പ്രണയിച്ച് കോരയും ഗൗതമിയും; മനം കവർന്ന് 'റഹേൽ മകൻ കോര'യിലെ 'മിണ്ടാതെ തമ്മിൽ തമ്മിലൊന്നും മിണ്ടിടാതെ...' എന്ന ഗാനം പുറത്തിറങ്ങി.



പ്രണയിച്ച് കോരയും ഗൗതമിയും;  മനം കവർന്ന് 'റഹേൽ മകൻ കോര'യിലെ 'മിണ്ടാതെ തമ്മിൽ തമ്മിലൊന്നും മിണ്ടിടാതെ...' എന്ന ഗാനം പുറത്തിറങ്ങി.


https://youtu.be/SxOoF5r6-Ao?si=KstBdT_R24QR3SBt



പ്രണയവും, കുടുംബ ബന്ധവും, തമാശകളും പ്രമേയമാക്കിക്കൊണ്ട് തിയേറ്ററുകളിൽ എത്താനൊരുങ്ങുന്ന 'റാഹേൽ മകൻ കോര'യിലെ മനം കവരുന്ന പ്രണയഗാനം പുറത്തിറങ്ങി. വാക്കുകള്‍ക്കപ്പുറം കൺപീലി തുമ്പാൽ പോലും കൈമാറുന്ന പ്രണയ ഭാവങ്ങളുടെ നേർകാഴ്ചയായാണ് 'മിണ്ടാതെ തമ്മിൽ തമ്മിലൊന്നും മിണ്ടിടാതെ...' എന്ന ഗാനം എത്തിയിരിക്കുന്നത്. പ്രണയം ചാലിച്ച വരികളിൽ ബി.കെ ഹരിനാരായണൻ എഴുതിയിരിക്കുന്ന ഗാനത്തിന് ഹൃദ്യമായ ഈണം നൽകിയിരിക്കുന്നത് കൈലാസ് മേനോനാണ്. മൃദുല വാര്യരും അരവിന്ദ് നായരും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. 


സിംഗിൾ പാരന്‍റിംഗ് വിഷയമാക്കിക്കൊണ്ട് എത്തുന്ന ചിത്രമൊരുക്കുന്നത് 2010 മുതൽ മലയാള സിനിമയിൽ സഹസംവിധായകനായി പ്രവർത്തിക്കുന്ന ഉബൈനിയാണ്. സംവിധായകൻ ലിയോ തദേവൂസിനോടൊപ്പം അസിസ്റ്റന്‍റായി തുടങ്ങിയ അദ്ദേഹം  'മെക്സിക്കൻ അപാരത' മുതൽ 'പത്തൊമ്പതാം നൂറ്റാണ്ട്' വരെയുള്ള സിനിമകളിൽ ചീഫ് അസോസിയേറ്റായിരുന്നു. ഉബൈനിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് 'റാഹേൽ മകൻ കോര'.



'സൂ സൂ സുധി വാത്മീകം', 'ഊഴം', 'സോളോ', 'ആട് 2','അബ്രഹാമിന്‍റെ സന്തതികള്‍',' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ആൻസൻ പോളാണ് സിനിമയിൽ നായകവേഷത്തിലെത്തുന്നത്. 'അബ്രഹാമിൻ്റെ സന്തതികളി'ൽ മമ്മൂട്ടിയുടെ സഹോദരനായ ഫിലിപ്പ് എബ്രഹാം എന്ന കഥാപാത്രമാണ് ആൻസൺ പോളിനെ മലയാളികളുടെ പ്രിയങ്കരനായ നടനാക്കിയത്.


ഒട്ടേറെ സിനിമകളിൽ ചേച്ചി, അമ്മ  വേഷങ്ങളിലെത്തി മലയാളികളുടെ ഇഷ്ട അഭിനേത്രിയായ സ്മിനു സിജോയാണ് അമ്മ വേഷത്തിൽ എത്തുന്നത്. 'പൂമരം', 'ഹാപ്പി സർദാർ' സിനിമകളിൽ അഭിനയിച്ചിട്ടുള്ള മെറിൻ ഫിലിപ്പാണ് ചിത്രത്തിലെ നായിക. 


'പ്രേമം' മുതൽ 'മധുര മനോഹര മോഹം' വരെ എത്തി നിൽക്കുന്ന നടനും സംവിധായകനുമായ അൽത്താഫ് സലിം, 'റാഹേൽ മകൻ കോര'യിൽ ഒരു മുഴുനീള കഥാപാത്രമാണ് ചെയ്തിരിക്കുന്നത്. മനു പിള്ള, വിജയകുമാർ, രശ്മി അനിൽ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒന്നിക്കുന്നത്. നിരവധി പുതുമുഖങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്. 


അച്ഛനില്ലാതെ വളരുന്നൊരു പെൺകുട്ടിയുടെയും ആൺകുട്ടിയുടേയും ആറ്റിറ്റൂഡ് രണ്ട് രീതിയിലായിരിക്കുമെന്നൊരു കാര്യം രസകരമായി അവതരിപ്പിക്കുന്ന സിനിമയിൽ  ഇത്തരത്തിലുള്ള നായികയും നായകനുമായുള്ള ഈഗോ ക്ലാഷും മറ്റുമൊക്കെയാണ് പ്രധാന പ്രമേയം. നായകന്‍റെ അമ്മയാകട്ടെ ഭര്‍ത്താവ് മരിച്ച ശേഷം ഒറ്റയ്ക്ക് ജോലി ചെയ്ത് മകനെ വളർത്തി വലുതാക്കിയ വ്യക്തിയാണ്. സിംഗിൾ പാരന്‍റിംഗിന്‍റെ പല തലങ്ങള്‍ കൂടി സിനിമ മുന്നോട്ടുവയ്ക്കുന്നുമുണ്ട്. ബേബി എടത്വയാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. അദ്ദേഹത്തിന്‍റെ സുഹൃത്തും വിദേശ മലയാളിയുമായ ഷാജി കെ ജോർജ്ജാണ് സിനിമയുടെ നിർമ്മാണ നിർവ്വഹണം. 


എസ്.കെ.ജി ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന സിനിമയുടെ ഛായാഗ്രഹണം ഷിജി ജയദേവൻ, എഡിറ്റർ അബൂ താഹിർ, സംഗീത സംവിധാനം കൈലാസ്, ഗാനരചന ഹരി നാരായണൻ, മനു മഞ്ജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ ദിലീപ് ചാമക്കാല, അസോസിയേറ്റ് ഡയറക്ടർ ജോമോൻ എടത്വ, ശ്രിജിത്ത് നന്ദൻ, ഫിനാൻസ് കൺട്രോളർ ഷെബിൻ ചാക്കോ അറക്കത്തറ, സൗണ്ട് ഡിസൈനർ ധനുഷ് നായനാർ, മേക്കപ്പ് സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യൂം ഗോകുൽ മുരളി, വിപിൻ ദാസ്, ആർട്ട് വിനീഷ് കണ്ണൻ, ഡി.ഐ വിസ്ത ഒബ്സ്യുക്യൂറ, സി.ജി ഐ വി എഫ് എക്സ്, സ്റ്റിൽസ് അജേഷ് ആവണി, ശ്രീജിത്ത്, പി.ആർ.ഒ പി ശിവപ്രസാദ്, ഹെയിൻസ്, ഡിസൈൻസ് യെല്ലോ ടൂത്ത്സ്.

No comments:

Powered by Blogger.