കലാം സ്റ്റാൻഡേർഡ് 5 ബി എന്ന കുട്ടികളുടെ ചലച്ചിത്രം കുരുന്ന് ഹൃദയങ്ങൾ കീഴടക്കുന്നു.
തൊണ്ണൂറുകളുടെ ഒടുക്കം മുതൽ രണ്ടായിരത്തി അഞ്ച് വരെ മിനിസ്ക്രീൻ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച പകിട പകിട പമ്പരം എന്ന പരമ്പരയുടെ സൃഷ്ടാവായ ടോം ജേക്കബ്ബ് നിർമ്മാതാവായും അഭിനേതാവായും ശക്തമായ തിരിച്ച് വരവിനൊരുങ്ങുന്ന കലാം സ്റ്റാൻഡേർഡ് 5 ബി എന്ന കുട്ടികളുടെ ചലച്ചിത്രം കുരുന്ന് ഹൃദയങ്ങൾ കീഴടക്കുന്നു.
ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടന്ന 29-ാമത് രാജ്യാന്തരചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ടാഗോർ തിയേറ്ററിൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനുംചലച്ചിത്രഅക്കാദമിയും ചേർന്നൊരുക്കിയ വ്യൂയിംഗ് റൂമിൽ തുടർച്ചയായി നാല് ദിവസമാണ് തലസ്ഥാനത്തെസ്ക്കൂൾകുട്ടികൾക്കായി കലാം സ്റ്റാൻഡേർഡ് 5 ബി പ്രദർശിപ്പിച്ചത്.
ആൻമരിയ പ്രസൻ്റേഷന് വേണ്ടി ലാൽജി ക്രിയേഷൻസുമായി ചേർന്ന് ടോം ജേക്കബ്ബ് നിർമ്മിച്ച ഈ ചിത്രത്തിൻ്റെരചനയുംഛായാഗ്രഹണവും ചിത്ര സംയോജനവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ലിജു മിത്രൻ മാത്യുവാണ്.
ഒരേ സമയം മലയാളത്തിലും ഹിന്ദിയിലുമായി ഒരുക്കിയിരിക്കുന്ന ചിത്രം മദ്ധ്യ പ്രദേശിലാണ് ചിത്രീകരിച്ചത്.കാലിക പ്രാധാന്യമുള്ള ഒരു വിഷയമാണ് കലാം സ്റ്റാൻഡേർഡ് 5 ബി പറയുന്നത്. ടോംജേക്കബ്ബിനൊപ്പം ആഞ്ചലോ ക്രിസ്റ്റ്യാനോ, മെലീസ, നിമിഷ നായർ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെഅവതരിപ്പിച്ചിരിക്കുന്നത്.
ചെറുബാല്യത്തിൽഉത്തരേന്ത്യയിലെത്തപ്പെട്ട അലി തൻ്റെ മക്കളിലൂടെ മലയാള നാടിൻ്റെ മത സൗഹാർദ്ദവും പാരമ്പര്യവും പിന്തുടരാൻ ശ്രമിക്കുന്നു. എന്നാൽപൗരത്വഭേദഗതിനിയമത്തിൻ്റെ വരവോടെ തനിക്ക് പൗരത്വം നഷ്ടപ്പെടുമോയെന്ന ഭയം അലിയെ ഗ്രസിക്കുന്നു. എന്നാൽ മകൻ അലിയുടെ ബുദ്ധിപരമായ നീക്കം പല അപ്രതീക്ഷിത സംഭവങ്ങൾക്കും കാരണമാകുന്നു.
ചിത്രത്തിൻ്റെ ആദ്യ പ്രദർശനങ്ങൾ കണ്ടവിദ്യാർത്ഥികളുടെആവേശകരമായ പ്രതികരണങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ലഭ്യമാകുന്ന തിയേറ്റുകളിലും കേരളത്തിൽ അങ്ങോളമിങ്ങോളമുള്ളസ്കൂളുകളിൽ എൽ.ഇ ഡി സ്ക്രീനിലും സിനിമ പ്രദർശിപ്പിക്കാനാണ് ടോം ജേക്കബ്ബിൻ്റെ നീക്കം.
ഉപജീവന മാർഗ്ഗത്തിനായുള്ള കഷ്ടപ്പാടുകൾക്കിടയിലും ശിശുക്ഷേമ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ജീവിതമുഴിഞ്ഞു വച്ചിരിക്കുന്ന ടോം ജേക്കബ്ബിന് സർവ്വ പിന്തുണയുമായി ഒട്ടേറെ സന്നദ്ധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
No comments: