ഏഷ്യൻ ഫിലിം അവാർഡ്- നാലു നോമിനേഷനുകൾ നേടി ന്യൂട്ടൺ സിനിമ നിർമ്മിച്ച 'പാരഡൈസ്'.
ഏഷ്യൻ ഫിലിം അവാർഡ്- നാലു നോമിനേഷനുകൾ നേടി ന്യൂട്ടൺ സിനിമ നിർമ്മിച്ച 'പാരഡൈസ്'.
ന്യൂട്ടൺ സിനിമ നിർമ്മിച്ച പാരഡൈസിനു പതിനേഴാമത് ഏഷ്യൻ ഫിലിം അവാർഡ്സിൽ നാലു നോമിനേഷനുകൾ. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ വിഭാഗങ്ങളിലാണു വിഖ്യാത ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്താനഗെ സംവിധാനം ചെയ്ത പാരഡൈസ് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. 2023 ഒക്ടോബറിൽ നടന്ന ബുസാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്കാരം നേടിയ ചിത്രമാണു ‘പാരഡൈസ്’.
ഏഷ്യൻ ഫിലിം അവാർഡ് അക്കാഡമിയുടെ നേതൃത്വത്തിൽ നൽകി വരുന്ന ഈ പുരസ്കാരങ്ങൾ സാംസ്കാരിക വൈവിദ്ധ്യങ്ങളെയും, മികച്ച പ്രകടനങ്ങളെയും അടയാളപ്പെടുത്തുന്നചലച്ചിത്രമികവുകൾക്കാണു സമ്മാനിക്കപ്പെടുന്നത്. ഏഷ്യൻ ഫിലിം അവാർഡ്സ് പുരസ്കാരത്തിനു നാമനിർദ്ദേശം ചെയ്യപ്പെടുന്നു എന്നത് ഒരു ചിത്രത്തിൻ്റെ അവതരണ മികവിനെയുംഉയർന്നനിലവാരത്തെയുമാണു സൂചിപ്പിക്കാറു.അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങൾ ഇതിനകം നേടിയ പാരഡൈസിനു ഏഷ്യൻ ഫിലിം അവാർഡ്സിലെ പ്രധാന വിഭാഗങ്ങളിൽ ലഭിച്ചിരിക്കുന്ന നോമിനേഷനുകൾ ചിത്രത്തിൻ്റെ ഉയർന്നകലാമൂല്യവും,കാലികപ്രസക്തിയും ഒരിക്കൽ കൂടി അടിവരയിട്ട് ഉറപ്പിക്കുകയാണ്.
ലോകമെമ്പാടുമുള്ള പ്രേക്ഷർക്കു ഇഷ്ടപ്പെടുന്ന, ഭാഷകളുടെയും ദേശങ്ങളുടെയും അതിർവരമ്പുകളെ ഭേദിക്കുന്ന ചിത്രങ്ങൾ നിർമ്മിക്കുക എന്ന ന്യൂട്ടൺ സിനിമയുടെ ലക്ഷ്യത്തിനു ലഭിച്ചിരിക്കുന്ന അംഗീകാരമാണു 'മികച്ച ചിത്രം’ എന്ന വിഭാഗത്തിൽ പാരഡൈസിനു ലഭിച്ചിരിക്കുന്ന നോമിനേഷൻ.
മികച്ച സംവിധായകനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്ന പ്രസന്ന വിത്താനഗെയുടെ പതിനൊന്നാമത് സംവിധാന സംരഭമാണു പാരഡൈസ്.അഞ്ചു നെറ്റ്പാക്ക് അവാർഡുകൾ ഉൾപ്പെടെ മുപ്പത്തിലധികം അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രസന്ന വിത്താനഗെയുടെ പ്രതിഭയ്ക്കും കാഴ്ച്ചപ്പാടിനുമുള്ള അംഗീകാരമാണു ഈ നാമനിർദ്ദേശം.
പ്രസന്ന വിത്താനഗെയ്ക്കൊപ്പം അനുഷ്ക സെന്നയും ചേർന്നു രചിച്ചിരിക്കുന്ന പാരഡൈസിൻ്റെ തിരക്കഥയാണു മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരത്തിനു നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.പല അടരുകളിലായി ചുരുളഴിയുന്ന ഉദ്വേഗജനകമായ ഈ തിരക്കഥ പാരഡൈസിനെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണു.
ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം ആവശ്യപ്പെടുന്ന തീവ്രതയുള്ള കഥ പറച്ചിലും , മനോഹരമായ ദൃശ്യഭാഷയും മികച്ച ചിത്രസംയോജനത്തിലൂടെ പ്രാവർത്തികമാക്കിയതിനാണു ശ്രീകർ പ്രസാദിനു മികച്ച ചിത്രസംയോജനത്തിനുള്ള നാമനിർദ്ദേശം ലഭിച്ചിരിക്കുന്നത്.പൊന്നിയൻ സെൽവൻ,RRR ഉൾപ്പെടെ അറുന്നൂറോളം ചിത്രങ്ങൾക്ക് ചിത്രസംയോജനം നിർവഹിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച വ്യക്തിയാണു ശ്രീകർ പ്രസാദ്.
പാരഡൈസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവർക്കും അഭിമാനത്തിൻ്റെയും സന്തോഷത്തിൻ്റെയും നിമിഷമാണിതെന്നും,ചിത്രത്തിൻ്റെ മികവിനുള്ള സാക്ഷ്യപത്രം എന്നതിനോടൊപ്പം , എല്ലാവരും ഒറ്റക്കെട്ടായി ചെയ്ത കഠിനാദ്ധ്വാനത്തിനു ലഭിക്കുന്ന അംഗീകാരം കൂടിയാണു ഈ നോമിനേഷനുകൾ”എന്നു ചിത്രത്തിൻ്റെ നിർമ്മാതാവും,ന്യൂട്ടൺ സിനിമയുടെ അമരക്കാരനുമായ ആൻ്റോ ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.
റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർക്കൊപ്പം പ്രമുഖ ശ്രീലങ്കൻ അഭിനേതാക്കളായ ശ്യാം ഫെർണാണ്ടോ, മഹേന്ദ്ര പെരേര തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന പാരഡൈസ് പ്രേക്ഷർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് മണിരത്നം നേതൃത്വം നൽകുന്ന മദ്രാസ് ടാക്കീസാണ്.ചിത്രത്തിൻ്റെ ഛായാഗ്രഹണം രാജീവ് രവിയും, ശബ്ദസന്നിവേശം തപസ് നായിക്കും നിർവഹിച്ചിരിക്കുന്നു. സംഗീതം നൽകിയിരിക്കുന്നത് ‘കെ’.
പാരഡൈസ് ഉൾപ്പെടെ ന്യൂട്ടൺ സിനിമ നിർമ്മിച്ച രണ്ട് ചിത്രങ്ങളാണു 2024ൽ ലോകമെമ്പാടുമുള്ള തീയറ്ററുകളിലെത്തുന്നത്.ന്യൂട്ടൺ സിനിമയും വിതരണപങ്കാളികളായ സെഞ്ചുറി ഫിലിംസും ചേർന്നാണു ഈ ചിത്രങ്ങൾതീയറ്ററുകളിലെത്തിക്കുന്നത്.’പാരഡൈസ്’ മാർച്ച് മാസത്തിലും,’ഫാമിലി’ ഫെബ്രുവരിയിലുമാണു പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. പി.ആർ.ഒ: പി.ശിവപ്രസാദ്
No comments: