" ചന്ദ്രമുഖി 2 " സെപ്റ്റംബർ 28ന് തീയേറ്ററുകളിലെത്തുന്നു.
" ചന്ദ്രമുഖി 2 " സെപ്റ്റംബർ 28ന് തീയേറ്ററുകളിലെത്തുന്നു.
രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന വേഷത്തിലെത്തുന്ന 'ചന്ദ്രമുഖി 2' ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 28ന് ചിത്രം ലോകമെമ്പാടും റിലീസിനെത്തും. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിക്കുന്ന ചിത്രം തെലുഗ്, തമിഴ് , ഹിന്ദി, കന്നഡ , മുഖലയാളം ഭാഷകളിൽ റിലീസിനെത്തും. ചന്ദ്രമുഖി എന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗം വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത് . പി.വാസു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സെപ്റ്റംബർ 15ന് റിലീസ് പ്ലാൻ ചെയ്തിരുന്നു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാൽ ചിത്രം 28ലേക്ക് മാറ്റിയിരിക്കുന്നത്. 18 വർഷങ്ങൾക്ക് ശേഷം പ്രതികാര ദാഹിയായി ചന്ദ്രമുഖി മടങ്ങിവരുമ്പോൾ ആവേശം അതിരുകടക്കുകയാണ്.
18 വർഷം മുമ്പ് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച 'ചന്ദ്രമുഖി'യുടെ തുടർച്ചയാണ് 'ചന്ദ്രമുഖി 2'. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ചന്ദ്രമുഖി' 2005 ഏപ്രിൽ 14 നാണ് റിലീസ് ചെയ്തത്.
പി.വാസുവിന്റെ 65-മത്തെ ചിത്രമായ 'ചന്ദ്രമുഖി 2' ലൈക്ക പ്രൊഡക്ഷൻസാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ആർ ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണി കൈകാര്യം ചെയ്യുന്നു. യുഗ ഭാരതി, മദൻ കാർക്കി, വിവേക്, ചൈതന്യ പ്രസാദ് എന്നിവരുടെ വരികൾക്ക് ഓസ്‌കാർ ജേതാവ് എം.എം കീരവാണിയാണ് സംഗീതം പകർന്നിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് തോട്ട തരണി പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ച ഈ ചിത്രത്തിൽ വടിവേലു, ലക്ഷ്മി മേനോൻ, മഹിമ നമ്പ്യാർ, രാധിക ശരത് കുമാർ, വിഘ്നേഷ്, രവിമരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രൻ, റാവു രമേഷ്, സായ് അയ്യപ്പൻ, സുരേഷ് മേനോൻ, ശത്രു, ടി എം കാർത്തിക് എന്നിവരാണ് മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങൾക്കൊപ്പം തന്നെ കണ്ടന്റ് ഓറിയന്റഡായ ചിത്രങ്ങൾക്ക് പ്രാധാന്യം നൽകി അവ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ഒരു പ്രൊഡക്ഷൻ ഹൗസാണ് 'ലൈക്ക പ്രൊഡക്ഷൻസ്'.
വസ്ത്രാലങ്കാരം: പെരുമാൾ സെൽവം, നീത ലുല്ല, ദോരതി, മേക്കപ്പ്: ശബരി ഗിരി, സ്റ്റിൽസ്: ജയരാമൻ, ഇഫക്റ്റ്സ്: സേതു, ഓഡിയോഗ്രഫി: ഉദയ് കുമാർ, നാക് സ്റ്റുഡിയോസ്, ആക്ഷൻ: കമൽ കണ്ണൻ, രവിവർമ, സ്റ്റണ്ട് ശിവ, ഓം പ്രകാശ്, പിആർഒ: ശബരി.
No comments: