ജോൺ ഏബ്രഹാമിന് സ്മരണാഞ്ജലി.


വ്യവസ്ഥാപിത ചലച്ചിത്ര സങ്കല്‍പ്പങ്ങളെയും സാമൂഹിക സദാചാര ബിംബങ്ങളെയും അട്ടിമറിച്ചുകൊണ്ട് ജനകീയമായ സംവേദന രീതികളും സ്ഥലകാല സങ്കല്‍പ്പങ്ങളും പുനര്‍നിര്‍മ്മിച്ചുകൊണ്ടും സിനിമകളെ സൃഷ്ടിച്ച  ജോൺ  ഏബ്രഹാമിന്റെ വേര്‍പാടിന്‌ ഇന്ന് മുപ്പത്തിമൂന്ന്  
വർഷം  തികയുന്നു. ഇന്ത്യയിലെ ചലച്ചിത്ര രംഗത്തെ ഒറ്റയാനാണ് ജോണ്‍ എബ്രഹാം. 50 വയസ്സുകൊണ്ട് അദ്ദേഹം സിനിമയുടെ വേറിട്ടുള്ള ചില കാഴ്ചകള്‍ അവശേഷിപ്പിച്ചാണ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. മലയാളത്തിലെ മികച്ച ചലച്ചിത്രസംവിധായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ആളാണ് ജോൺ. ജനകീയ സിനിമയുടെ പിതാവ് എന്നാണ് ജോണ്‍ എബ്രഹാം അറിയപ്പെടുന്നത്. 

കാലത്തിലൂടെയുള്ള കലാകാരന്റെ വ്രണിത തീര്‍ഥാടനം സ്വന്തം ചോരകൊണ്ട്‌ സാക്ഷ്യപ്പെടുത്തിയ ചലച്ചിത്ര സംവിധായകന്‍ ജോണ്‍ ജീവിതം വരും തലമുറക്ക്‌ കടംകഥയായേക്കാം. ജോണ്‍ ഏബ്രഹാമിന്റെ ജീവിതം സത്യത്തിന്റെ നഗ്നമായ പ്രകാശനമായിരുന്നു. കലാപരമായ സത്യസന്ധതയും ധിഷണാപരമായ ധിക്കാരവും മാത്രമായിരുന്നു അദ്ദേഹത്തിന്റെ മൂലധനം. വിട്ടുവീഴ്‌ചയില്ലാത്ത സത്യാത്മകതയില്‍ നിന്ന്‌ വളര്‍ന്നതാണ്‌ ജോണ്‍ ഏബ്രഹാമിന്റെ എല്ലാ സൃഷ്‌ടികളും. അഗ്രഹാരത്തില്‍ കഴുതൈ, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍, അമ്മ അറിയാന്‍ എന്നീ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മൗലികതയുള്ള രചനകളാണ്‌. മുറിവേറ്റ മൃഗത്തിന്റെ നീറ്റലോടെ തന്റെ യാത്രകളിലൂടെയും സിനിമകളിലൂടെയും ഗാഢാനുഭൂതിയുള്ള സ്‌നേഹത്തെ പിന്തുടര്‍ന്നവനാണ്‌ ജോണ്‍ ഏബ്രഹാം. 

