മുത്തുക്കുട മാനം പന്തലൊരുക്കിയില്ലേ...; തേൻ മധുരമായി 'പാപ്പച്ചൻ ഒളിവിലാണ്' സിനിമയിലെ പ്രണയഗാനം .



മുത്തുക്കുട മാനം പന്തലൊരുക്കിയില്ലേ...; തേൻ മധുരമായി 'പാപ്പച്ചൻ ഒളിവിലാണ്' സിനിമയിലെ പ്രണയഗാനം .


സംഗീതാസ്വാദകർ എന്നും നെഞ്ചേറ്റുന്ന പ്രണയഗാനങ്ങളിൽ എം. ജി. ശ്രീകുമാറും സുജാതയും ആലപിച്ച ഒട്ടേറെ ഗാനങ്ങളുണ്ട്. അവരുടെ ശബ്‍ദം പോലും എന്നും മലയാളികൾക്കൊരു ഗൃഹാതുരത്വമുണർത്തുന്നയോർമ്മയാണ്. ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം ഇവരൊരുമിച്ചാലപിച്ചൊരു പ്രണയഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. സൈജു കുറുപ്പ് നായകനായെത്തുന്ന 'പാപ്പച്ചൻ ഒളിവിലാണ്' എന്ന സിനിമയിലെ 'മുത്തുക്കുട മാനം പന്തലൊരുക്കിയില്ലേ...' എന്നു തുടങ്ങുന്ന ഗാനം സോഷ്യൽമീഡിയയിൽ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. 


നാട്ടിടവഴികളും വയലേലകളും പാറക്കെട്ടുകളും ഹരിതാഭയാർന്ന കാവുകളും പുഴയോരവും എല്ലാം ചേർന്നൊരു മനോഹരമായ ഗാനമാണ് ചിത്രത്തിലേതായി ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. പാപ്പച്ചനും ഭാര്യയും വർഷങ്ങൾക്കുമുമ്പുള്ള തങ്ങളുടെ പ്രണയകാലത്തെ ഓർത്തെടുക്കുന്നതാണ് ഈ ഗാനരംഗത്തിലുള്ളത്. കാതിനിമ്പമുള്ള ഈണവും വരികളും ചേർന്ന തേൻമധുരമുള്ള ഈ ഗാനം പാട്ടുപ്രേമികളുടെ പ്ലേലിസ്റ്റിൽ ഇടം പിടിക്കുമെന്നുറപ്പാണ്. ബി.കെ. ഹരിനാരായണൻ എഴുതിയിരിക്കുന്ന വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശ്രദ്ധേയ സംഗീത സംവിധായകൻ ഔസേപ്പച്ചനാണ്. 


ശ്രിന്ദ, സോളമൻ്റെ തേനീച്ചകൾ ഫെയിം ദർശന എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് ചിത്രത്തിൽ സൈജു കുറുപ്പ് അഭിനയിക്കുന്നത്. ക്രൈസ്തവ സമൂഹത്തിൻ്റെ പശ്ചാത്തലത്തിൽ ബന്ധങ്ങളുടേയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടേയും  പകയുടേയുമൊക്കെ കഥപറയുന്ന ഈ സിനിമയിൽ പാപ്പച്ചന്‍റെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ ഏതാനും മുഹൂർത്തങ്ങളാണ് ദൃശ്യവൽക്കരിക്കുന്നത്.


'പൂക്കാലം' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന 'പാപ്പച്ചൻ ഒളിവിലാണ്', നവാഗതനായ സിൻ്റോ സണ്ണി സംവിധാനം ചെയ്യുന്നു. സിനിമാലോകത്ത് ഏതാനും വർഷങ്ങളായി സജീവ സാന്നിധ്യമായുള്ള തോമസ് തിരുവല്ല, സംവിധായകൻ ബ്ലെസി ഒരുക്കിയ കളിമണ്ണ് എന്ന സിനിമ നിര്‍മ്മിച്ചുകൊണ്ടാണ് സിനിമാലോകത്തേക്കെത്തിയത്. ഓട്ടം, എല്ലാം ശരിയാകും, മ്യാവൂ, മേ ഹൂം മൂസ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവും തോമസ് തിരുവല്ല ആണ്.


 ബി.കെ.ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകരുന്നു. ശ്രീജിത്ത് നായർ ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം വിനോദ് പട്ടണക്കാടൻ. കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ. മേക്കപ്പ് മനോജ് & കിരൺ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ബോബി സത്യശീലൻ. പ്രൊഡക്ഷൻ മാനേജർ ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. കുട്ടമ്പുഴ ഭൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. പി ആർ ഓ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്. സ്റ്റിൽസ് അജീഷ് സുഗതൻ, മാര്‍ക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.


https://youtu.be/DxkPCPpxbBw

No comments:

Powered by Blogger.