ചാവേറിന്റെ ദ്രുതതാളത്തെ കൈപ്പിടിയിലൊതുക്കി പ്രേക്ഷകരെ വിസ്മയിപ്പിച്ച സംഗീത സംവിധായകൻ; ജസ്റ്റിൻ വർഗീസ്.
ചാവേറിന്റെ ദ്രുതതാളത്തെ കൈപ്പിടിയിലൊതുക്കി പ്രേക്ഷകരെ വിസ്മയിപ്പിച്ച സംഗീത സംവിധായകൻ; ജസ്റ്റിൻ വർഗീസ്.
മേക്കിങ്ങിന്റെ പൂർണത കൊണ്ട് പ്രേക്ഷകരിൽ അത്ഭുതം നിറച്ച് ടിനു പാപ്പച്ചൻ സംവിധാനം നിർവഹിച്ച ചാവേർ തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം തുടങ്ങിയ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ഇമോഷണൽ ത്രില്ലറാണ് ഇത്തവണ ടിനു പാപ്പച്ചൻ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പൂർണമായ ആസ്വാദനത്തിലേക്ക് എത്തിച്ചേരുവാൻ പ്രേക്ഷകനെയും സംവിധായകനെയും ഒരേപോലെ സഹായിച്ച ഒന്നാണ് ചിത്രത്തിനായി ജസ്റ്റിൻ വർഗീസ് എന്ന അതുല്യ കലാകാരൻ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും. ചിത്രത്തിൽ അടിമുടി നിറഞ്ഞ് നിൽക്കുന്ന ഉദ്വേഗത്തെ പ്രേക്ഷകനിൽ കൂടുതൽ ആഴത്തിൽ എത്തിക്കുവാൻ ജസ്റ്റിൻ വർഗീസ് വഹിച്ച പങ്ക് ചില്ലറയല്ല. ടിനു പാപ്പച്ചന്റെ അജഗജാന്തരത്തിനും സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസ് തന്നെയാണ്.
കുഞ്ചാക്കോ ബോബൻ്റെ ഇതേ വരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പും അർജുൻ അശോകൻ, ആൻ്റണി വർഗീസ് എന്നിവരുടെ പ്രകടനങ്ങൾ കൊണ്ടും ചിത്രം കൈയ്യടികൾ നേടുകയാണ്. ഒരു രാഷ്ട്രീയ കൊലപാതകവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന അതിജീവനത്തിൻ്റെ നിരവധി രംഗങ്ങളുമാണ് ചിത്രത്തിൻ്റെ കഥാതന്തു. ടിനു പാപ്പച്ചൻ ചിത്രങ്ങളിലെ ആവേശം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങൾ പ്രതീക്ഷിക്കുന്നവർക്ക് ചാവേറിൽ ചെറിയൊരു നിരാശ നേരിടേണ്ടി വരുമെങ്കിലും സംവിധായകൻ്റെ തനതായ മേക്കിങ്ങ് ശൈലി തെല്ലൊന്നുമല്ല പ്രേക്ഷകർക്ക് ഒരു പുത്തൻ ചലച്ചിത്രാനുഭവം നൽകുന്നതിൽ പങ്ക് വഹിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ ആകാംക്ഷയുടെയും ഉദ്വേഗത്തിൻ്റെയും ഒരു നൂലിൽ കൂടിയാണ് ചിത്രം കൊണ്ടുപോകുന്നത്. അതിൽ വ്യക്തി ബന്ധങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും ചിത്രങ്ങളും വരച്ചു ചേർത്തിരിക്കുന്നു. നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയ തിരക്കഥയാണ് ചാവേറായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
No comments: