ത്രസിപ്പിക്കുന്ന മാനിപ്പുലേഷൻ പോസ്റ്ററുമായി ടിനു പാപ്പച്ചന്റെ " അജഗജാന്തരം " .
വ്യത്യസ്തമായ പേരുകൊണ്ട് നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്ന "അജഗജാന്തരം" ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് കിടിലൻ പോസ്റ്ററുകൾ പുറത്തിറക്കിയാണ്. ഇതുവരെ പുറത്തിറങ്ങിയ എല്ലാ പോസ്റ്ററുകളും ഒന്നിനൊന്നു മികച്ചവയും വളരെ വ്യത്യസ്തവും ആയിരുന്നു. അമൽ ജോസ് ആണ് അജഗജാന്തരത്തിന്റെ ടൈറ്റിൽ & പോസ്റ്റർ ഡിസൈൻ കൈകാര്യം ചെയ്യുന്നത്.
പൂരപ്പറമ്പും, ആൾക്കൂട്ടങ്ങളും ആനയും ഉൾപ്പെട്ട രാത്രികാലദൃശ്യങ്ങളാണ് ചിത്രത്തിൽ ഏറെയും. സിനിമ ഭൂരിഭാഗവും നടക്കുന്നത് രാത്രിയിലായതിനാൽ സംവിധായകന്റെ നിർദ്ദേശാനുസരണം മാനിപ്പുലേഷൻ പോസ്റ്ററുകൾ തയ്യാറാക്കുക എന്നതായിരുന്നു അമലിന്റെ തീരുമാനം. പോസ്റ്ററുകളിൽ ആനയുടെ ഫോർമേഷനിൽ കഥാപാത്രങ്ങളുടെ സ്വഭാവം അതേപടി നിലനിർത്തിക്കൊണ്ട്, പ്രധാന കഥാപാത്രങ്ങൾ നിറഞ്ഞുനിൽക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കുക എന്നതിൽ അമൽ ജോസ് വിജയിച്ചു എന്നതിന്റെ തെളിവാണ് പോസ്റ്ററുകൾക്ക് സോഷ്യൽ മീഡിയകളിൽ ലഭിക്കുന്ന വലിയ സ്വീകാര്യത.
ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളിൽ മുൻപന്തിയിലുള്ള ചിത്രമാണ് അജഗജാന്തരം. അത്തരം പ്രതീക്ഷകൾക്ക് ഊർജ്ജം പകരുന്ന വിധത്തിലുള്ളതായിരുന്നു അജഗജാന്തരത്തിന്റെ ഒഫീഷ്യൽ പോസ്റ്ററുകൾ. വയനാട് മാനന്തവാടി സ്വദേശിയായ അമൽ ജോസ് മൂന്ന് വർഷങ്ങളായി പോസ്റ്റർ ഡിസൈൻ മേഖലയിൽ സജീവമാണ്. സംവിധായകൻ ടിനു പാപ്പച്ചനാണ് ചിത്രത്തിന്റെ ടൈറ്റിൽ, പോസ്റ്റർ ഡിസൈനുകൾക്കായി അമലിനെ ചുമതലപ്പെടുത്തിയത്.
തൊട്ടതെല്ലാം പൊന്നാക്കിയ ആന്റണി വർഗ്ഗീസിന്റെ ആദ്യ ബിഗ്ബജറ്റ് ചിത്രമായ 'അജഗജാന്തരം' മെയ് 28-നാണ് കേരളമെമ്പാടുമുള്ള തിയെറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മുൻപ് കോവിഡ് നിയന്ത്രണങ്ങളോടെ തീയേറ്ററുകൾ പ്രദർശനം ആരംഭിച്ച സാഹചര്യത്തിൽ റിലീസിന് തയാറെടുത്തിരുന്നെങ്കിലും സെക്കൻഡ് ഷോ അനുവദിക്കാത്തതിനാൽ റീലീസ് മാറ്റി വെയ്‌ക്കുകയായിരുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിട്ടുള്ളതിനാൽ, വലിയ ബജറ്റിലാണ് ചിത്രം പൂർത്തിയാക്കിയിട്ടുള്ളത്.
'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ആന്റണി പെപ്പെയും ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അജഗജാന്തരം. ആന്റണി വർഗ്ഗീസിനെ കൂടാതെ അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിനേതാക്കൾ കൂടിയായ കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരാണ് തിരക്കഥ ഒരുക്കിയത്. സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് ഗോകുൽ ദാസ്, വസത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റണ്ട് സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് കണ്ണൻ എസ് ഉള്ളൂർ, പ്രൊഡക്ഷൻകൺട്രോളർ ബാദുഷ, പി ആർ ഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ്.
No comments: