പി .പത്മരാജൻ അനുസ്മരണ സമ്മേളനവും പ്രാവ് ചലച്ചിത്രത്തിന്റെ പ്രൊമോഷൻ ലോഞ്ചും നടന്നു .


പി. പത്മരാജൻ അനുസ്മരണ സമ്മേളനവും പ്രാവ് ചലച്ചിത്രത്തിന്റെ പ്രൊമോഷൻ ലോഞ്ചും നടന്നു 


തിരുവനന്തപുരം : പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ പി. പത്മരാജന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകളുമായി മലയാള സിനിമാലോകത്തെ പ്രഗത്ഭരും ചലച്ചിത്രാസ്വാദകരും ഒത്തുകൂടി. ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ പത്മരാജൻ ട്രസ്റ്റ് ഭാരവാഹികളായ അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി രാധാലക്ഷ്മി പത്മരാജൻ, ട്രസ്റ്റ് ചെയർമാൻ ശ്രീ വിജയകൃഷ്ണൻ, ഫിലിം പ്രൊഡ്യൂസർ ഗാന്ധിമതി ബാലൻ, സിനിമാ സംവിധായകനും പത്മരാജനോടൊപ്പം ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയി കൂടെയുണ്ടായിരുന്ന സുരേഷ് ഉണ്ണിത്താൻ, പ്രൊഫസർ മ്യൂസ് മേരി ജോർജ്, ഭാരത് ഭവൻ ഡയറക്ടറും സിനിമാ സംവിധായകനുമായ ശ്രീ പ്രമോദ് പയ്യന്നൂർ എന്നിവർ ശ്രീ പത്മരാജന്റെ ഓർമ്മകൾ പങ്കുവച്ചു.






ചടങ്ങിൽ  പത്മരാജന്റെ മകൻ അനന്തപത്മനാഭൻ അച്ഛനെക്കുറിച്ചു തയ്യാറാക്കിയ കുറിപ്പ് ധന്വന്തരി സദസ്സിൽ അവതരിപ്പിച്ചു. ആ കുറിപ്പ് ഇപ്രകാരമാണ് "അച്ഛന്റെ 45മത് പിറന്നാൾ ഓർക്കുന്നു. അന്നു കാലത്ത് കാർ പഠിക്കാൻ ഞാൻ അച്ഛന്റെ അനിയത്തിയുടെ മകനൊപ്പം പാങ്ങോട് മിലിട്ടറി ക്യാമ്പ് ഭാഗത്തേക്ക്  അതിരാവിലെ പോയി. ഡ്രൈവിംഗ് ഗുരു അച്ഛന്റെ പേർസണൽ മാനേജർ മോഹൻദാസ്. കാർ  എവിടെയൊ മുട്ടി. മടങ്ങി വന്ന അച്ഛൻ ഒന്ന് അസ്വസ്ഥനായി. പക്ഷേ പെട്ടെന്ന് തന്നെ ആ വിഷമം മറച്ച്, "അതൊന്നും സാരമില്ലെടാ കാർ പഠിക്കുമ്പൊ തട്ടലും മുട്ടലുമൊക്കെ നടക്കും." എന്ന് അനന്തിരവനെ ആശ്വസിപ്പിച്ചു. ഉച്ചക്ക് പിറന്നാൾ സദ്യക്ക് കൂടാൻ വേണുച്ചേട്ടനും ബീന ചേച്ചിയും കുഞ്ഞുമോൾ മാളുവിനൊപ്പം വന്നപ്പോൾ ആ മങ്ങല് മുഴുവനൊഴിഞ്ഞു. ഉച്ചക്ക് തീരെ പ്രതീക്ഷിക്കാതെ അച്‌ഛനൊരു ഫോൺ വന്നു. എം.ടി യാണ്. "വൈകിട്ട് ഫ്രീ ആണെങ്കിൽ ഒന്ന് പാരമൗണ്ട് ടൂറിസ്റ്റ് ഹോം വരെ വരു, ഞാനിവിടെയുണ്ട് " . കൂട്ടത്തിൽ എന്നെ കൂടി കൊണ്ട് വരാൻ നിർദ്ദേശം - അതിന് മുമ്പ് അദ്ദേഹത്തിന് ഞാനൊരു കത്തെഴുതിയിരുന്നു. 17 വയസ്സിൽ എം.ടി ലഹരിയിൽ പൂണ്ടിരിക്കുന്ന എന്നോട് അച്ഛൻ പറഞ്ഞു, "സന്ധ്യക്ക് റെഡി ആവ് . എം.ടി.ക്ക് നിന്നെ കാണണമെന്ന് !" രാത്രി അവർക്ക് രണ്ടു പേർക്കുമിടയിൽ ഞാനൊരു പുളകത്തിന്റെ കുമിളയിൽ ! എം.ടി. പറയുന്നു, " എനിക്കൊരു നോവൽ എഴുതി തരൂ പപ്പൻ. നമ്മുടെയൊക്കെ ശരിയായ തിണ സാഹിത്യമാണ്. ഇടക്കൊക്കെ അവിടെ തിരിച്ചു വരണം ' അച്ഛൻ സമ്മതിക്കുന്നു. ആ വാക്കാണ് "പ്രതിമയും രാജകുമാരിയും " എന്ന സൃഷ്ടിക്ക് ഹേതു. രാത്രി മടങ്ങിയെത്തിയ അച്ഛൻ ഡയറിയിൽ ഇങ്ങനെ കുറിച്ചു , " ഇന്ന് പിറന്നാൾ, അലോസരത്തിൽ തുടങ്ങിയ ദിവസം ഒതുക്കത്തിൽ നന്നായി കലാശിച്ചു "" അച്ഛന്റെ അവസാന ദിനസരിക്കുറിപ്പ്.33 വർക്ഷത്തിന് ശേഷം മലയാളം ഇന്നും ആ പിറന്നാൾ ഓർത്തു വെക്കുന്നു  ആഘോഷിക്കുന്നു.എല്ലാവർക്കും സ്നേഹം പറയുന്നു. കാലമേ സ്നേഹം🙏. തുടർന്ന് ചടങ്ങിൽ പത്മരാജന്റെ മലയാള സിനിമയിലേക്കുള്ള സംഭാവനകൾ കൂട്ടിയിണക്കി ഒരുക്കിയ സ്പെഷ്യൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.


തുടർന്ന് പത്മരാജന്റെ കഥയെ ആസ്പദമാക്കി ചിത്രീകരണം പൂർത്തിയാക്കിയ പ്രാവ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ലോഞ്ചിനും ചടങ്ങു വേദിയായി. പ്രാവ് സിനിമയുടെ നിർമ്മാതാക്കളായ തകഴി രാജശേഖരൻ( പ്രൊഡ്യൂസർ), എസ്.മഞ്ജുമോൾ (കോ പ്രൊഡ്യൂസർ), സംവിധായകൻ നവാസ് അലി,എഡിറ്റർ, അഭിനേതാക്കളായ അമിത് ചക്കാലക്കൽ, അഡ്വക്കേറ്റ് സാബുമോൻ അബ്ദുസമദ്, കെ യൂ മനോജ്, അജി ധന്വന്തരി തുടങ്ങി മറ്റു താരങ്ങളും സിനിമയേക്കുറിച്ചു സംസാരിച്ചു. തുടർന്ന് പ്രശസ്ത പിന്നണി ഗായകൻ മണക്കാട് ഗോപൻ അവതരിപ്പിച്ച പത്മരാജന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിശയും നടന്നു.



പി ആർ ഓ പ്രതീഷ് ശേഖർ.

No comments:

Powered by Blogger.