മുരളിചേട്ടന് സ്മരണാഞ്ജലി .
മുരളിചേട്ടന് സ്മരണാഞ്ജലി .
അരങ്ങിന്റെ പിന്‍ബലത്തോടെ സിനിമയിലെത്തുകയും സിനിമയില്‍ അഭിനയത്തിന്റെ വലിയ കരുത്തു തെളിയിക്കുകയും ചെയ്ത നടന്‍ ഭരത് മുരളിയ്ക്ക് സ്മരണാഞ്ജലി .
മലയാള സിനിമാനാടക രംഗങ്ങളില്‍ പുതിയ അഭിനയ സമവാക്യങ്ങള്‍ നെയ്ത നടനായിരുന്നു മുരളി. അരങ്ങില്‍ നിന്നും വെള്ളിത്തിരക്ക് ലഭിച്ച വരദാനംഭാവാഭിനയത്തിന്റെയും, ശരീര ഭാഷയുടെയും, ശബ്ദ വിന്യാസത്തിന്റെയും തനതായ ശൈലിയുടേ പുതിയ അഭിനയ സമവാക്യങ്ങള്‍ നെയ്ത കലാകാരന്‍. മലയാളം, തമിഴ് തെലുങ്ക് ഭാഷകളിലായി 200-ലേറെ കഥാപാത്രങ്ങള്‍ അനശ്വരമാക്കിയാണ് ആഅഭിനയപ്രതിഭഅരങ്ങൊഴിഞ്ഞത്. അപരസാമ്യങ്ങളില്ലാത്തഭാവാഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനായിരുന്നു മുരളി .
80 കളുടെ അവസാനത്തിലും 90കളുടെ തുടക്കത്തിലും മലയാള സിനിമയുടെഅവിഭാജ്യഘടകമായിരുന്നു മുരളി. അനായാസമായ അഭിനയ ശൈലിയും പരുക്കന്‍ ശബ്ദവും കൊണ്ട് പ്രേക്ഷകരെ കീഴടക്കി. മലയാള സിനിമയിലെ ക്ഷോഭിക്കുന്ന നടന്‍, ആയിരം മുഖങ്ങള്‍, ആയിരം ഭാവങ്ങള്‍.. മുരളി ഒരു രവമായിട്ടല്ല, ഗര്‍ജ്ജനമായി തന്നെ വെള്ളിത്തിരയില്‍നിറഞ്ഞാടുകയായിരുന്നു. ഒരു പ്രത്യേക കാറ്റഗറിയില്‍ അല്ലെങ്കില്‍ ഒരു വേഷത്തില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ സാധിക്കുന്നതായിരുന്നില്ല ആ നടന വൈഭവത്തെ, പ്രതീക്ഷകളും ചിന്തകളെയും കാറ്റില്‍ പറത്തി മുരളി ആരൊക്കെയായി നമുക്ക് മുന്നിലെത്തുകയായിരുന്നു. നായകന്‍, പ്രതിനായകന്‍, വില്ലന്‍, രാഷ്ട്രീയക്കാരന്‍, അച്ഛന്‍, മുത്തച്ഛന്‍ ,
കാമുകന്‍ മുരളി ആടിയ വേഷങ്ങളിലെല്ലാം ഒരു മുരളിസ്പര്‍ശമുണ്ടായിരുന്നു.പകരംവയ്ക്കാനാവാത്ത നടന വൈഭവത്തിന്റെ സ്പര്‍ശം. കരുത്തും ലാളിത്യവും പരുക്കന്‍ ഭാവങ്ങളും അനായാസേന വേദിയിലുംഅഭ്രപാളിയിലുമെത്തിക്കാന്‍ സാധിച്ച നടനായിരുന്നു മുരളി. വില്ലന്‍, നായക കഥാപാത്രങ്ങള്‍ക്ക് തീര്‍ത്തും വ്യത്യസ്ഥമായ ഒരു ഭാവം പകരാന്‍ മുരളിയ്‌ക്കു കഴിഞ്ഞിരുന്നു.
കൊട്ടാരക്കരക്കടുത്ത് കുടവട്ടൂരിലെ കാര്‍ഷികകുടുംബത്തില്‍ വെളിയം കുടവട്ടൂര്‍ പൊയ്കയില്‍ വീട്ടില്‍ കെ. ദേവകിയമ്മയുടെയുംപി.കൃഷ്ണപിള്ളയുടെയും മകനായി 1954 മേയ് 25 നായിരുന്നു മുരളിയുടെ ജനനം. കുടവട്ടൂര്‍ എല്‍.പി.സ്‌കൂള്‍, തൃക്കണ്ണമംഗലംഎസ്.കെ.വി.എച്ച്.എസ്, ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ആരോഗ്യവകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് യൂണിവേഴ്‌സിറ്റിയില്‍ യു.ഡി. ക്ലര്‍ക്കായും നിയമനം ലഭിച്ചു.
കുടവട്ടൂര്‍ എല്‍.പി. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അദ്ധ്യാപകന്‍ സ്‌കൂളില്‍ അവതരിപ്പിച്ച നാടകത്തിലെ ബാലതാരമായാണ് മുരളി ആദ്യം സ്‌റ്റേജിലെത്തുന്നത്. 1979ല്‍ നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹത്തില്‍ എത്തിയതോടെ നാടക രംഗത്ത് സജീവമായി. ജി ശങ്കരപ്പിള്ളയുടെ നാടകസമിതിയുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചു. അതിനു ശേഷം മുരളി നാടക വേദിയില്‍ സജീവമാവുകയും ജോലി രാജി വെയ്ക്കുകയും ചെയ്തു. സിനിമയിലെ തിരക്കുകള്‍ക്കിടയിലും നാടകത്തെ കൈവിട്ടില്ല, ഒപ്പം എഴുത്തിനെയും. അരങ്ങില്‍ മുരളിയുടെ വലിയ കൂട്ട് അന്തരിച്ച പ്രശസ്തനടന്‍നരേന്ദ്രപ്രസാദായിരുന്നു. ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മിയാണ് മുരളി അഭിനയിച്ച അവസാനത്തെ നാടകം. ഈ നാടകവും കൊണ്ട് ലോകം ചുറ്റണമെന്ന്ആഗ്രഹംബാക്കിവെച്ചാണ് അമ്പത്തഞ്ചാം വയസ്സില്‍ മുരളി തിരിച്ചുവരാത്ത യാത്ര പുറപ്പെടുന്നത്.
ഭരത് ഗോപി മുരളിയെ നായകനാക്കി ഞാറ്റടി എന്ന ചിത്രം സംവിധാനം ചെയ്തു. പക്ഷേ ആ ചിത്രം പുറത്തിറങ്ങിയില്ല. തുടര്‍ന്ന് അപ്രതീക്ഷിതമായി അരവിന്ദന്റെ ചിദംബരം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. പിന്നീട് പഞ്ചാഗ്നിയെന്ന ചിത്രത്തില്‍ വില്ലനായും മീനമാസത്തിലെ സൂര്യനില്‍ കയ്യൂര്‍ രക്തസാക്ഷിയായും അഭിനയിച്ചു. മുരളിയെന്ന നടന്റെ വരവറയിക്കാന്‍ പോന്ന പ്രകടനമായിരുന്നു ഈ രണ്ട് ചിത്രങ്ങളിലും കാണാന്‍ കഴിഞ്ഞത്. ഹരിഹരന്റെ പഞ്ചാഗ്‌നിയാണ് ആദ്യം റിലീസായ ചിത്രം. വില്ലനായാണ് തുടക്കമെങ്കിലും ലോഹിതദാസ് സ്‌ക്രിപ്റ്റിലിറങ്ങിയ ജോര്‍ജ്ജ് കിത്തുവിന്റെ ആധാരത്തിലൂടെ നായകനായി, ഈ ചിത്രമാണ് മുരളിയെ തിരക്കുള്ള നടനാക്കിമാറ്റിയത്. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായി കൊണ്ടിരുന്ന മുരളിക്ക് ആധാരത്തിലെ ബാപ്പുട്ടി എന്ന പരുക്കനായ മനുഷ്യസ്‌നേഹി പുതിയ രൂപവും ഭാവവും നല്‍കി. അഭിനയിപ്പിച്ചു ഫലിപ്പിച്ച എല്ലാ കഥാപാത്രങ്ങളിലും മുരളി ചേര്‍ത്തുവെച്ച പ്രതിഭാസാന്നിദ്ധ്യം പ്രകടമായിരുന്നു.
ലാല്‍സലാം, ചമ്പക്കുളം തച്ചന്‍, താലോലം, നീയെത്രധന്യ, വളയം, ധനം, , ചമയം, പ്രായിക്കര പാപ്പാന്‍, ഗര്‍ഷോ, പത്രം, നിഴല്‍ക്കൂത്ത്, കാരുണ്യം, കാണാക്കിനാവ്, ഗ്രാമഫോൺ തുടങ്ങി മുരളിയിലെ നടനെ അടയാളപ്പെടുത്തിയ ഒട്ടനവധി ചിത്രങ്ങള്‍. വെങ്കലത്തിലെ ഗോപാലന്‍ മൂശാരി, ആകാശദൂതിലെ ജോണി, അമരത്തിലെ കൊച്ചുരാമന്‍, ആധാരത്തിലെ ബാപ്പൂട്ടി മുരളി പകര്‍ന്നാടിയ വേഷങ്ങള്‍ പലതായിരുന്നു. , , നെയ്‌ത്തുകാരനില്‍ അസാധാരണമായ അഭിനയം കാഴ്‌ചവച്ച അദ്ദേഹം പ്രിയനന്ദനന്റെ പുലിജന്മത്തിലെ അഭിനയത്തിലൂടെയും പ്രേക്ഷകരെ വിസ്‌മയിപ്പിച്ചു.
മമ്മൂട്ടി നായകനായ അമരം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സഹനടനുള്ള അവാര്‍ഡ് നേടി.പിന്നീട് ആധാരം എന്ന ചിത്രത്തില്‍ മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാര്‍ഡും സ്വന്തമാക്കി. കാണാക്കിനാവ്, താലോലം, നെയ്ത്തുകാരന്‍ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം വീണ്ടും നേടി. പ്രിയനന്ദനന്റെ ആദ്യ സിനിമയായ നെയ്ത്തുകാരനിലെ വേഷം ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ഭരത് പുരസ്‌കാരം മുരളിയിലേക്കെത്തിച്ചു. ഇഎംഎസ് എന്ന മൂന്നക്ഷരം കേരള രാഷ്ട്രീയ ചരിത്രത്തില്‍ എങ്ങിനെ ഉള്‍ചേര്‍ന്നിരിക്കുന്നു എന്നതിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന നെയ്ത്തുകാരന്റെ വേഷം അക്ഷരാര്‍ത്ഥത്തില്‍ മുരളി തിളക്കമറ്റതാക്കി. നെയ്ത്തകാരനിലെ അഭിനയത്തിലൂടെ 2002ല്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മുരളിയെ തേടിയെത്തി. നാല് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും രണ്ട് തവണ സഹനടനുള്ള പുരസ്കാരവും മുരളിക്ക് ലഭിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങള്‍ വേറെയും. 2013 ല്‍ റിലീസ് ചെയ്ത അഞ്ജലി മേനോന്‍ സംവിധാനം നിർവ്വഹിച്ച മഞ്ചാടിക്കുരു ആണ് അവസാന ചിത്രം.
താരത്തിന്റെ പരിവേഷവും നാട്യങ്ങളുമില്ലാതെ പരുക്കന്‍ മുഖപടത്തിനുള്ളില്‍ ദുര്‍ബലനായിരുന്ന വലിയ നടന്റെ ഓര്‍മ്മ മലയാളസിനിമയുടെ കരുത്തുറ്റ ഓര്‍മ്മപ്പെടുത്തലാണ്. ഓരോ ഓര്‍മ്മ നാളുകള്‍ പിന്നിടുമ്പോഴും കൂടുതല്‍ കൂടുതല്‍ വ്യതിരിക്തമായി മുരളി കഥാപാത്രങ്ങള്‍ വേരോട്ടം പ്രാപിക്കുന്നുണ്ട്. മുറിപ്പാടുള്ള നെറ്റിയിലെ ഒരു ചെറിയ ചലനം കൊണ്ട് ക്രൗര്യവും സ്‌നേഹവും രേഖപ്പെടുത്തുവാന്‍ പ്രാപ്തനായ മുരളി മലയാളസിനിമയ്ക്കുകിട്ടിയ അപൂര്‍വ്വമായ ഒരു വരദാനം തന്നെയായിരുന്നു.
No comments: