്കിലെടുക്കേണ്ടതും പ്രതിവിധി കാണേണ്ടതും.
ലോക്ഡൗൺ പലതരത്തിലുംആസ്വാ
ദ്യകരമാക്കിയാൽകടന്നുവരാനിടയുള്ള മാനസികസംഘർഷങ്ങൾക്ക് ഒരു പരിധി വരെ പരീഹാരം കണ്ടെത്താം. എഴുത്തും വായനയും സഗീതവും ഇൻഡോർ ഗയിമുകളും പഠനവും വ്യായാമവും, കരകൗശലകൗതുകവും ആരോഗ്യദായകപ്രവർത്തനങ്ങളും വീട്,പരിസരശുചീകരണം അടുക്കും ചിട്ടയും പൊടിതട്ടലും, അടുക്കളയിലെ ഏകോപനപാചകവും പറമ്പിലെ കാർഷിക പുതുമയും മുറ്റത്തെ ചെടികളുടെ സംരക്ഷണവും സമൃദ്ധമാക്കാൻ കഴിയുമെന്നതുകൊണ്ട് ലോക്ഡൗണിനെ നമ്മുടെ വരുതിയിൽ നിർത്തി ആനന്ദപൂർണ്ണമാകുന്ന ദിനങ്ങളാക്കി മാറ്റാം.
എങ്കിലും അതീവഗൗരവത്തോടെ സമീപിക്കേണ്ട സുപ്രധാനസംഗതികളുണ്ട്. ശാരീരികമായും മാനസികമായും ചില അനിയന്ത്രിത അസ്വസ്ഥതകൾ ചിലരിലെങ്കിലും ഉണ്ടാകാം. ഇത് ഭയവും ഉത്ക്കണ്ഠയുമാണ്. ഒരുമാനസികപരിവേഷമില്ലാതെ ഏകാന്തതയിൽ മുരടിച്ചിരിക്കുന്നവർക്ക് പടിപടിയായി മാനസികസംഘർഷമുണ്ടാകാറുണ്ട്. നിരാശാജനകമായ ചിന്തകൾ പൊന്തിവരുമ്പോൾ മനസിനു കട്ടിയില്ലാത്തവർക്ക് ഉത്ക്കണ്ഠ രൂഢമൂലമാകുന്നു. ജീവിതത്തിലുള്ള അസംതൃപ്തി ഭാവിയിൽ വളർന്നുവലുതാകുമോ എന്ന ചിന്ത.സാമ്പത്തികമായി തകരുന്നുവല്ലോ എന്ന ഭീതി . ഭാവിയിൽ ജീവിതം വലിയ തകർച്ചയിലെത്തുമോ എന്നും ഇതുവരെയും നല്ല രീതിയിൽ ജീവിക്കാൻ പറ്റിയില്ലല്ലോ എന്നുമുള്ള ഉത്ക്കണ്ഠ. മനക്കട്ടിയില്ലാത്തവർക്കും രോഗികൾക്കും മരണഭീതി. പ്രായമുള്ളവർക്കാണ് അല്ലെങ്കിൽ മറ്റുരോഗങ്ങളുള്ളവരും മരുന്നുകഴിച്ചൊണ്ടിരിക്കുന്നവർക്കുമാണ് കോവിഡ്-19 പെട്ടെന്നു ബാധിക്കുന്നതെന്ന മുന്നറിയിപ്പു പോലും ഭീതിയുണർത്തുന്നു. ആത്മഹത്യാ സ്വഭാവജീനുകളുള്ളവർ സ്വയം മരിക്കാൻ കരുക്കൾ നീക്കാനും സാധ്യതയുണ്ട്. മക്കൾ വിദേശരാജ്യങ്ങളിലുണ്ടെങ്കിൽ മരണം അവരുടെ പിന്നാലെ നടക്കുന്ന ദുസ്വപ്നങ്ങളും അതുപോലെ ആശ്രയം ലഭിക്കില്ലെന്ന ഭീതിയോടെ ഉറക്കത്തിൽ ഞെട്ടിയുണരുകയും ഇരുട്ടു വന്നാൽ കട്ടിലിനു കീഴിൽ ഒളിച്ചിരിക്കുകയൂം ചെയ്യുന്ന സംഭവങ്ങൾ എനിക്കറിയാം.
സ്വന്തം ഭാര്യയെ വേർപെടുത്തി വർഷങ്ങൾക്കു മുമ്പ് സ്നേഹിച്ചിരുന്ന പെണ്ണിനെ കല്യാണം കഴിക്കണമെന്ന ചിന്തക്കടിമയായ ഒരു വ്യക്തിയുടെ സങ്കടങ്ങളും ലോക്ക്ഡൗണിൻ്റെ കാലത്തു കേൾക്കാൻ കഴിഞ്ഞു. മക്കടെ കല്യാണം ആലോചിച്ചുറപ്പിച്ചവരുടെ നിരാശ, കടഭാരം തീർക്കാനാവാതെ മനസു തകർന്നവർ, അന്നന്നു ജോലിചെയ്തുകഴിഞ്ഞവരുടെ പട്ടിണി രോഗങ്ങൾ ഇവയെല്ലാം ഉണർത്തിയെടുക്കുന്ന വിഭ്രാന്തികൾ. നിരവധി പ്രശ്നങ്ങൾ .
മാനസികസംഘർഷവും ഭീതിയുമുണർത്തുന്ന ഉത്ക്കണ്ഠകൾ ഒഴിവാക്കാൻ സമയാസമയങ്ങളിൽത്തന്നെ പരിശീലനം സിദ്ധിച്ച മനശാസ്ത്രജ്ഞരുടെയും മനോരോഗവിദഗ്ദരുടെയും ചികിത്സയും നിർദ്ദേശങ്ങളും എത്തിക്കേണ്ടതാണ്. ടെലികൗൺസലിംഗ് അശാസ്ത്രീയമാണെന്നതുകൊണ്ട് നേരിട്ടുള്ള കൗൺസലിംഗിനു വിധേയരാക്കേണ്ടതാണ്.
ഇക്കാലത്തെ ഒട്ടനവധി പ്രശ്നങ്ങൾ ഏതു ദുരന്തകാലഘട്ടത്തിലുണ്ടാകുന്നതുപോലെയാണ് അവ പരിഹരിക്കാനാവുന്നതുമാണ്.
കൊറോണയെ തുരത്താൻനടപടികളെടുക്കുന്നതു
പോലെ ജനങ്ങളുടെ മാനസികപ്രശ്ന
ങ്ങൾക്കും ആശ്വാസം കൊടുക്കാൻ സർക്കാരും നമ്മളും തുനിയേണ്ടതാണ്.
മിക്ക മാനസിക പ്രശ്നങ്ങൾക്കും
പരിഹാരം മനസിൻ്റെ സന്തോഷമാണ്. മാനസികപോഷണത്തിന് നല്ല കോമഡികൾ വായിക്കുകയും കാണുകയും പറയുകയും ചെയ്യുമ്പോഴുണ്ടാകുന്ന സൗഖ്യം മറ്റൊന്നിനുമില്ല. നിരവധി കോമഡിസിനിമകൾ പ്രക്ഷേപണം ചെയ്യാൻ ടിവീചാനലുകൾ ശ്രദ്ധിക്കണം.മാനസിക
സംഘർഷമുണ്ടാക്കുന്ന ചിത്രങ്ങൾ ഒഴിവാക്കണം.ലോക്ഡൗൺ സന്തോഷത്തോടെ പിന്നിടാൻ നമുക്കു ശക്തി നേടാം.
ടി.എ. പാലമൂട് . ( സാഹിത്യക്കാരൻ )
No comments: