സാൽമണിലെ ആദ്യ മലയാള ലിറിക്കൽ വിഡിയോ സോംങ് മെയ് പതിമൂന്നിന് ഏഴിന് പുറത്തിറങ്ങും.


ഏഴ് ഭാഷകളില്‍ പുറത്തിറങ്ങാനിരിക്കുന്ന ത്രിഡി ചിത്രം സാല്‍മണിലെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ മെയ് 13ന് വൈകിട്ട് ഏഴ് മണിക്ക് റിലീസ് ചെയ്യും.  

സിതാര കൃഷ്ണകുമാറും സൂരജ് സന്തോഷും ആലപിക്കുന്ന ഗാനമാണ് പുറത്തുവരുന്നത്. തമിഴിന് പുറമേ സാല്‍മണിലെ പുറത്തുവരുന്ന ആദ്യ മലയാള ഗാനമെന്ന പ്രത്യേകതയും ഈ പാട്ടിനുണ്ട്. നേരത്തെ രണ്ട് ലിറിക്കല്‍ വീഡിയോകളും തമിഴ് ഗാനങ്ങളാണ് പുറത്തിറങ്ങിയത്. പ്രണയ ദിനത്തിലും വിജയ് യേശുദാസിന്റെ ജന്മദിനത്തിലുമായിരുന്നു ആദ്യ രണ്ട് ഗാനങ്ങളുടേയും ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയത്. 
സാല്‍മണ്‍ ത്രി ഡിയിലെ നായകന്‍ വിജയ് യേശുദാസും മീനാക്ഷി ജസ്വാളുമാണ് ഈ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.

" രാവില്‍ വിരിയും.... "  എന്നു തുടങ്ങുന്ന നവീന്‍ മാരാരുടെ വരികള്‍ക്ക് ശ്രീജിത്ത് എടവനയാണ് സംഗീതം നല്കിയിരിക്കുന്നത്. ടി സീരിസ് ലഹരിയാണ് ഗാനങ്ങള്‍ സംഗീത പ്രേമികളിലേക്ക് എത്തിക്കുന്നത്. 
ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളിയായ ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രി ഡി റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് സാല്‍മണ്‍. എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷാജു തോമസ് , ജോസ് ഡി പെക്കാട്ടില്‍, ജോയ്‌സ് ഡി പെക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സാല്‍മണ്‍ ത്രി ഡി ഏഴു ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യും.

ചിത്രത്തിന് 15 കോടി രൂപയാണ് ബജറ്റ്.
ജനിച്ചു വീഴുമ്പോള്‍ തന്നെ അനാഥരാകുകയും പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്ത് കടല്‍ മാര്‍ഗ്ഗം ഭൂഖണ്ഡങ്ങള്‍ മാറിമാറി സഞ്ചരിക്കുകയും ചെയ്യുന്ന അപൂര്‍വ്വ സവിശേഷതകളുള്ള സാല്‍മണ്‍ മത്സ്യത്തിന്റെ പേരാണ് സിനിമയ്ക്ക് നല്കിയിരിക്കുന്നത്. ഇതേ രീതിയില്‍ പ്രതികൂല അന്തരീക്ഷം തരണം ചെയ്യുന്നതും ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിലുള്ള സംഭവ ഗതികളുമാണ് ചിത്രത്തിന്റെ പ്രമേയം.
തമിഴ്, മലയാളം ഭാഷകള്‍ക്ക് പുറമേ കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലാണ് സാല്‍മണ്‍ പുറത്തിറങ്ങുന്നത്. 

No comments:

Powered by Blogger.