മത നിന്ദ നടത്തിയെന്ന് ആരോപണം; സംവിധായകനും നിര്‍മ്മാതാവിനും ഭീഷണി; 'ടര്‍ക്കിഷ് തര്‍ക്കം' തിയേറ്ററുകളില്‍ നിന്നും താല്‍ക്കാലികമായി പിന്‍വലിക്കാനൊരുങ്ങുന്നു
പത്രക്കുറിപ്പ്
27.11.2024
മത നിന്ദ നടത്തിയെന്ന് ആരോപണം; സംവിധായകനും നിര്‍മ്മാതാവിനും ഭീഷണി; 'ടര്‍ക്കിഷ് തര്‍ക്കം' തിയേറ്ററുകളില്‍ നിന്നും താല്‍ക്കാലികമായി പിന്‍വലിക്കാനൊരുങ്ങുന്നു.
കൊച്ചി: മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്ന സണ്ണി വെയിന്‍-ലുക്ക്മാന്‍-ഹരിശ്രീ അശോകന്‍ ചിത്രമായ 'ടര്‍ക്കിഷ് തര്‍ക്കം' തിയേറ്ററുകളില്‍ നിന്നും താല്‍ക്കാലികമായി പിന്‍വലിക്കുന്നു. സിനിമ കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരെ ചിലര്‍ തടയുന്ന അവസ്ഥയാണ്. ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ച ശേഷം വീണ്ടും ചിത്രം പുറത്തിറക്കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ബിഗ് പിക്‌ചേഴ്‌സ് അറിയിച്ചു.
മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയരായ സണ്ണി വെയ്നും ലുക്മാന്‍ അവറാനും പ്രധാന വേഷങ്ങളില്‍ എത്തിയ 'ടര്‍ക്കിഷ് തര്‍ക്കം' നവംബര്‍ 22 നാണ് നൂറിലേറെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ചിത്രം വലിയ ചര്‍ച്ചയായി മാറിയിരുന്നു. മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടാനും ചിത്രത്തിനായിരുന്നു.
കേരളത്തിന്റെ മലയോര പ്രദേശത്തെ ഒരു പരമ്പരാഗത മുസ്ലിം സമൂഹത്തില്‍ നടക്കുന്ന ഖബറടക്കവും അതുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന തര്‍ക്കവും അടിപിടിയും പൊലീസ് ഇടപെടലും ഒക്കെയാണ് സിനിമയുടെ ഇതിവൃത്തം.
നവാഗതനായ നവാസ് സുലൈമാനാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. നാദിര്‍ ഖാലിദ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ബിഗ് പിക്‌ചേഴ്സിന്റെ ബാനറില്‍ നാദിര്‍ ഖാലിദും അഡ്വ. പ്രദീപ് കുമാറും ചേര്‍ന്നാണ്.
സിനിമയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം ആളുകളെ തെറ്റിധാരണയുടെ പേരില്‍ തിയേറ്ററുകളില്‍ നിന്നും പിന്തിരിപ്പിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ നടക്കുന്നത്. യാതൊരു തരത്തിലും മതത്തെ നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യാത്ത സിനിമയാണ് ടര്‍ക്കിഷ് തര്‍ക്കം. എന്നാല്‍ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ച് മതത്തിന്റെ പേരില്‍ സിനിമയെ നശിപ്പിക്കുന്ന നടപടി ശരിയല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. തെറ്റിദ്ധാരണ മാറ്റി സിനിമ വീണ്ടും പ്രേക്ഷകരിൽ എത്തിക്കാനാകും എന്നാണ് പ്രതീക്ഷയെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.
No comments: