ടോവിനോ തോമസിന്റെ " കള " മാർച്ച് 25ന് റിലീസ് ചെയ്യും.



മലയാളത്തില്‍ പുതുമകളും പരീക്ഷണങ്ങളുമായി പുറത്തിറങ്ങുന്ന ചലച്ചിത്രങ്ങള്‍ സ്വീകരിക്കാനും തയ്യാറാകണമെന്ന് ടോവിനോ തോമസ്. 
രോഹിത് സംവിധാനം നിര്‍വഹിച്ച സിനിമ 'കള'യുടെ റിലീസിംഗുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തിയേറ്ററുകളില്‍ വ്യത്യസ്തമായ അനുഭവമായിരിക്കും സിനിമ സമ്മാനിക്കുകയെന്ന് സംവിധായകന്‍ രോഹിത് പറഞ്ഞു. 

തന്റെ ആദ്യ 'എ' സിനിമയാണ് കളയെന്ന് ടോവിനോ പറഞ്ഞു. കളയ്ക്ക് സെന്‍സര്‍ ബോര്‍ഡ് 'എ' സര്‍ട്ടിഫിക്കറ്റാണ് നല്കിയതെങ്കിലും 'അഡല്‍റ്റ്‌സ് ഒണ്‍ലി' പ്രതീക്ഷിച്ച് തിയേറ്ററിലേക്ക് വരേണ്ടതില്ലെന്നും അഞ്ച് മിനുട്ടിലേറെ നീളുന്ന സംഘട്ടന രംഗങ്ങളാണ് സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. 

ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ കുടുംബ ചിത്രമാണ് കളയെന്നും ഒരു കുടുംബത്തിനകത്ത് നടക്കുന്ന കാര്യങ്ങളാണ് സിനിമയെന്നും അദ്ദേഹം വ്യക്തമാക്കി. ഏതൊരു ജീവിതത്തിലുമുണ്ടാകുന്ന അനുഭവങ്ങളും വികാരങ്ങളുമൊക്കെയാണ് കളയിലുമുള്ളത്. മനുഷ്യന്‍ മാത്രമല്ല മറ്റുജീവജാലങ്ങളും പ്രകൃതിയും ഉള്‍പ്പെടെ വളരെ പ്രാധാന്യമര്‍ഹിക്കുന്നു എന്ന തരത്തിലാണ് കളയുടെ പ്രമേയം കൈകാര്യം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 

കളയുടെ ഒരു മേക്കിംഗ് വീഡിയാ താന്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും സിനിമ റിലീസ് ചെയ്തതിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ പ്രസ്തുത വീഡിയോ പുറത്തുവിടുമെന്നും ടോവിനോ പറഞ്ഞു. 

ഇബ്‌ലീസിന് ശേഷം രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. സിനിമയുടെ ചിത്രീകരണത്തിനിടെ ടോവിനോയ്ക്കും മൂറിനും പരിക്കേറ്റിരുന്നു. 
രോഹിതും യദു പുഷ്പാകരനും ചേര്‍ന്ന് തിരക്കഥയെഴുതിയ കള ജുവിസ് പ്രൊഡക്ഷന്‍സാണ് നിര്‍മിച്ചത്. ലാല്‍, ദിവ്യാപിള്ള, സുമേഷ് എന്നിവരും ബാസിഗര്‍ എന്ന നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

No comments:

Powered by Blogger.