കൊച്ചി ബിനാലയിൽ പ്രദർശിപ്പിച്ച് മലയാള ചിത്രം 'നിഴലാഴം'.



കൊച്ചി ബിനാലയിൽ പ്രദർശിപ്പിച്ച് മലയാള ചിത്രം 'നിഴലാഴം'.




'തോൽപ്പാക്കൂത്ത് കല' പ്രമേയമാക്കി രാഹുൽ രാജ് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച 'നിഴലാഴം' എന്ന ചിത്രം കൊച്ചി ബിനാലയിൽ പ്രദർശിപ്പിച്ചു. ആർട്ട്നിയ എന്റർടൈൻമെൻറിന്റെ ബാനറിൽ വിവേക് വിശ്വവും എസ്സാർ ഫിലിംസിന്റെ ബാനറിൽ സുരേഷ് രാമന്തളിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം കൊച്ചി ബിനാലെയിലെ 'ആർട്ടിസ്റ്റിക് സിനിമ' എന്ന വിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്. ഇദ്യമായാണ് ഒരു സിനിമയുടെ പ്രിമിയർ ഷോക്ക് ബിനാലെ വേദിയാവുന്നത്‌. രണ്ട് മണിക്കൂർ ദൈർഖ്യമുള്ള ഈ ചിത്രം തോൽപ്പാവ കലാകാരന്മാർ അനുസ്യൂതം തുടരുന്ന അതിജീവന ശ്രമങ്ങളുടെ കഥയാണ് പറയുന്നത്. 


ബിലാസ് ചന്ദ്രഹാസൻ, വിവേക് വിശ്വം, സിജി പ്രദീപ്‌, അഖിലാ നാഥ്‌ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം തോൽപ്പാവ കലാകാരനായ വിശ്വനാഥ പുലവരുടെ ജീവിത യാത്രയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പുലവർ സമൂഹം കഴിഞ്ഞ അര നൂറ്റാണ്ടായി നേരിടുന്ന വെല്ലുവിളികളാണ് പ്രേക്ഷകർക്ക് മുന്നിൽ ദൃഷ്യാവിഷ്ക്കരിച്ചിരിക്കുന്നത്. അറുപതുകളുടെ അവസാനത്തോടെ ആരംഭിക്കുന്ന കഥാഖ്യാനം രണ്ടായിരം കാലഘട്ടത്തേക്ക് എത്തുമ്പോൾ തോൽപ്പാവ കലക്ക് ഉണ്ടാവുന്ന മാറ്റത്തോടൊപ്പം പുലവർ സമൂഹത്തിന് പൊതുവിൽ ഉണ്ടായ മാറ്റവും ചിത്രത്തിൽ വരച്ചുകാണിക്കുന്നുണ്ട്. 


നാട്ടു പ്രമാണിമാരുടെ ദേവി ക്ഷേത്രങ്ങളിലെ കൂത്ത് മാടങ്ങളിൽ നടന്നിരുന്ന കൂത്ത്, പാലക്കാടൻ ഗ്രാമങ്ങളിലെ രാത്രികളെ ഭക്തി സാന്ദ്രമാക്കിയിരുന്നു. ശ്രീരാമ ജനനം മുതൽ ശ്രീരാമ പട്ടാഭിഷേകം വരെ നിഴൽരൂപങ്ങൾ കൊണ്ട് പുലവന്മാർ തീർക്കുന്ന ദൃശ്യ വിസ്മയങ്ങളിലൂടെ സഞ്ചരിക്കുന്ന 'നിഴലാഴം' ഒരു അച്ഛന്റെയും മകൻറെയും അത്മബന്ധത്തിൻറെ പൂർണ്ണതയിലാണ് ചെന്നെത്തിനിൽക്കുന്നത്.  


സാഹിത്യകാരൻ എൻ.എസ് മാധവൻ, നാടക സംവിധായകൻ ചന്ദ്രദാസൻ, ഛായാ​ഗ്രഹകരായ വിനോദ് ഇല്ലമ്പള്ളി, നിഖിൽ എസ്. പ്രവീൺ, ചലച്ചിത്ര അക്കാദമി റീജനൽ ഹെഡ് ഷാജി അമ്പാട്ട്, സംവിധായകൻ ടോം ഇമ്മട്ടി, നിർമ്മാതാവ് അജി മേടയിൽ, അഭിനേതാക്കളായ മഞ്ജുളൻ, ഡാൻ, ആഡം, ഋതു മന്ത്ര, അശ്വതി ചന്ദ് കിഷോർ, പ്രൊഡക്ഷൻ കണ്ട്രോളർ സഞ്ജയ് പാൽ, നോവലിസ്റ്റ് അനു ചന്ദ്ര, ചലച്ചിത്ര പ്രവർത്തക ആരതി സെബാസ്റ്റിയൻ തുടങ്ങിയവരാണ് ഈ പ്രീമിയർ ഷോയിൽ പ്രധാന അതിഥികളായെത്തിയത്. ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം 'നിഴലാഴം' സിനിമയുടെ അണിയറ പ്രവർത്തകർ കാണികളുമായി സംവദിച്ചു. 'ലെറ്റ്സ് ടോക്ക്' എന്ന ഈ സെഗ്മെന്റിൽ സംവിധായകൻ രാഹുൽ രാജ്, ഛായാ​ഗ്രഹകൻ അനിൽ കെ ചാമി, അഭിനേതാക്കളായ ബിലാസ് ചന്ദ്രഹാസൻ, വിവേക് വിശ്വം, സജേഷ് കണ്ണോത്ത്, സിജി പ്രദീപ്‌, അഖില നാഥ്‌, എഡിറ്റർ അംജദ് ഹസ്സൻ, കോസ്റ്റ്യൂമർ ബിനു പുളിയറക്കോണം, ലിറിസിസ്റ്റ് സുരേഷ്രാമന്തളിതുടങ്ങിയവരോടൊപ്പം വിശ്വനാഥ പുലവരും പങ്കെടുത്തു.

No comments:

Powered by Blogger.