ഷാനുസമദിന്റെ കഥ : വേട്ട .


"ഇപ്പോൾ എങ്ങനെയുണ്ട്?"

കഥ : വേട്ട .
...................

ഷാനുസമദ് 

ഡോക്ടറുടെ അടുത്ത് നിന്ന് ഡിസ്ചാർജ് വാങ്ങി ഇരിക്കുമ്പോഴാണ് എസ് ഐ ചോദിച്ചത്

"കാലിനു കുറച്ചു വേദനയുണ്ട്"

"എന്താ ഉണ്ടായത്?"

"ഞങ്ങൾ വരുമ്പോൾ ബൈക്ക് പെട്ടന്ന് തെന്നി വീണതാണ്..
സാറെ രഘു?"

"രഘു....!"എസ് ഐ ഒന്ന് നിർത്തി

"സാറെ രഘു...?"

"ആരാണ് വണ്ടി ഓടിച്ചത്?"

"രഘു ആണ് സാറെ,
അവനു  എങ്ങനെയുണ്ട് സാറെ? വല്ലതും പറ്റിയോ?"

"നിങ്ങളെന്തിനാ ആ വളഞ്ഞ വഴിക്കു വന്നത്?"

"പോലീസിനെ പേടിച്ചിട്ടാ സാറെ,"

"മദ്യപിച്ചിട്ടുണ്ടായിരുന്നല്ലേ?"

"സാറെ..."

"രണ്ടു പേരും?"

"ഇല്ല സാറെ രഘു മാത്രം,
ഞാൻ അവനോട് പറഞ്ഞത് ആണ് സാറെ കുടിച്ചിട്ട് വണ്ടിയോടിക്കണ്ടാന്ന്, അവനു എങ്ങനെയുണ്ട് സാറേ..?"

"താൻ പറഞ്ഞിട്ട് കേട്ടില്ലല്ലോ, അവന്റെ വിധി.."
"സാറെ.... അയാൾ നിലവിളിച്ചു ആശുപത്രിയുടെ മരബെഞ്ചിൽ തലകുമ്പിട്ടിരുന്നു

"സാറെ എനിക്കവനെ ഒന്ന് കാണാൻ പറ്റോ?"

പോസ്റ്റ്‌മാർട്ടം കഴിഞ്ഞു മെഡിക്കൽകോളേജിൽ നിന്നു കൊണ്ടുപോയി,
ഇവിടെ കൊണ്ട് വരുമ്പോൾ തനിക്ക് ബോധം ഉണ്ടായില്ലല്ലോ"

അയാൾ ഒന്നും മിണ്ടാതെ തലകുനിച്ചു കരഞ്ഞിരുന്നു
"ടോ"
എസ്‌ഐ വിളിച്ചപ്പോൾ അയാൾ തല ഉയർത്തി പോലും നോക്കാതെ കരഞ്ഞു കൊണ്ടിരുന്നു

"സാറെ കരഞ്ഞോട്ടെ രാവിലെ  കൂടെ ഉണ്ടായിരുന്ന ഒരാൾ ആണ് മരിച്ചത്, അതും ഏറ്റവും അടുത്ത കൂട്ടുകാരൻ, "കൂടെയുള്ള പോലീസ്കാരനാണ് അത് പറഞ്ഞത്

എസ്‌ഐ ഒന്ന് മൂളി കൊണ്ട്  നടന്നു
"അയാൾ കുടിച്ചിട്ടുണ്ടായിരുന്നില്ല എന്നല്ലേ ഡോക്ടർ പറഞ്ഞത്,അയാളുടെ ഡീറ്റെയിൽസ് എടുത്തു പറഞ്ഞു വിട്ടോളു,"

പോലീസുകാരൻ അയാളിൽ നിന്ന് മൊഴി എടുത്തു
"സാറെ എനിക്കവനെ ഒന്ന് കാണാൻ പറ്റോ?"

" ബോഡി പോസ്റ്റ്‌ മാർട്ടം കഴിഞ്ഞു വീട്ടിൽ കൊണ്ട് പോയിട്ടുണ്ട്"

"സാറെ ഞാൻ ഒന്ന് പോയി കണ്ടോട്ടെ..?"

"ഇതിലൊന്ന് ഒപ്പിട്ടിട്ട് പൊയ്ക്കോളൂ"

പോലീസുകാരൻ നീട്ടിയ പേപ്പറിൽ അയാൾ ഒപ്പിട്ട് കൊടുക്കുമ്പോഴും അയാളുടെ കണ്ണ് നിറഞ്ഞൊഴുകിയിരുന്നു,

അയാൾ പുറത്തിറങ്ങി നടന്നു

ഓട്ടോയിൽ വീട്ടിലേക്കു വന്നിറങ്ങിയ അയാളെ ഭാര്യ ദേഷ്യവും സങ്കടവും കൊണ്ടാണ് വരവേറ്റതു

"ജയേ..?"

അയാളുടെ വിളി മൈൻഡ് ചെയ്യാതെ 
അവൾ  തിരിഞ്ഞു ദേഷ്യത്തിൽ അകത്തേക്ക് കയറിപ്പോയി

അയാൾ പുറത്തെ കിണറ്റിൽ നിന്നും വെള്ളം കോരി തലയിൽ ഒഴിച്ചു

കണ്ണീരും വെള്ളവും അയാളുടെ ശരീരത്തിലെ വസ്ത്രങ്ങളിലൂടെ ഒഴുകിയിറങ്ങി

അകത്തു കയറിയ അയാൾ വസ്ത്രം മാറുന്നതിനിടയിൽ  ജയയെ നോക്കി

മകളെചേർത്തുപിടിച്ചു കരയുന്നതിനിടയിലും അവൾ അയാളെ ദേഷ്യത്തിൽ തന്നെ നോക്കി നിൽക്കുകയായിരുന്നു

"എട്ടും പൊട്ടും തിരിയാത്ത സ്വന്തം കുഞ്ഞിനെ.... അങ്ങനെ ഒരുത്തന്റെ കൂടെ വീണ്ടും കൂട്ട് കൂടി കുടിക്കാൻ പോയിരിക്കുന്നു...' 
അയാൾ ഷർട്ട്‌ മാറി പുറത്തിറങ്ങുന്നതിനിടയിലാണ് അവളതു പറഞ്ഞത്

അയാളതിനു മറുപടി പറയാതെ മുറ്റത്തേക്കിറങ്ങി

"മകളെ പീഡിപ്പിച്ചവന്റെ കൂടെ കുടിച്ചു കൂത്താടിയ  നിങ്ങൾ ഒരച്ചണാനാണോ? ആ മൃഗത്തിന്റെ കൂടെ നിങ്ങൾക്കും ചാവായിരുന്നില്ലേ.."

അയാൾ അതിനും മറുപടി പറഞ്ഞില്ല 

"അയാൾക്ക് ദൈവം കൊടുത്ത കൂട്ടത്തിൽ നിങ്ങൾക്കും കൊടുക്കായിരുന്നില്ലെന്ന് പ്രാത്ഥിക്കാ ഞാനും എന്റെ മോളും"

അയാൾ ഒന്നും മിണ്ടാതെ അവളെ നോക്കി,
പിന്നെ 
പോക്കറ്റിൽ നിന്ന് ഒരു ബീഡിയെടുത്ത്  വായിൽ വെച്ച് തീപ്പെട്ടി തപ്പി,
തീപ്പെട്ടി കാണാതായപ്പോൾ അയാൾ അത് ചുണ്ടിൽ വെച്ച് നടന്നു

അധികമാരും വരാത്ത ആ വഴിയിലൂടെ പോകാമെന്നു രഘുവിനോട് പറഞ്ഞത് അയാളായിരുന്നു, ആരുമില്ലാത്ത റോഡിന്റെ വളവിലൂടെ ബൈക്ക് തിരിക്കുമ്പോൾ
രഘുവിന്റെ ബൈക്കിന്റെ ബാലൻസ് തെറ്റിച്ചതും അയാളായിരുന്നു
റോഡിലേക്ക് വീണ രഘുവിനെ വലിച്ചിഴച്ചു കൊണ്ട് പോയി അടുത്തുള്ള സർവേ കല്ലിൽ തല ഇടിച്ചു പിളർക്കുമ്പോൾ
"എന്റെ  കുഞ്ഞുമോളെ നിന്റെയും മോളായി കരുതേണ്ടതല്ലെടാ പന്നീ..."
എന്ന് പറഞ്ഞത് മരണ വെപ്രാളത്തിന് മുൻപു വ്യകതായി രഘു കേട്ടത് ദയനീയമായ അവന്റ മുഖത്തു അയാൾ കണ്ടിരുന്നു

അയാൾ രഘുവിന്റെ വീടെത്തും മുൻപേ തന്നെ രഘുവിന്റെ ചിത കത്തിയോടുങ്ങാറായിരുന്നു
കുറച്ചാളുകൾ അകലെയിരിപ്പുണ്ട്
ചിതക്കരുകിൽ ആരും ഇല്ല,
അയാൾ കുറച്ചു നേരം കത്തിയമർന്നവസാനിക്കറായ ചിതയിൽ നോക്കി നിന്നു
പിന്നെ ചുണ്ടിലെ ബീഡിയെടുത്ത്  ചിതയിലെ തീക്കനലുകളിൽ നിന്നു തീ പിടിപ്പിച്ചു 
കത്തിയ ബീഡിയും ചുണ്ടിൽ വെച്ച് അയാൾ പുകയൂതി പുറത്തേക്ക് നടന്നു ...

ഷാനുസമദ് 
( സംവിധായകൻ ) 
 

No comments:

Powered by Blogger.