താര തിളക്കമാർന്ന ആഘോഷ രാവിൽ ഉലക നായകൻ പ്രകാശനം ചെയ്ത ' പൊന്നിയിൻ സെൽവൻ2 ' ട്രെയിലർ കത്തിക്കയറുന്നു.



താര തിളക്കമാർന്ന ആഘോഷ രാവിൽ ഉലക നായകൻ പ്രകാശനം ചെയ്ത ' പൊന്നിയിൻ സെൽവൻ2 ' ട്രെയിലർ കത്തിക്കയറുന്നു. 



തമിഴകത്തിൻ്റെ തലസ്ഥാന നഗരിയായ ചെന്നൈയ്ക്ക് കഴിഞ്ഞ ബുധനാഴ്ച രാവ് ആഘോഷ രാവായിരുന്നു . തെന്നിന്ത്യൻ മണ്ണിലെ വെള്ളി നക്ഷത്രങ്ങൾ മിന്നി തിളങ്ങിയ ആഘോഷ രാവിൽ ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും നിർമ്മിച്ച് *മണിരത്നം* സംവിധാനം ചെയ്ത താര ബഹുലമായ ബ്രഹ്മാണ്ഡ സിനിമ ' *പൊന്നിയിൻ സെൽവൻ-2* ' ൻ്റെ ഓഡിയോയും ട്രെയിലറും ' ഉലക നായകൻ ' കമലഹാസൻ പതിനായിര കണക്കിന് ആരാധകരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു.ഏ ആർ റഹ്മാൻ സംഗീതം പകർന്ന ഏഴു ഗാനങ്ങളടങ്ങുന്ന മ്യുസിക് ആൽബവും തദവസരത്തിൽ പുറത്തിറക്കി. 29- ന് ബുധനാഴ്ച വൈകിട്ട് ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നൂ ചടങ്ങ്. ചടങ്ങിൽ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തു. ഒരു കാരണവരെ പോലെ മണിരത്നം ചടങ്ങിൻ്റെ ഒരുക്കങ്ങൾ നിരീക്ഷിച്ച് പ്രവർത്തകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി കൊണ്ടിരിക്കുന്നത് കാണാമായിരുന്നു. ലൈക്കയുടെ സാരഥി നിർമ്മാതാവ് കെ.സുഭാസ്ക്കരൻ മണിരത്ന പത്നി സുഹാസിനി എന്നിവർ അതിഥികളെ വരവേൽക്കാൻ മുന്നിട്ടു നിന്നു എന്നത് പ്രത്യേകം ശ്രദ്ധേയമായിരുന്നു.വേദി പങ്കിട്ട വിശിഷ്ട വ്യക്തികളും താരങ്ങളും മുൻ ലോക സുന്ദരി ഐശ്വര്യാ റായ് ബച്ചനേയും അവർ അവതരിപ്പിക്കുന്ന നന്ദിനി എന്ന കഥാപാത്രത്തെയും വാനോളം പുകഴ്ത്തി. 

 



' പൊന്നിയിൻ സെൽവൻ 2 ' വിലെ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും ഒപ്പം അഭിനേതാക്കളായ ശോഭന, രേവതി, ഖുഷ്ബു, സുഹാസിനി, സംവിധായകൻ ഭാരതി രാജ, തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകൻ, നടൻ ജോജു ജോർജ്,തുടങ്ങിവർ പങ്കെടുത്ത് ' പിഎസ്2 ' ന് വിജയാശംസകൾ നേർന്നു . ഒടുവിലെ വിശിഷ്ട അതിഥിയായി നടൻ ചിമ്പു എത്തി. ചിമ്പുവിൻ്റെ വരവ് അരങ്ങിലുണ്ടായിരുന്ന ആയിരക്കണക്കിന് ആരാധകരെ ഇളക്കി മറിച്ചു. സദസ്യർ ഒന്നടങ്കം കരഘോഷം മുഴക്കി ആരവത്തോടെയാണ് ചിമ്പുവിനെ വരവേറ്റത്. 


ചടങ്ങിൽ സംസാരിക്കവേ ഭാരതിരാജ " ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് പൊന്നിയിൻ സെൽവൻ വായിക്കുന്നത്. ഏതു കഥ വേണമെങ്കിലും സിനിമയായി ചിത്രീകരിക്കാം. പക്ഷേ ഒരു ചരിത്ര കഥ പിശകാതെ എടുക്കണം. മണിരത്നം ജീനിയസാണ്... ഈ കഥ സിനിമയാക്കാൻ എം ജി ആർ വളരെയധികം ആഗ്രഹിച്ചിരുന്നു. എന്നെയും കമൽ, ശ്രീദേവി എന്നിവരെയും വെച്ച് അദ്ദേഹം ചർച്ച ചെയ്തു. വന്തിയ തേവനായി കമലിനെ അഭിനയിപ്പിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ആ സമയത്ത് പെട്ടെന്ന് എം ജി ആർ അസുഖ ബാധിതനായി. അതു കൊണ്ട് അത് നടക്കാതെ പോയി.ഞാൻ ഉഴപ്പിയേക്കും എന്ന് കരുതിയാവും മണിരത്നത്തെ കൊണ്ട് ദൈവം എടുപ്പിച്ചത്. ധാരാളം കലാകാരന്മാർക്കിടയിൽ ജീവിക്കാൻ ഭാഗ്യം കിട്ടിയവരാണ് നമ്മൾ. കാതൽ (പ്രണയം) എന്ന ഒന്നാണ് കലാകാരനെ വളർത്തുന്നത്. മണിരത്നം താൻ റൊമാൻ്റിക്കാണെന്ന് പറയാറേ ഇല്ല. കമൽ താൻ റൊമാൻ്റിക്കാണെന്ന് പറയും. പൊന്നിയിൻ സെൽവനു വേണ്ടി നായികമാരെ (ഐശ്വര്യാ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധൂലിപാല) ലഡു ലഡുവായിട്ടാണ് മണി തിരഞ്ഞെടുത്തിരിക്കുന്നത്. നന്ദിനി, കുന്ദവൈ, പൂങ്കുഴലി... എല്ലാവരെയും പ്രേമിക്കാം. ലോകം മുഴുവൻ ഇന്ന് ഈ പൊന്നിയിൻ സെൽവനെ കുറിച്ച് ചർച്ച ചെയ്യുന്നു. ഇന്ത്യയെ മാത്രമല്ലാ, ലോകത്തിൻ്റെ തന്നെ ശ്രദ്ധ നമ്മളിലേക്ക് തിരിക്കാൻ കാരണ ഭൂതനായി മണിരത്നം." എന്ന് പറഞ്ഞു.




ട്രെയിലർ പ്രകാശനം ചെയ്തു കൊണ്ട് കമലഹാസൻ ഇങ്ങനെ പറഞ്ഞു:...




" മികച്ച കലാകാരന്മാർക്കൊപ്പം ജോലി ചെയ്യാൻ എനിക്ക് അവസരങ്ങൾ കിട്ടി. ഇതു പോലുള്ള ചില ചിത്രങ്ങൾ എൻ്റെ കൈ വിട്ടു പോയിട്ടുമുണ്ട്. പൊന്നിയിൻ സെൽവൻ എന്ന വലിയ കാൻവാസിലുള്ള സിനിമ സംവിധാനം ചെയ്തിട്ട് ഒന്നുമറിയാത്ത പോലെ അദ്ദേഹം ശാന്തനായിട്ടിരിക്കുന്നു.ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന് ഊഹിക്കാൻ കഴിഞ്ഞു. ദുബായിൽ വെച്ച് യാദച്ഛികമായി ഏ.ആർ.റഹ്മാൻ്റെ ഓർക്കസ്ട്രയിൽ ഇതിലെ പാട്ടുകൾ കേൾക്കാനുള്ള അവസരം എനിക്ക് ലഭിച്ചു.  ഇതിൽ അസൂയപ്പെടാൻ സമയമില്ല. ജീവിതം ശുഷ്‌കമാണ്. അതിൽ നിന്നു കിട്ടുന്ന അവസരങ്ങൾ ഒന്നിച്ച് ആസ്വദിക്കണം.പ്രേമമോ വീരമോ എന്ന് ചോദിച്ചാൽ പ്രണയത്തോട് ചേർന്ന വീരം വേണം എന്നു ഞാൻ പറയും. പ്രണയവും വീരവും കൂടാതെ തമിഴ് സംസ്കാരമില്ല. ആ രണ്ടു ഘടകങ്ങളാണ് നമ്മെ ഇവിടെ എത്തിച്ചിരിക്കുന്നത്. ഭക്തി മാർഗം പിന്നീട് വന്നതാണ്.


ലോക സുന്ദരി ഐശ്വര്യാ റായ് തന്നെയാണെന്ന് ഈ സിനിമയിലൂടെ മണിരത്നം വീണ്ടും കാണിച്ചു തരുന്നു. ഇത് ചോളർക്കു മാത്രമല്ല തമിഴ് സിനിമക്കും സുവർണ്ണ കാലമാണ്. ഇത് നമ്മൾ ഉയർത്തി പിടിക്കണം. അതിന് ഈ വേദിയിൽ എനിക്ക് അവസരം ലഭിച്ചതിൽ നന്ദിയോടെ ഞാൻ ഇവർക്ക് ആശംസകൾ നേരുന്നു. ഇനിയും പല വിജയ വേദികൾ മണിരത്നത്തിനായി കാത്തിരിക്കുന്നുണ്ട്. അതിൽ എനിക്കും ഒരു പങ്കുണ്ടാവണം എന്ന അത്യാഗ്രഹം എനിക്കുണ്ട്. ഇതു പോലൊരു ചരിത്ര സിനിമ എടുക്കാനാവില്ല എന്ന ഭയം എല്ലാവർക്കുമുണ്ട്. മണിരത്നത്തിനും ആ ഭയം ഉണ്ടായിരുന്നിരിക്കാം. വീരം എന്നാൽ എന്താണെന്ന് അറിയാമോ?... ഭയം ഇല്ലാത്ത പോലെ അഭിനയിക്കുന്നതാണ്. വീരത്തോടെ സാഹസികമായി മണിരത്നം ഈ സിനിമ പൂർത്തിയാക്കി അഭിനന്ദനങ്ങൾ..."



' പി എസ് 2 ' വിലെ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഏ.ആർ.റഹ്മാൻ     ടീമിൻ്റെ ഗാനമേള ചടങ്ങിൻ്റെ ആകർഷക ഘടകമായിരുന്നു.അഞ്ചു ഭാഷകളിൽ എത്തുന്ന ' പിഎസ് 2 ' വിലെ മലയാള ഗാനങ്ങൾ രചിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദാണ് . ഇതിൻ്റെ മേക്കിങ് വീഡിയോയും നിർമ്മാതാക്കൾ പുറത്തു വിട്ടു. ട്രെയിലറിനും ഗാനങ്ങൾക്കുമൊപ്പം മേക്കിങ് വീഡിയോയും ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ഹൃദയത്തിൽ ഏറ്റുവാങ്ങി വൈറലായിരിക്കയാണ്. ' *പിഎസ് 1*'- ൻ്റെ ട്രെയിലറിനേക്കാൾ പതിന്മടങ്ങ് വരവേൽപ്പാണ് ' *പിഎസ് 2* '- ൻ്റെ ട്രെയിലറിനും ഗാനങ്ങൾക്കും ലഭിച്ചിരിക്കുന്നത്. മലയാളം ട്രെയിലർ മാത്രം ഒരു ദിവസം കൊണ്ട് മൂന്ന് ലക്ഷത്തോളം കാഴ്ചക്കാരെ നേടി കത്തിക്കയറി കൊണ്ടിരിക്കയാണ് എന്നത് സിനിമക്കായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നു എന്നതിൻ്റെ ദൃഷ്ടാന്തമാണ്.


ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന, വൻബജറ്റിൽ ഒരുക്കിയ , കഴിഞ്ഞ ഭാഗത്തിൽ ബാക്കി വെച്ച സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന പൊന്നിയിൻ സെൽവൻ്റെ രണ്ടാം ഭാഗമായ ' പി എസ് 2 ' ഏപ്രിൽ 28നാണ് തമിഴ്, മലയാളം,തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റീലീസ് ചെയ്യുക. ശ്രീ ഗോകുലം മൂവിസാണ് കേരളത്തിലെ വിതരണക്കാർ. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാറായ് ബച്ചൻ, തൃഷ , റഹ്മാൻ, പ്രഭു, ജയറാം, ലാൽ, ശരത് കുമാർ, വിക്രം പ്രഭു , പ്രകാശ്  രാജ് , കിഷോർ, ബാബു ആൻ്റണി, റിയാസ് ഖാൻ , അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിങ്ങനെ വലിയൊരു താര നിരയെ അണിനിരത്തിയാണ് സാങ്കേതിക മികവോടെ മണിരത്നം ഈ ചരിത്ര സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. സംവിധായകൻ ഷങ്കർ രാമകൃഷ്ണനും , റഫീക് അഹമ്മദുമാണ് മലയാളം ' പൊന്നിയിൻ സെൽവൻ 2 ' നു വേണ്ടി യഥാക്രമം സംഭാഷണവും ഗാനരചനയും നിർവഹിച്ചിരിക്കുന്നത്. രവി വർമ്മനാണ് ഛായഗ്രാഹകൻ. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും തോട്ടാ ധരണി കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. ബൃന്ദയാണ് നൃത്ത സംവിധായിക.


സി.കെ.അജയ്കുമാർ .

( പി.ആർ.ഓ )

No comments:

Powered by Blogger.