ഏതു നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്‍റെ ഭാഷയിലാണ് : എം.ടി


 

"എം ടി 90"


എന്‍റെ ഭാഷ എന്‍റെ വീടാണ് . 

എന്‍റെ ആകാശമാണ് 

ഞാൻ കാണുന്ന നക്ഷത്രമാണ് 

എന്നെ തഴുകുന്ന കാറ്റാണ് 

എന്‍റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ് 

എന്‍റെ അമ്മയുടെ തലോടലും ശാസനയുമാണ് 

ഏതു നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്‍റെ ഭാഷയിലാണ് 

എന്‍റെ ഭാഷ ഞാൻ തന്നെയാണ് 

എം ടി വാസുദേവൻ നായർ



🎭 ഇന്ന് എം.ടി. വാസുദേവൻ നായരുടെ 90-ാം പിറന്നാൾ 🎭


എം.ടി. വാസുദേവൻ നായർക്ക് 90 വയസ് പൂർത്തിയാകുന്ന അവസരത്തിൽ അദ്ദേഹം തിരക്കഥ ഒരുക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ചില സിനിമകളിലേക്ക് ഒരെത്തിനോട്ടം. എഴുത്തുകാരൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയ അതുല്യ വ്യക്തിത്വമാണ് എം ടി വാസുദേവൻ നായർ. മനുഷ്യബന്ധങ്ങളിലെ സങ്കീർണതകളെയും വൈകാരികമായ ഭാവങ്ങളെയും ഏതൊരു സാധാരണക്കാരനും മനസിലാക്കാനും സ്വയം തിരിച്ചറിയാനും കഴിയുന്ന വിധത്തിൽ ലളിതമായ ഭാഷയിലേക്ക് പകർത്തി ആവിഷ്കരിക്കുന്നതിൽ എം ടിയ്ക്കുള്ള വൈഭവം സമാനതകളില്ലാത്തതാണ്.


ഒരു കർഷകകുടുംബത്തിൽ ജനിച്ച എം.ടി. കലാജീവിതത്തിലേക്ക് തിരിയുന്നതിന് മുമ്പ് ഒട്ടേറെ വഴികളിലൂടെ യാത്ര ചെയ്തിട്ടുണ്ട്. രസതന്ത്രത്തിൽ ബിരുദം നേടിയതിന് ശേഷം അധ്യാപകവൃത്തിയിലേക്ക് തിരിഞ്ഞ എം ടി പത്രപ്രവർത്തകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിനിമാരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നു വരവോടെ മലയാള സിനിമയുടെ ജാതകം തിരുത്തിക്കുറിക്കപ്പെടുകയായിരുന്നു. കലാരംഗത്തും ചലച്ചിത്ര മേഖലയിലും അദ്ദേഹത്തിന്റെ സംഭാവനകൾ അത്രമേൽ അമൂല്യമാണ്.


കേരളക്കര ലോകത്തിന് സമ്മാനിച്ച അസാമാന്യ പ്രതിഭാശാലികളിൽ ഒരാളായ എം ടി വാസുദേവൻ നായർക്ക് 89 വയസ് പൂർത്തിയാകുന്ന അവസരത്തിൽ അദ്ദേഹം തിരക്കഥ ഒരുക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ചില സിനിമകളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. 1965 ല്‍ ല്‍ മുറപ്പെണ്ണ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ടാണ് എം.ടി മലയാള സിനിമയുടെ ‘നാലുകെട്ടിലേ’ക്ക് രംഗപ്രവേശം ചെയ്തത്. ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഓപ്പോള്‍, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, വൈശാലി, പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥയൊരുക്കി.


ആറു സിനിമകള്‍ സംവിധാനം ചെയ്ത എംടി യുടെ ആദ്യ സംവിധാന സംരംംഭം 1973ല്‍ പുറത്തിറങ്ങിയ നിര്‍മ്മാല്യം എന്ന ചിത്രമായിരുന്നു. മലയാള സാഹിത്യത്തിലും സിനിമയിലും തന്റേതായൊരിടം കണ്ടെത്തിയ വിജയിയായ എഴുത്തുകാരന്‍, തിരക്കഥാകൃത്ത് സംവിധാകന്റെ വേഷമണിയുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്. നിര്‍മാല്യം തിയേറ്ററുകളിലെത്തും മുമ്പേ പ്രേക്ഷക ചര്‍ച്ചകള്‍ സജീവമായിരുന്നു. ചിത്രം പുറത്തിറങ്ങി 44 വര്‍ഷങ്ങള്‍ പിന്നിട്ടു. ഇന്നും അതേ പുതുമയോടെ സജീവമായി എംടി ആ ചിത്രത്തെ മലയാളി മനസുകളില്‍ വേരുറപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. ശേഷം വന്ന മഞ്ഞ്, കടവ്, ബന്ധനം, വാരിക്കുഴി, ഒരു ചെറു പുഞ്ചിരി എന്നിവയും.


1) മുറപ്പെണ്ണ് (1965)


എം.ടി വാസുദേവൻ നായർ ഒരുക്കിയ സിനിമാത്രയത്തിലെ സിനിമകളിൽ ഒന്നാണ് 'മുറപ്പെണ്ണ്'. മറ്റു രണ്ടു ചലച്ചിത്രങ്ങൾ 'ഇരുട്ടിന്റെ ആത്മാവ്', 'അസുരവിത്ത്' എന്നിവയായിരുന്നു. എം.ടിയും പ്രേം നസീറും ആദ്യമായി ഒന്നിച്ച് സഹകരിച്ച ചിത്രവും 'മുറപ്പെണ്ണാ'ണ്. അതേ പേരിലുള്ള എം.ടിയുടെ നോവലിനെ ആസ്പദമാക്കി നിർമിച്ച ചിത്രം സംവിധാനം ചെയ്തത് എ വിൻസന്റ് ആയിരുന്നു. മധു, പ്രേം നസീർ, കെ പി ഉമ്മർ, ശാരദ എന്നീ പ്രതിഭാശാലികളായ അഭിനേതാക്കളാണ് ചിത്രത്തിൽ വേഷമിട്ടത്. ഒരു കൂട്ടുകുടുംബത്തിലെ അംഗങ്ങളുടെ കഥയാണ് 'മുറപ്പെണ്ണ്' പറയുന്നത്. മലയാളത്തിലെ നിത്യഹരിതഗാനങ്ങളുടെ നിരയിൽ ഒഴിച്ചുകൂടാനാകാത്ത സ്ഥാനം കൈയാളുന്ന 'കരയുന്നോ പുഴ ചിരിക്കുന്നോ.....' എന്ന ഗാനം ഈ ചിത്രത്തിലേതാണ്.


2) ഇരുട്ടിന്റെ ആത്മാവ് (1967)


മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നടനായിരുന്ന പ്രേം നസീർ ഒരു കാലത്ത് വാണിജ്യ സിനിമകളിലെ നായകൻ എന്ന നിലയ്ക്കായിരുന്നു അറിയപ്പെട്ടിരുന്നത്. 'ഇരുട്ടിന്റെ ആത്മാവ്' എന്ന ചിത്രത്തിൽ അദ്ദേഹത്തിന് നൽകിയ വേഷത്തിലൂടെ എം.ടി ആ വിശേഷണം തിരുത്തുകയും ഇന്ത്യൻ സിനിമാ ചരിത്രത്തിൽ പ്രേം നസീർ എന്ന പേര് മാഞ്ഞുപോകാത്ത വിധം കോറിയിടുകയും ചെയ്യുകയായിരുന്നു. പി ഭാസ്കരൻ സംവിധാനം ചെയ്ത ഈ ചിത്രം ഇതേ പേരിലുള്ള എം.ടിയുടെ ചെറുകഥയെ അധികരിച്ചാണ് നിർമിച്ചത്. മാനസികവിഭ്രാന്തിയുള്ള വേലായുധൻ എന്ന കഥാപാത്രമായാണ് പ്രേം നസീർ ഈ ചിത്രത്തിൽ വേഷമിട്ടത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളുടെ കൂട്ടത്തിൽ മുൻനിരയിൽ സ്ഥാനമുള്ള ചിത്രമാണ് 'ഇരുട്ടിന്റെ ആത്മാവ്'. ചിത്രത്തിന്റെ ക്‌ളൈമാക്‌സിലെ പ്രേംനസീറിന്റെ പ്രകടനം ഇന്നും സിനിമാപ്രേമികളെ കോരിത്തരിപ്പിക്കാറുണ്ട്.


3) നിർമാല്യം (1973)


തിരക്കഥാകൃത്ത് എന്ന നിലയിൽ തന്റെ സ്ഥാനം അജയ്യമാക്കിയ എം.ടി വാസുദേവൻ നായരുടെ ആദ്യ സംവിധാന സംരംഭമാണ് 'നിർമാല്യം' എന്ന ചിത്രം. ഒരു വെളിച്ചപ്പാടിന്റെ ജീവിതകഥ പറയുന്ന സിനിമ ക്ഷേത്രങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന കുടുംബങ്ങൾ നേരിടുന്ന കഷ്ടതകളിലേക്കാണ് വെളിച്ചം വീശുന്നത്. കേന്ദ്രകഥാപാത്രമായ വെളിച്ചപ്പാടായി അഭിനയിച്ച പി ജെ ആന്റണി അവിസ്മരണീയമായ പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വെച്ചത്. ആ പ്രകടനത്തിന് അദ്ദേഹം ആ വർഷത്തെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും കരസ്ഥമാക്കി. സുകുമാരൻ, രവി മേനോൻ, സുമിത്ര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.


4) ഒരു വടക്കൻ വീരഗാഥ (1989)


സമ്പൂർണമായ കലാസൃഷ്ടി എന്ന നിലയിൽ എടുത്തു പറയാൻ കഴിയുന്ന അപൂർവം മലയാള സിനിമകളിൽ ഒന്നാണ് 'ഒരു വടക്കൻ വീരഗാഥ'. ഹരിഹരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വടക്കൻ പാട്ടുകളിലൂടെ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ ചന്തു എന്ന കഥാപാത്രത്തെ തീർത്തും വ്യത്യസ്തമായ ഒരു ക്യാൻവാസിൽ പ്രതിഷ്ഠിച്ചുകൊണ്ട് വിസ്മയം തീർക്കുകയാണ് എം.ടി. മമ്മൂട്ടി എന്ന അതുല്യനടന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ഈ ചിത്രത്തിലെ അഭിനയം കണക്കാക്കപ്പെടുന്നു.


5) കടവ് (1991)


എം.ടി വാസുദേവൻ നായർ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'കടവ്'. എസ് കെ പൊറ്റക്കാടിന്റെ 'കടത്തുതോണി' എന്ന ചെറുകഥയെ ആധാരമാക്കിയാണ് ഈ സിനിമ നിർമിച്ചത്. അമ്മ ഉപേക്ഷിക്കുകയും ബീരാൻ എന്ന് പേരുള്ള കടത്തുകാരന്റെ വീട്ടിൽ അഭയം തേടുകയും ചെയ്യുന്ന രാജു എന്ന കൗമാരക്കാരന്റെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. രാജുവിന്റെ ഏകാന്തതയും ദേവി എന്ന പെൺകുട്ടിയുമായുള്ള അയാളുടെ അടുപ്പവും വേർപിരിയലുമെല്ലാം അനിതരസാധാരണമായ വൈഭവത്തോടെയാണ്  'കടവി'ൽ ചിത്രീകരിച്ചിരിക്കുന്നത്. എം.ടി വാസുദേവൻ നായരുടെ ഏറ്റവും മികച്ച ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ചിത്രം തന്നെയാണ് 'കടവ്'.


6) പരിണയം (1994)


എം.ടി തിരക്കഥ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത ചിത്രമാണ് പരിണയം. കേരളത്തിലെ ബ്രാഹ്മണ സമുദായങ്ങളിൽ നിലവിലുണ്ടായിരുന്ന സ്മാർത്തവിചാരം എന്ന ദുരാചാരത്തെയാണ് ഈ ചിത്രത്തിൽ എം.ടി പ്രമേയമായി സ്വീകരിച്ചത്. ഉണ്ണിമായ എന്ന 17 വയസുകാരിയായ പെൺകുട്ടിയെ പ്രായമായ ഒരു നമ്പൂതിരി ബ്രാഹ്മണന് നാലാമത്തെ ഭാര്യയായി വിവാഹം കഴിച്ചു കൊടുക്കുന്നു. വിവാഹം കഴിഞ്ഞ് അധികം വൈകാതെ ആ നമ്പൂതിരി മരണപ്പെടുകയും ഉണ്ണിമായ വളരെ ചെറുപ്പത്തിൽ തന്നെ വിധവയായി മാറുകയും ചെയ്യുന്നു. തുടർന്ന് കഥകളി കലാകാരനായ മാധവനുമായി ഉണ്ണിമായയ്ക്കുണ്ടാകുന്ന ബന്ധവും മാധവന്റെ കുഞ്ഞിന് അവർ ജന്മം നൽകുന്നതും സ്മാർത്തവിചാരം എന്ന വിചാരണയ്ക്ക് വിധേയയാകുന്നതുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മോഹിനി, വിനീത് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.


7) മഞ്ഞ്


തന്റെ 31-ാം വയസിലാണ് എം.ടി മഞ്ഞ് എന്ന നോവലെഴുതുന്നത്; നായിക വിമലയുടെ അതേ പ്രായം. ഒരു കവിത പോലെ മനോഹരമാണ് മഞ്ഞ്. മഞ്ഞിലുടനീളം ഒരുതരം മൗനവും കാത്തിരിപ്പും അനുഭവിക്കാം. ഒരിക്കലും തിരിച്ചു വരാത്ത, സഹൃദയനും സഞ്ചാരിയുമായ തന്റെ കാമുകന്‍ സുധീര്‍ കുമാര്‍ മിശ്രയെ കാത്തിരിക്കുന്ന വിമലയും, ഇന്നേ വരെ കണ്ടിട്ടില്ലാത്ത തന്റെ പിതാവിനെ തേടുന്ന ബുദ്ദുവും പിന്നെ എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോകുന്ന സര്‍ദാര്‍ജിയും മഞ്ഞിലെ നൊമ്പരമാണ്. നൈനിറ്റാളിലെ തടാകത്തിലെ ജലം പോലെ കെട്ടിക്കിടക്കുകയാണ് നായികയായ വിമലാ ദേവിയുടെ മനസും; വിഫല പ്രണയത്തിന്റെ ഓര്‍മ്മകളില്‍ തപസ്സിരുന്നവള്‍.


1983ലാണ് മഞ്ഞ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം നടത്തിയത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും എം.ടി തന്നെയായിരുന്നു. സംഗീത നായിക്, ശങ്കര്‍ മോഹന്‍, നന്ദിത ബോസ്, കല്‍പ്പന, ദേശ് മഹേശ്വരി, കമല്‍ റോയ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വെള്ളിത്തിരയില്‍ എത്തിയത്.


8) ഒരു ചെറു പുഞ്ചിരി


എം.ടിയുടെ ആറാമത്തെ സംവിധാന സംരംഭമാണ് 2000ത്തില്‍ പുറത്തിറങ്ങിയ ഒരു ചെറു പുഞ്ചിരി. കൃഷിയെ ഒരുപാട് സ്‌നേഹിക്കുന്ന റിട്ടയര്‍ ചെയ്ത  കുടുംബനാഥനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഒടുവില്‍ ഉണ്ണികൃഷ്ണനും നിര്‍മലാ ശ്രീനിവാസനുമാണ് വാര്‍ദ്ധക്യത്തിലൂടെ സഞ്ചരിക്കുന്ന ദമ്പതികളായി വെള്ളിത്തിരയില്‍ എത്തുന്നത്. ജീവിതത്തിന്റെ കാലത്തും നാളിതുവരെ കൃഷ്ണക്കുറുപ്പും(ഒടുവില്‍) ഭാര്യ അമ്മാളുവമ്മയും (നിര്‍മല) പങ്കുവച്ച ഊഷ്മളമായ സ്‌നേഹബന്ധമാണ് കഥാതന്തു. കൊച്ചു കൊച്ചു പരിഭവങ്ങളും പിണക്കങ്ങളും കുസൃതികളും നിറഞ്ഞ ഇവരുടെ ജീവിതം മനോഹരമായാണ് സ്‌ക്രീനില്‍ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീരമണ എന്ന തെലുഗ് എഴുത്തുകാരന്റെ ‘മിഥുനം’ എന്ന കഥയെ അടിസ്ഥാനപ്പെടുത്തിയാണ് എം.ടി ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


90 ലേക്ക് കടക്കുന്ന ഈ വേളയിൽ എം.ടിയുടെ 10 കഥകൾ സിനിമകളാകുന്നു. എം ടി തന്നെ തിരക്കഥ ഒരുക്കുന്ന സിനിമകളിൽ മമ്മൂട്ടി, മോഹൻലാൽ, ബിജു മേനോൻ അടക്കമുള്ളവരാണ്‌ അഭിനയിക്കുന്നത്‌. ഏഴുസിനിമകളുടെ ചിത്രീകരണം പൂർത്തിയായി. എം ടിയുടെ മകൾ അശ്വതിയും സംവിധായികയാകുന്നു. ‘വിൽപന’യാണ്‌ അശ്വതി സംവിധാനം ചെയ്‌തത്‌. എം ടി യുടെ ആത്മാംശം ഉൾച്ചേർന്ന ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പി’ൽ മമ്മൂട്ടിയാണ്‌ നായകൻ. സംവിധാനം ലിജോ ജോസ്‌ പെല്ലിശേരി. പ്രിയദർശന്റെ ‘ശിലാലിഖിത’ത്തിൽ ശാന്തികൃഷ്‌ണയും ബിജുമേനോനുമാണ്‌ കേന്ദ്രകഥാപാത്രങ്ങൾ. അരനുറ്റാണ്ട്‌ മുമ്പിറങ്ങിയ ‘ഓളവും തീരവും’ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ പുനരാവിഷ്‌കരിക്കുന്നു. ജയരാജ്‌ സംവിധാനംചെയ്യുന്ന ‘സ്വർഗം തുറക്കുന്ന സമയ’ത്തിൽ നെടുമുടി വേണുവും ഇന്ദ്രൻസും അഭിനയിച്ചു. ശ്യാമപ്രസാദിന്റെ ‘കാഴ്‌ച’യിൽ പാർവതി തിരുവോത്തും നരേനുമാണ്‌. ‘അഭയം തേടി’യാണ്‌ സന്തോഷ്‌ ശിവൻ സംവിധാനം ചെയ്‌തത്‌. സിദ്ദിഖാണ്‌ കേന്ദ്ര കഥാപാത്രം. ഫഹദും നദിയാമൊയ്‌തുവും വേഷമിട്ട ‘ഷെർലകി’ന്റെ സംവിധാനം മഹേഷ്‌നാരായണൻ. ‘കടൽക്കാറ്റ്‌’ ഒരുക്കുന്നത്‌ രതീഷ്‌‌ അമ്പാട്ടാണ്‌. ന്യൂസ്‌ വാല്യൂ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആർഎസ്‌പിജിയാണ്‌ നിർമാണം. സുധീർ അമ്പലപ്പാട്‌ ലൈൻ പ്രൊഡ്യൂസർ. അശ്വതി വി നായരാണ്‌ ക്രിയേറ്റീവ്‌ പ്രൊഡ്യൂസർ. നെറ്റ്‌ഫ്ലിക്‌സിൽ പ്രദർശിപ്പിക്കുന്ന ഈ സിനിമകളുടെ അവതരണം നടൻ കമൽഹാസനാണ്‌. കേരളത്തിന്‌ പുറമെ കാനഡ, ശ്രീലങ്ക എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.


കടപ്പാട് : 

വിവിധ മാധ്യമങ്ങൾ. 

കലാഗ്രാമം ബുക്ക് ക്ലബ് .


No comments:

Powered by Blogger.