അവധൂതന്‍. നിഷേധി. കള്ളുകുടിയന്‍. അരാജകവാദി. ബുദ്ധിജീവി - പലര്‍ക്കും പലതായിരിക്കും ജോണ്‍ എബ്രഹാം. പലകുറി പകല്‍ കത്തിത്തീര്‍ന്നാലും രാവിരുട്ട് മാഞ്ഞാലും തീരാത്രത്ത കഥകള്‍ പറയാനുണ്ടാകും ജോണിനെക്കുറിച്ച്. പക്ഷേ ആ പലമകളില്‍ ഒരു ഏകതയുണ്ട്. നടപ്പുകാഴ്‍ചശീലങ്ങളെ പിടിച്ചുകുലുക്കിയ ചലച്ചിത്രഭാഷ പടച്ചവന്‍ എന്ന പെരുമയാണ് അത്. തികച്ചും മൗലികമായ സൃഷ്ടികളായിരുന്നു ജോണ്‍ എബ്രഹാമിന്‍റേത്. കാലത്തിലൂടെയുള്ള കലാകാരന്‍റെ തീര്‍ത്ഥാടനം അത് ജോണ്‍ എബ്രഹാം സ്വന്തം ചോരകൊണ്ട് അഭ്രപാളികളില്‍ വിവരിക്കുകയായിരുന്നു.
സിനിമയായിരുന്നു ജോണിന് എല്ലാമെല്ലാം. ചലച്ചിത്ര ആഖ്യാനത്തിന് മാത്രമല്ല ചലച്ചിത്ര ആസ്വാദനത്തിനും പുതിയ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ചലച്ചിത്ര വേദിക്ക്‌ നവഭാഷ്യങ്ങള്‍ നല്‍കി നേര്‍ക്കാഴ്‌ചകളൊരുക്കിയ അതുല്യകലാകാരനായിരുന്നു ജോണ്‍. ആത്മാവിഷ്‌കാരത്തിന്റെ ആകര്‍ഷണശക്‌തിയുള്ള ആധുനികശൈലിയും ചിത്രീകരണവുമെല്ലാം അദ്ദേഹത്തെ പ്രിയങ്കരനാക്കി. അവയ്‌ക്ക് ജനപ്രീതിയും കലാമേന്മയും ഒരേസമയം നേടാന്‍ കഴിഞ്ഞു. ഇദ്ദേഹത്തിന്റെ സിനിമകള്‍ ഭാവവൈചിത്ര്യമാര്‍ന്ന ലോകത്തിന്റെ നിത്യസാക്ഷ്യങ്ങളാണ്‌. 
ജോണ്‍ ഏബ്രഹാമിന്റെ ചിത്രങ്ങള്‍ കേരളത്തിലെ മധ്യവര്‍ഗ ആസ്വാദന വിഭാഗത്തിന്റെ അവബോധത്തെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. 

1972-ൽ നിർമ്മിച്ച വിദ്യാർത്ഥികളേ ഇതിലേ ഇതിലേ ആയിരുന്നു ആദ്യ സിനിമ. തുടർന്നുവന്ന 1977-ലെ അഗ്രഹാരത്തിലെ കഴുതൈ എന്ന തമിഴ് സിനിമയും 1979-ലെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും, 1986-ലെ അമ്മ അറിയാൻ എന്ന മലയാളചിത്രവും ജോണിനെ ഇന്ത്യൻ സിനിമയിൽ അവിസ്മരണീയനാക്കി. ഇത്രയും പരിമിതമായ സംഭാവനയിലൂടെ സിനിമാലോകത്തില്‍ ആദരിക്കുപ്പെടുന്ന വ്യക്തിയായിത്തീരാന്‍ ജോണിനു കഴിഞ്ഞത് കാരണം അദ്ദേഹത്തിന് സിനിമയോടുണ്ടായിരുന്ന അതിയായ സ്‌നേഹവും അര്‍പ്പണബോധവുമാണ്. സിനിമയ്ക്കുവേണ്ടി എല്ലാം നഷ്ടപ്പെടുത്തിയ ആളാണ് ജോണ്‍.

രാഷ്ട്രീയ പ്രമേയം ഉള്‍ക്കൊള്ളുന്നതായിരുന്നു-വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ കുറിച്ചായിരുന്നു ഈ സിനിമയുടെ ഇതിവൃത്തം. ഇതിലേയിലൂടെയായിരുന്നു തുടങ്ങിയതെങ്കിലും തമിഴകത്ത് അഗ്രഹാരത്തിലേക്കു ഒരു കഴുതയെ നടത്തിക്കയറ്റിയാണ് ജോണ്‍ ആഴത്തില്‍ നയം വ്യക്തമാക്കിയത്. വ്യക്തമായ ഒരു സാമൂഹ്യദര്‍ശനത്തില്‍ ഊന്നിയ അഗ്രഹാരത്തില്‍ കഴുതൈ വിപ്ലവകലയായി മാറി സര്‍ഗ്ഗാത്മകതയുടെ കൊടിമുടി കയറുകയാണ് ചെയ്‍തത്. നവസിനിമകളില്‍ അന്ന് മറ്റൊന്നിനോടും സാദൃശ്യം പോലും കല്‍പ്പിക്കാനാകാത്ത വിധം ഭാവശില്‍പ്പത്തില്‍ വ്യത്യസ്തവുമായിരുന്നു അഗ്രഹാരത്തില്‍ കഴുതൈ. വ്യക്തമായ രാഷ്ടീയ നിരീക്ഷണങ്ങളും സാമൂഹ്യ വിമർശനവും പരീക്ഷണാത്മകതയും ഓരോ സിനിമയേയും വേറിട്ടു നിർത്തി.'അഗ്രഹാരത്തിലെ കഴുത' യെന്ന ചിത്രത്തിനെതിരേ ഒരു വിഭാഗം ശക്‌തമായ പ്രതിഷേധത്തോടെ രംഗത്തിറങ്ങി. അഗ്രഹാരത്തിലേക്കു ജോൺ ഒരു കഴുതയെ നടത്തിക്കയറ്റിയതു സവർണ മേധാവിത്വത്തിന്‌ എതിരേയുള്ള വെല്ലുവിളിയോടെയായിരുന്നു. '

ചെറിയാച്ചന്റെ ക്രൂരകൃത്യത്തിലെത്തുമ്പോള്‍ കറുത്ത ഹാസ്യത്തിന്റെ തേങ്ങല്‍ ഇന്ത്യന്‍ സിനിമയില്‍ കേള്‍പ്പിച്ചു ജോണ്‍. നില്‍പ്പുതറ ഇടിഞ്ഞ് സുരക്ഷിതത്വം ഇല്ലാതാകുന്ന സാമൂഹികാവസ്ഥയുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ആശങ്കപ്പെട്ട് നിസ്സഹായതയുടെ ഭീതിയിലേക്ക് വീഴുന്ന മധ്യവര്‍ത്തിസമൂഹത്തിന്റെ പ്രതീകമായി ചെറിയാച്ചനെ അടയാളപ്പെടുത്തുകയായിരുന്നു ജോണ്‍. സാമൂഹികസാഹചര്യങ്ങളുടെ കരണംമറിയലുകളുകളില്‍ പകയ്ക്കുന്ന മധ്യവര്‍ത്തിസമൂഹത്തിന്റെ സര്‍ഗ്ഗാത്മക ചിത്രീകരണം മാത്രമല്ല ഇത്. മറിച്ച് ചെറിയാച്ചന്റെ മനസ്സിന്റെ പകലിരവുകളെ ബിംബപ്രതിബിംബങ്ങളാല്‍ പകര്‍ത്തുക വഴി കഥാവഴിയില്‍ ചിത്രം സാമൂഹികവിമര്‍ശന ദൗത്യം മാത്രമേറ്റെടുക്കാതെ മികച്ച ഒരു വ്യക്തികേന്ദ്രീകൃതമായ ചലച്ചിത്രാനുഭവവും നല്‍കുന്നു. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിൽ' ഫ്യൂഡൽ വ്യവസ്‌ഥിതിയെയും പോലീസ്‌ അരാജകത്വത്തെയും ജോൺ വരച്ചുകാട്ടി. ചിത്രത്തിൽ ഒരു ഭൂപ്രഭുവിനെ ജോൺ തെങ്ങിൻമുകളിലേക്കു കയറ്റിയതു ഒട്ടേറെ അർഥതലങ്ങളുള്ളതായി വ്യാഖ്യാനിക്കപ്പെടുന്നു. അടൂര്‍ ഭാസിയെ മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹനാക്കിയ ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങള്‍ ജോണിന്‍റെ മൗലിക പ്രതിഭ തെളിയുന്ന ചിത്രമാണ്.

ചലച്ചിത്രഭാഷയുടെ പതിവ് സൗന്ദര്യ സങ്കല്‍പ്പങ്ങളെ തീര്‍ത്തും തിരസ്ക്കരിച്ച അമ്മ അറിയാന്‍ ആണ് ജോണിന്റെ ഏറ്റവും ഉത്കൃഷ്ടമായ സൃഷ്ടി. അവസാനത്തേതും. ഒരു പുരുഷന്റെ യാത്രയാണ് ചിത്രം. യാത്രാ മധ്യേ, ഹരിയെന്ന തബലിസ്റ്റിന്റെ മൃതദേഹം കാണുന്നു. ഹരി ആത്മഹത്യ ചെയ്തത് അമ്മയെ അറിയിക്കാനാണ് തുടര്‍ന്നുള്ള യാത്ര. ആ യാത്രയില്‍ കാണുന്ന കാര്യങ്ങളും സംഭവങ്ങളും സ്വന്തം അമ്മയെ പുരുഷന്‍ എഴുതി അറിയിക്കുന്നതാണ് സിനിമയുടെ കഥാവഴി. ഒരു കാലഘട്ടത്തിൽ വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോർക്കാനും, ചോരയിലൂടെ സ്‌ഥിതിസമത്വവാദം ഉറപ്പു വരുത്താനും യുവാക്കളെ ആഹ്വാനം ചെയ്‌ത നക്‌സലിസത്തിന്റെ അനന്തരഫലമായിരുന്നു 'അമ്മ അറിയാൻ' എന്ന ചലച്ചിത്രം.

ജനകീയ സിനിമയുടെ മാനിഫെസ്റ്റോ എന്നതു മുതല്‍ തുടങ്ങുന്നു ഈ ചിത്രത്തിന്റെ പ്രത്യേകതകള്‍. കോഴിക്കോട് കേന്ദ്രമായി ഒഡേസ്സ എന്ന സമാന്തര സിനിമാക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജനങ്ങളില്‍ നിന്ന് പണം പിരിച്ചെടുത്താണ് ജോണ്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തില്‍ തുടങ്ങുന്ന ജനകീയത ഈ ചിത്രത്തില്‍ ഉടനീളം ഇഴചേര്‍ന്നിട്ടുമുണ്ട്. യാഥാര്‍ഥ്യങ്ങളുടെ ഒരു കല്‍പ്പിത രൂപമായിട്ടാണ് അമ്മ അറിയാന്‍ പകര്‍ത്തപ്പെട്ടിരിക്കുന്നത്. എണ്‍പതുകളിലെ കേരളത്തിലെ അവസ്ഥയുടെ നേര്‍രൂപങ്ങളാണ് ചിത്രത്തിലുള്ളത്. നിയതമായ കഥയുടെ ചട്ടക്കൂടുകളെ പൊളിച്ചുപുറത്തുകടന്നാണ് അമ്മ അറിയാന്‍ മുന്നേറുന്നത്. സാര്‍വലൗകികമായ ആസ്വാദനത്തിന്റെ സാധ്യതകള്‍ തുറന്നിടുന്നുമുണ്ട് ഈ ചിത്രം. കമന്ററിയും ആത്മഭാഷണവുമെല്ലാം ചേര്‍ന്ന് ശബ്ദലേഖനവിഭാഗത്തിലും വേറിട്ടുനില്‍ക്കുന്നു.

പരസ്‌പരം അന്വേഷിച്ച്‌ എത്തിയവര്‍ ഒത്തുചേര്‍ന്ന്‌ രൂപം കൊടുത്തതാണ്‌ ഒഡേസ എന്ന പേരില്‍ പ്രസിദ്ധി നേടിയ ജനകീയ സിനിമാ പ്രസ്‌ഥാനം. തൊഴിലാളികള്‍ നേടിയെടുത്ത വിജയത്തിന്റെ സ്‌മരണയായി സ്വീകരിച്ച ആ പേര്‌ അന്വര്‍ത്ഥമായ ഒരു സിനിമ സൃഷ്‌ടിക്കുന്നതിന്റെ ആദ്യപടവുകളായിത്തീര്‍ന്നു. കോഴിക്കോടായിരുന്നു ഒഡേസ കേന്ദ്രീകരിച്ചത്‌. ഒഡേസയിലൂടെ ജോണ്‍ ഏബ്രഹാം സിനിമാ സന്ദേശത്തിനേറ്റ തിരിച്ചടികള്‍ക്കെല്ലാം ക്രിയാത്മകമായി മറുപടി നല്‍കി. 
അമ്മ അറിയാന്‍ 1986-ല്‍ പുറത്തിറങ്ങി. കലാപരതയിലും ശൈലിയിലും സമീപനത്തിലും തികച്ചും അപരിചിതമായ അമ്മ അറിയാന്‍ ജോണിന്റെ മാതൃകല്‌പനകളുടെ കാല്‍ച്ചുവട്ടില്‍ നിവേദിക്കപ്പെട്ട വിശുദ്ധ ബലിപുഷ്‌പമാണ്‌. അനുസ്യൂതമായ അന്വേഷണ ബുദ്ധികൊണ്ട്‌ ജോണ്‍ തന്റെ സിനിമാജീവിതത്തെ സമ്പൂഷ്‌ടമാക്കി. ആധുനിക സിനിമയുടെ വക്താവായിരിക്കുമ്പോഴും അവ ജനകീയമാക്കാന്‍ ജോണ്‍ എബ്രഹാമിന് കഴിഞ്ഞിരുന്നു. അമ്മ അറിയാന്‍ എന്ന ചിത്രം തന്നെ ഇതിനുദാഹരണം.
ഇന്ത്യയിലെ മിക്കവാറും എല്ലാ നഗരങ്ങളിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. അങ്ങനെ ജോണ്‍ എബ്രഹാം ഇന്ത്യയിലെ അറിയപ്പെടുന്ന ചലച്ചിത്ര കാവ്യകാരനായി. ജനകീയ സിനിമയുടെ പിതാവായി. നിരന്തരമായ അന്വേഷണത്തിലൂടെ, അതിലൂടെ കണ്ടെത്തിയ ജീവിതത്തിന്‍റെ സത്യസന്ധമായ ആവിഷ്കാരത്തിലൂടെ അദ്ദേഹം ചലച്ചിത്ര അവതരണത്തിന് പുതിയ ഭാഷ്യം നല്‍കി.

വിലയിരുത്തലുകളും പഠനങ്ങളും ഇനിയുമേറെ സാധ്യതയുള്ള ഈ നാല് ചിത്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് ജോണിന്റെ പൊതു ചലച്ചിത്ര ജീവിതം. പക്ഷേ സിനിമയേയും മറികടന്ന് ജോണ്‍ വളരുന്ന കാഴ്ചയാണ് വ്യത്യസ്ത കാലങ്ങളില്‍ പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുന്നത്. സാഹിത്യത്തില്‍ ബഷീര്‍ ജീവിതം സാധ്യമാക്കിയ ഇതിഹാസവത്ക്കരണം സിനിമയില്‍ ജോണിനുള്ളതാകുന്നു. സാഹിത്യകാരന്‍ കൂടിയായ ജോണിനെക്കുറിച്ചുള്ള കഥകള്‍ സിനിമയേയും വെല്ലുവിളിക്കാന്‍ തക്കവിധം നാടകീയമാകുന്നു. അല്ലെങ്കില്‍ നാടകീയമാക്കപ്പെടുന്നു. ഒരു സിനിമയ്ക്കുള്ള ചേരുവകള്‍ ജോണിന്റെ ജീവിതത്തില്‍ ചേര്‍ക്കപ്പെടുന്നു. സൗഹൃദത്തിന്റെ ലഹരി ആ ചേരുവകള്‍ക്ക് ചിലപ്പോഴൊക്കെ നിറം പിടിപ്പിച്ചു. വാക്കുകളില്‍ വിശേഷണങ്ങള്‍ ചൊരിഞ്ഞ് ക്ലീഷേകളില്‍ ഇതിഹാസവത്ക്കരിച്ച് ചിലരെങ്കിലും വീണ്ടും വീണ്ടും ആ ജീവിതം വാറ്റിയെടുത്തു.

സാധാരണക്കാരന്റെ സിനിമ എന്നും ജോൺ എബ്രഹാമിന്റെ സ്വപ്നമായിരുന്നു. തനിക്ക് ഒരു ക്യാമറ മാത്രമേയുള്ളെങ്കിലും അതുമായി ജനങ്ങൾക്കിടയിലൂടെ നടന്ന് സിനിമ നിർമ്മിക്കാനാകുമെന്ന് അദ്ദേഹം വിശ്വസിച്ചു.
ഒരേ സമയം സിനിമ തന്റെ ഏറ്റവും വലിയ ദൗർബല്യവും തന്റെ ഏറ്റവും വലിയ ശക്തിയും ആണെന്നു ജോൺ എപ്പോഴും വിശ്വസിച്ചിരുന്നു. സിനിമയിലെ ഒരു ഒറ്റയാൻ ആയിരുന്ന ജോൺ എബ്രഹാം തന്റെ സിനിമാജീവിതത്തെക്കുറിച്ച് വിലയിരുത്തിയിരുന്നതിങ്ങനെയാണ് :

"ഞാൻ ആത്മസാക്ഷാത്കാരത്തിന് വേണ്ടി സിനിമയെടുക്കാറില്ല. ജനങ്ങളോട് ചിലത് വിളിച്ച് പറയണമെന്ന് തോന്നുമ്പോഴാണ് ഞാൻ സ്രഷ്ടാവാകുന്നത്, സിനിമയെടുക്കുന്നത്. എന്റെ സിനിമ ജനങ്ങൾ കാണണമെന്നും അതിന്റെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കണമെന്നും എനിക്ക് നിർബന്ധം ഉണ്ട്. "ജനിച്ചു വീണ ഈ ഭൂമിയിൽ ഞാനൊന്നും കൊണ്ടുവന്നിട്ടില്ല,
തിരിച്ചുപോകുമ്പോഴും എനിക്കൊന്നുമില്ല കൊണ്ടുപോകാൻ... ഓർമ്മയിൽ നിങ്ങൾക്ക് കാത്തുസൂക്ഷിക്കാൻ എന്റെ ജീവിതം മാത്രെമേയുള്ളൂ... ജോൺ എബ്രഹാം... ഒരു അവദൂതൻ ആയിരുന്നു, കലയ്‌ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ജോണിന് അതുപോലെ തന്നെ സുഹൃത്തുക്കളും ലഹരിയും ജീവശ്വാസമായിരുന്നു. ക്ഷണിക്കപെടാത്ത രാത്രികളിൽ കുടിച്ചു ബോധം മറിഞ്ഞു, സുഹൃത്തുക്കളുടെ മുറിയിൽ അവരുടെ ഏകാന്തതകളെ ഭംഗപ്പെടുത്തിക്കൊണ്ട് കടന്നുവരും... ഒരിക്കൽ ഒരു സുഹൃത്തിന്റെ മുറിയിൽ കടന്നുവന്ന ജോണിന് ഉറക്കം വരുന്നില്ല, അദ്ദേഹം മൊത്തം അരിച്ചുപറക്കി നോക്കുമ്പോൾ പോക്കെറ്റിൽ കുറച്ചു ചില്ലറകൾ, അത് എടുത്തു ജനാലയിലൂടെ പുറത്തേക്ക് കളഞ്ഞു, എന്നിട്ട് കിടന്നു സുഖമായി  ഒരുറക്കം... ജോൺ എന്നും അങ്ങനെയാണ്, നാളത്തേക്ക് വേണ്ടി ഒന്നും കരുതിവെക്കാറില്ല, 1987, സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കിയ ഒരു മെയ്മാസ രാവിൽ കാല് വഴുതി നിലത്തേക്ക് വീണു പൊലിഞ്ഞുപോയത്, ജോൺ എബ്രഹാം എന്ന അങ്ങ് മാത്രമല്ലായിരുന്നു.... 'ജനകീയ സിനിമയുടെ പിതാവ് ' എന്ന് ചലച്ചിത്ര-മാധ്യമ ലോകം ജോൺ എബ്രഹാമിനെ വിശേഷിപ്പിക്കാറുണ്ട്. ഡോകടർമാരുടെ അനാസ്ഥമൂലമാണ് ജോൺ അബ്രഹാം മരണപ്പെട്ടത് എന്ന് പ്രമുഖ ചികിത്സകനും അക്കാലത്ത് കോഴിക്കോട് മെഡിക്കൾ കോളേജിലെന്യൂറോസർജനുമായിരുന്ന ഡോ. ബി.ഇഖ്ബാർ കുറിക്കുന്നു. ആന്തരിക രതസ്രാവം കാരണമാവാം അദ്ദേഹം മരണപ്പെട്ടത് എന്നും ഇതു ആദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ ശ്രദ്ധിച്ചിരുന്നെങ്കിൽ ജോണിനെ
രക്ഷപ്പെടുത്താമായിരുന്നെന്നും ഇഖ്ബാൽ അഭിപ്രായപ്പെടുന്നു.


കോഴിക്കോട്ട് അങ്ങാടിയില്‍ മിഠായി തെരുവിലെ പണിഞ്ഞുകൊണ്ടിരുന്ന ഒയാസിസ് കോംപ്ലക്‌സിന്റെ മുകളില്‍ നിന്ന് ജോണ്‍ മരണത്തിലേക്ക് വീണിട്ട് വര്‍ഷം 33കഴിയുന്നു. പക്ഷേ ഇനിയുമിനിയും ആ ജീവിതം ചര്‍ച്ചചെയ്യപ്പെടും. ലഹരിയുടെ കത്തുന്ന കണ്ണുകളുമായി ജോണ്‍ വിടാതെ നമ്മെ പിന്തുടരുകയും ചെയ്യും. സിനിമയുള്ളയിടത്തോളം കാലം.

ചേന്നങ്കരി വാഴക്കാട് വി.റ്റി ഏബ്രഹാമിന്റെയും സാറാമ്മയുടെയും മകനായി 1937 ഓഗസ്റ്റ് 11-ന് കുന്നംകുളത്ത് ജനനം. ചങ്ങനാശ്ശേരിക്ക് സമീപമുള്ള കുട്ടനാട്ടിൽ വച്ച് പ്രാഥമിക വിദ്യാഭ്യാസവും തുടർന്ന് കോട്ടയം സി.എം.എസ് സ്‌കൂളിലും ബോസ്റ്റൺ സ്‌കൂളിലും എം.ഡി സെമിനാരി സ്‌കൂളിലുമായി ഹൈസ്‌കൂൾ വിദ്യാഭ്യാസവും പൂർത്തീകരിച്ചു. തിരുവല്ല മാർത്തോമ കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. ദർവാസ് യൂണിവേഴ്‌സിറ്റിയിൽ രാഷ്ട്ര മീമാംസയിൽബിരുദാനന്തരബിരുദത്തിന് ചേർന്നെങ്കിലും പൂർത്തീകരിച്ചില്ല. 1962-ൽ കോയമ്പത്തൂരിലെ എൽ.ഐ.സി ഓഫീസിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്തു .എന്നാൽ സിനിമയോടുള്ള അഭിനിവേശം കാരണം മൂന്ന് വർഷത്തിന് ശേഷം ജോലി രാജിവച്ച് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. സ്വർണ്ണമെഡലോടു കൂടി സംവിധാനത്തിൽ ഡിപ്ലോമ പൂർത്തിയാക്കിയ ഇദ്ദേഹം ബംഗാളി സംവിധായകനായിരുന്ന ഋത്വിക് ഘട്ടക്കിന്റെ കീഴിലും പഠിച്ചു.

ഋത്വിക് ഘട്ടക് ജോണിന്റെ സിനിമകളെ ആഴത്തിൽ സ്വാധീനിച്ചു. സ്വന്തമായി സിനിമ സംവിധാനം ചെയ്യും മുൻപ് ഋത്വിക് ഘട്ടക്കിന്റെ തന്നെ മറ്റൊരു ശിഷ്യനായ മണി കൗളിന്റെ ഉസ്കി റൊട്ടി (1969) എന്ന സിനിമയിൽ സഹായിയായി പ്രവർത്തിച്ചു. ഈ ചിത്രത്തിൽ ജോൺ ഒരു ഭിക്ഷക്കാരന്റെ വേഷവും അഭിനയിച്ചു.സിനിമയിലെ ഒരു ഒറ്റയാന്‍ ആയിരുന്ന ജോണ്‍ എബ്രഹാം എന്തിനോടും തന്റേതായ ഒരു കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. മുത്തച്ഛനായിരുന്നു ജോണിന്റെ സിനിമാ ലോകത്തെ പഠിപ്പുര. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കോട്ടയത്ത് മുത്തച്ഛനോടൊപ്പം ആയിരുന്നു. ആകാലത്ത് സിനിമയെ കൂടുതല്‍ അറിയാൻ മുത്തച്ഛൻ ജോണിനെ സഹായിച്ചു.


അഗ്രഹാരത്തിൽ കഴുതൈ (തമിഴ്)- സംവിധായകനുള്ള സംസ്ഥാന അവാർഡും, പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡും , ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ -സംവിധാനത്തിനുള്ള പ്രത്യേക അവാർഡ് , അമ്മ അറിയാൻ- ‍ബർലിൻ ചലച്ചിത്രോത്സവത്തിൽ സ്‌പെഷ്യൽ ജൂറി അവാർഡ് .
കോയ്ന നഗർ (1967) ,പ്രിയ (1969),
ഹൈഡ്സ് ആന്റ് സ്ട്രിംഗ്സ് (1969)
വിദ്യാർത്ഥികളേ ഇതിലേ ഇതിലേ (1971), ത്രിസന്ധ്യ (1972),
അഗ്രഹാരത്തിലെ കഴുത(1978),
ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1979),
അമ്മ അറിയാൻ (1986) എന്നി സിനിമകൾ ജോൺ എബ്രഹാം സംവിധാനം ചെയ്ത സിനിമകളാണ്. 

നിരവധി ചെറുകഥകൾ ജോൺ രചിച്ചിട്ടുണ്ട്. "കോട്ടയത്ത് എത്ര മത്തായിമാർ" എന്നത് പ്രശസ്തമായ ഒരു കഥയാണ്. അദ്ദേഹത്തിന്റെ കഥകൾ നേർച്ചക്കോഴി(1986), ജോൺ എബ്രഹാം കഥകൾ(1993) എന്നീ പേരുകളിൽ പുറത്തിറങ്ങിയിട്ടുണ്ട്.
തെയ്യത്തെ കുറിച്ചുള്ള 'കളിയാട്ടം' എന്ന ഡോക്യുമെന്ററി ജോണ്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌. കയ്യൂര്‍, ജോസഫ്‌ ഒരു പുരോഹിതന്‍, നന്മയില്‍ ഗോപാലന്‍ എന്നിങ്ങനെ അനേകം പൂര്‍ണ്ണങ്ങളും അപൂര്‍ണ്ണങ്ങളുമായ തിരക്കഥകള്‍ അവശേഷിക്കുന്നു. 'നായ്‌ക്കളി' എന്ന തെരുവ്‌ നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്‌.

കടപ്പാട് :ഫെഫ്ക്ക  .

No comments:

Powered by Blogger.