'ജയിലര്‍' റിലീസ് ദിവസം അവധി പ്രഖ്യാപിച്ച് സ്വകാര്യ കമ്പനി; ഒപ്പം ജീവനക്കാർക്ക് ഫ്രീ ടിക്കറ്റും.
'ജയിലര്‍' റിലീസ് ദിവസം അവധി പ്രഖ്യാപിച്ച് സ്വകാര്യ കമ്പനി; ഒപ്പം ജീവനക്കാർക്ക് ഫ്രീ ടിക്കറ്റും.
സൂപ്പർ സ്റ്റാർ രജനികാന്തിന്‍റെ സിനിമകള്‍ പ്രേക്ഷകർക്ക് എക്കാലവും ഉത്സവമാണ്, പ്രത്യേകിച്ച് തമിഴ്‍നാട്ടിൽ. പ്രേക്ഷകരേവരും ഏറെ കാത്തിരിക്കുന്ന 'ജയിലർ' എന്ന പുത്തൻ പടം ഓഗസ്റ്റ് പത്തിനാണ് വേള്‍ഡ് വൈഡ് റിലീസിനെത്തുന്നത്. രജനികാന്ത് നായകനാവുന്ന ഈ നെല്‍സണ്‍ ദിലീപ്‍കുമാര്‍ സിനിമയുടെ റിലീസ് ദിനത്തിൽ ഇപ്പോഴിതാ അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനി.
അതിഥി വേഷമെങ്കിലും പ്രാധാന്യമുള്ള റോളില്‍ മലയാളത്തിൽ നിന്നും മോഹന്‍ലാലും സിനിമയിലെത്തുന്നുണ്ട്. പ്രതിനായക വേഷത്തിൽ വിനായകനും സിനിമയിലുണ്ട്. അതിനാൽ തന്നെ മലയാളി സിനിമാ പ്രേമികളില്‍ ജയിലറിന്മേലുള്ള കൗതുകം ഏറെയാണ്.
ചെന്നൈയിലെ യുഎന്‍ഒ അക്വാ കെയർ എന്ന സ്ഥാപനമാണ് അവരുടെ ചെന്നൈ, ബാംഗ്ലൂർ, ട്രിച്ചി, തിരുനെൽവേലി, ചെങ്ങൽപേട്ട്, മറ്റുതവണി, അറപാളയം, അളഗപ്പൻ നഗർ ബ്രാഞ്ചുകളിൽ റിലീസ് ദിനത്തിൽ അവധി നൽകിയിരിക്കുന്നത്. ഓഗസ്റ്റ് പത്തിനുള്ള ലീവ് അപേക്ഷകള്‍ കൂടുന്നതിനാലാണ് ഇതെന്ന് സ്ഥാപനം പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ജീവനക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകിക്കൊണ്ട് ആന്‍റിപൈറസിയെ പിന്തുണയ്ക്കാനുള്ള നടപടിയും തങ്ങള്‍ കൈക്കൊണ്ടിരിക്കുകയാണെന്നും നമ്മുടെ മുത്തച്ഛന്‍റെ കാലം മുതൽ നമ്മുടെ പേരകുട്ടികളുടെ കാലം വരെ ഒരേ ഒരു സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് മാത്രമാണെന്നും കമ്പനി കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിജയ് നായകനായെത്തിയ ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലർ' രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ഇത്. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുകയുമാണ് 'ജയിലറി'ലൂടെ. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ബോളിവുഡ് താരം ജാക്കി ഷ്രോഫും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. സിനിമയുടേതായി അടുത്തിടെ ഒഫിഷ്യല്‍ ഷോകേസ് എന്ന പേരില്‍ പുറത്തെത്തിയ 2.15 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യൽമീഡിയയിൽ വൻ വൈറലായിരുന്നു. ചിത്രത്തിലെ 'കാവലയ്യാ' എന്ന ഗാനവും ഏറെ തരംഗമായിരുന്നു. സൺ പിക്ചേഴ്സിന്‍റെ ബാനറിലെത്തുന്ന സിനിമയുടെ സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. മാർക്കറ്റിങ് കൺസൽട്ടന്റ് സ്നേക്പ്ലാന്റ്.
No comments: