" ഓട്ടോഗ്രാഫ് " : ഷാനുസമദ് .
കഥ
ഓട്ടോഗ്രാഫ്
#ചെറുകഥകൾ
#Shanusamad
ഏലി ചേടത്തി എന്ന എലിസബത്തിന്റെ കരൾ പോയത് വെള്ളമടിച്ചു തന്നെയായിരുന്നു,
വെള്ളമടി എപ്പോ തുടങ്ങിയതെന്ന് ചോദിച്ചാൽ ഏലി ചേടത്തിയെ മാർക്കൊസേട്ടൻ കെട്ടി കൊണ്ടു വന്ന അന്ന് മുതൽ പഠിപ്പിച്ചതാണ് ഈ ശീലം
അതിനു ഒരു കാരണം കൂടെ ഉണ്ടായിരുന്നു, ഏലി എപ്പോഴും ദുഖിച്ചിരിക്കുന്നത് കണ്ട മാർക്കൊസേട്ടനാണ് പറഞ്ഞത് ഉള്ളിലെ ദുഃഖമൊക്കെ പോകാൻ രണ്ടെണ്ണം അടിക്കുന്നത്,നല്ലതാണന്ന്
ആദ്യമൊക്കെ ചെറിയ രീതിയിൽ തുടങ്ങിയ വെള്ളമടി, മാർക്കൊസേട്ടൻ പോയേപ്പിന്നെ ഒറ്റക്കായ ഏലി ചേടത്തി സ്ഥിരമാക്കി
അങ്ങനെ വെള്ളമടിച്ചു വെള്ളമടിച്ചു ഏലിചേടത്തിടെ ലിവർ പണിമുടക്കി അതും അറുപതാം പിറന്നാൾ ആഘോഷിക്കാൻ മൂന്നു മാസമുള്ളപ്പോൾ
ഏലി ചേടത്തിക്ക് ചേരുന്ന ഒരു കരൾ അനേഷിച്ചു കുറെ നടന്നിട്ടാണ് നല്ലത് ഒന്ന് ഒത്തു വന്നത്, അതും ഇങ്ങോട്ട് വന്നതാണ്,
കരൾ പകുത്ത് തരാം എന്ന് പറഞ്ഞു ഇങ്ങോട്ട്
വന്ന അറുപതുകാരനെകുറിച്ച് ആരും അനേഷിച്ചില്ല,
ആൾക്ക് എത്ര കാശ് വേണമെന്ന് മാത്രമേ ചോദിച്ചോള്ളൂ
അതിന് മറുപടിയായി ഒരു ചിരി മാത്രം സമ്മാനിച്ച അയാളെ ഏലി ചെടത്തിയുടെ മക്കളും പേരക്കുട്ടികളും ഒന്നും മനസിലാവാതെ നോക്കി
ഒരു ബന്ധവുമില്ലാതെ ചില്ലി കാശ് വേണ്ടാതെ കരൾ പകുത്ത് നൽകാൻ തയ്യാറായ അയാളെ എല്ലാവരും അത്ഭുതത്തോടെ നോക്കി ഒരാളോഴിച്ച്,
അതയാളുടെ ഏറ്റവും വലിയ കൂട്ടുകാരനായിരുന്ന കാരിയാവിളയിലെ സുലൈമാൻ എന്ന വേറൊരു അറുപതുകാരനായിരുന്നു
സർജറി നടക്കുമ്പോൾ പുറത്ത് അയാളെ കുറിച്ച് വേവലാതി പൂണ്ടു ബന്ധുവെന്നു പറയാൻ ഓപ്പറേഷൻ തീയേറ്ററിന് മുൻപിൽ സുലൈമാൻ മാത്രമേ ഉണ്ടായിരുന്നുള്ളു
സർജറി കഴിഞ്ഞു രണ്ടു പേരെയും ഐ സി യു വിലേക്ക് മാറ്റിയപ്പോഴും അതിന് മുൻപിലും സുലൈമാൻ ഉണ്ടായിരുന്നു
ഐ സി യു വിൽ കഴിഞ്ഞ രണ്ടാം നാൾ ഏലിചെടത്തിയെ മുറിയിലേക്ക് മാറ്റുമ്പോൾ
ഐ സി യു വിന്റെ പുറത്തുള്ള സുലൈമാനെ സ്‌ട്രെക്ചെറിൽ കിടന്ന് കൊണ്ടു ഏലി ചേടത്തി നോക്കി എവിടെയോ കണ്ടു മറന്ന മുഖമെന്നോർത്ത് അവർ ഒന്ന് പുഞ്ചിരിച്ചു
കരൾ പകുത്തു നൽകിയ ആളുടെ കൂട്ടുകാരൻ ആണ് ഐ സി യു വിന് പുറത്ത് കണ്ട സുലൈമാൻ എന്ന് മകൻ പറഞ്ഞ് അറിഞ്ഞ ഏലി ചേടത്തി സുലൈമാനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു
എവിടെ കണ്ടു മറന്ന മുഖംപോലെ എന്ന് ഏലി ചേടത്തി പറഞ്ഞപ്പോൾ സുലൈമാൻ ഒന്ന് മൗനം പാലിച്ചു പിന്നെ ചിരിച്ചു കൊണ്ടു പറഞ്ഞു
ശാസ്ത്രം മുന്നോട്ട് മൂത്രം താഴോട്ട് നീ എങ്ങോട്ട്
സുലൈമാന്റെ മറുപടി കേട്ടപ്പോൾ ഏലി ചെടത്തിയുടെ മക്കളും കൂടെ നിന്നവരും അന്തം വിട്ടു നിന്നെങ്കിലും ഏലി ചേടത്തി പത്താംക്ലാസിലെ ഓട്ടോ ഗ്രാഫിൽ സുലൈമാൻ എഴുതിയത് പൊട്ടി ചിരിച്ചു കൊണ്ടു ഓർത്തെടുത്തു പറഞ്ഞു കരിയവിളയിലെ സുലൈമാൻ
പൊട്ടി ചിരിച്ചു സുലൈമാൻ പറഞ്ഞു
"പഠിച്ചു പഠിച്ചു നീ ഡോക്ടർ ആകുമ്പോൾ കുരച്ചു കുരച്ചു ഞാൻ വരുമ്പോൾ നീ എന്നെ ഓർക്കുമോ"
അന്ന് ഏലി എന്റെ ഓട്ടോഗ്രാഫിൽ എഴുതിയത്..
സ്കൂളിന്റെ വരാന്തയിൽ നീട്ടി പിടിച്ച ഓട്ടോ ഗ്രാഫിലെ വരികൾ ഓർത്തെടുത്ത പോലെ ഏലിയിൽ ഒരു ചിരി വിടർന്നു
അപ്പോൾ എനിക്ക് കരൾ തന്നത്..?
"ആ പത്താം ക്ലാസിലെ ഓട്ടോ ഗ്രാഫ് ഉണ്ടോ?"
"അവിടെ എവിടെയൊ കാണണം"
എന്നാ അതിലുണ്ട് അയാൾ"
"അബ്ദുള്ളയുടെ ബൈസ്റ്റാൻഡർ ആരാ?,"
ഓടി വന്ന നഴ്സിൽ പരിഭ്രമം ഉണ്ടായിരുന്നു
"ഞാൻ ആണ്"
"ഐ സി യു വിന്റെ അവിടെ അനേഷിക്കുന്നുണ്ട്"
സുലൈമാൻ അങ്ങോട്ട് പോയി
അബ്ദുള്ള ഏലി ചേടത്തി ആ പേര് ഓർത്തെടുക്കാൻ വിഷമിച്ചു
"എനിക്ക് അയാളെ ഒന്ന് കാണാൻ പറ്റുമോ"
"അളിപ്പോഴും ഐ സി യു വിൽ ആണ്
എന്തോ ഇൻഫെക്ഷൻ ആയിട്ടുണ്ട്, സർജറി കഴിഞ്ഞതോണ്ട് അമ്മയെ അവിടേക്ക് കൊണ്ടു പോകാനും പറ്റൂല"
ഏലിചേട്ടത്തിയുടെ മുഖത്തു സങ്കടം നിറഞ്ഞു
സർജറി കഴിഞ്ഞ ആറാം ദിവസം അബ്ദുള്ള മരിച്ചു
പത്താം ക്ലാസ്സ് കഴിഞ്ഞിട്ടും ഓൻ ഇങ്ങളെ കാത്തിരുന്നു, കുടുംബോം കൂടെ പിറപ്പും ഇല്ലാതിരുന്ന ഓന് ഇങ്ങളെ ജീവനേർന്നു, ഇങ്ങള് വേറെ കെട്ടിയിട്ടും ഓൻക്ക് വേറൊരു ജീവിതം പറ്റീല, അത്രക്കധികം ഇണ്ടാർന്നു ഓന്ക്ക് ഇങ്ങളോട് ഇഷ്ടം,
ആശുപത്രിയിൽ നിന്ന് പോകും മുൻപേ സുലൈമാൻ ഏലി ചേടത്തിയോട് അത് പറയുമ്പോൾ സുലൈമാന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു
സ്കൂളിന്റെ ഉച്ചകഞ്ഞി വെക്കുന്ന ഓലപുരയോട് ചേർന്ന് നിന്ന്
"നിന്റെ മരണം വരെ ഞാൻ കൂടെയുണ്ടാകും"
എന്ന് കുസൃതി പറഞ്ഞ ഒരു പതിനഞ്ചുകാരിയുടെ വാക്കുകൾ ഓർത്ത് ഏലി ചേടത്തി തേങ്ങി കരഞ്ഞു
ആശുപത്രിയിൽ നിന്ന് വന്ന അന്ന് തന്നെ ഏലി ചേടത്തി പത്താംക്ലാസിലെ ഓട്ടോ ഗ്രാഫ് തപ്പിയെടുത്ത്
നിവർത്തി
"ഏലി എവിടെയായാലും എന്റെ കരളിന്റെ പാതി നിനക്കുള്ളതാണ്"
എന്ന് സ്വന്തം അബ്ദുള്ള
ഓട്ടോ ഗ്രാഫിലെ മൂന്നാം പേജിലെ ആ വരികൾ വായിച്ചു ഏലി വാവിട്ട് കരഞ്ഞു
ഒരു പക്ഷേ കെട്ടി കൊണ്ടു വന്നപ്പോൾ ദുഃഖിച്ചതും കുടി കൂടിയതും നിന്നെ ഓർത്തയിരിക്കും അബ്ദുള്ള ഏലി സ്വയം പറഞ്ഞു
അത് കെട്ടാവണം ചുമരിലെ പടത്തിലിരുന്നു മാർക്കൊസേട്ടൻ ചിരിച്ചത്
രചന : ഷാനു സമദ് .
No comments: